പരിസ്ഥിതിദിനാചരണം ഇന്ന്; പതിവുപോലെ വൃക്ഷത്തൈ നടും
1565048
Thursday, June 5, 2025 6:44 AM IST
നെയ്യാറ്റിന്‍കര: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്നു നാടെങ്ങും വൃക്ഷത്തൈനടീലും പ്രതിജ്ഞയെടുക്കലും അരങ്ങേറും. അതേ സമയം, ഈ ചെടികള്‍ പരിപാലിക്കുന്നതു സംബന്ധിച്ച് തുടര്‍നടപടികള്‍ പലയിടത്തും നടക്കാറില്ലെന്നാണു നാട്ടുവര്‍ത്തമാനം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വര്ഷങ്ങള്ക്കുമുന്പു നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ സംരക്ഷണക്കുറവു കാരണം നശിച്ചുപോയ കഥ നാട്ടില്‍ പാട്ടാണ്.
നെയ്യാറ്റിന്‍കര താലൂക്കിലെ പ്രശസ്തമായൊരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ കവയിത്രി സുഗതകുമാരി നട്ടു പിടിപ്പിച്ച വൃക്ഷത്തൈ അടുത്ത ദിവസം പകലിനു മുന്‍പു തന്നെ വേരോടെ പിഴുതെടുത്ത് കളഞ്ഞതിന്റെ വിവാദവും ഇവിടത്തുകാര്‍ വിസ്മരിച്ചിട്ടില്ല. പല ശീര്‍ഷകങ്ങളില്‍ ഇന്നും പതിവുപോലെ നാട്ടില്‍ പലയിടത്തും വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലലും നടക്കും.
നെയ്യാറ്റിന്‍കര നഗരസഭയും കൃഷി ഭവനും സംയുക്തമായി നടത്തുന്ന പരിസ്ഥിതി ദിനാചരണം ഊരൂട്ടുകാല ഗവ. എംടി എച്ച്.എസില്‍ നടക്കും. സെന്റ് തെരേസാസ് എല്‍പി സ്കൂളിലും ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രാവിലെ പത്തിനു ചേരുന്ന പരിസ്ഥിതി ദിനാഘോഷം ബാലാവകാശ കമ്മിഷന് അംഗം ഡോ. എഫ് വില്‍സണ്‍ ഉദ്ഘാടനം ചെയ്യും.