ഫയര്‍ഫോഴ്സ് വാഹനം തടഞ്ഞ യുവാവിനെതിരേ പരാതി
1564508
Tuesday, June 3, 2025 6:13 AM IST
മെഡിക്കല്‍കോളജ്: ഫയര്‍ഫോഴ്സിന്റെ വാഹനത്തെ തടയുകയും ഉദ്യോഗസ്ഥര്‍ക്കുനേരേ കയര്‍ക്കുകയും ചെയ്ത യുവാവിനെതിരേ പോലീസില്‍ പരാതി നല്കി.
ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആക്രോശിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന ആള്‍ക്കെതിരേയാണ് ഉദ്യോഗസ്ഥര്‍ പട്ടം ട്രാഫിക് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂണ്‍ ഒന്നിന് വൈകുന്നേരമാണ് സംഭവം.
കാര്യവട്ടം എന്‍ജി. കോളജിനു സമീപം മരം വീണതറിഞ്ഞ് അവിടേക്ക് പോകുകയായിരുന്ന ചാക്ക സ്റ്റേഷനിലെ മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തെയും സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെയുമാണ് ശ്രീകാര്യം ജംഗ്ഷനു സമീപത്തുവച്ച് സ്കൂട്ടര്‍ യാത്രികനായ ആള് തടഞ്ഞത്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് സംശയിക്കുന്നു.
അപകടകരമായ രീതിയില്‍ അമിതവേഗത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടര്‍ കൈകാര്യം ചെയ്യുന്നതു കണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ഫയര്‍ഫോഴ്സിന്റെ വാഹനത്തിലിടിക്കുമെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ പറഞ്ഞത്.
ഇതോടെ ഇയാള്‍ സ്കൂട്ടര്‍ നിര്‍ത്തി ഫയര്ഫോഴ്സ്വാഹനത്തെ തടയുകയും ആക്രോശിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതു സംബന്ധിച്ചാണ് ചാക്ക സ്റ്റേഷന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.