പീസ് ഫെസ്റ്റ് 2024 സമാപിച്ചു
1492621
Sunday, January 5, 2025 6:02 AM IST
വെള്ളറട : വെള്ളറട കൂനിച്ചി കാര്‍മല്‍ ഹില്‍ ഇക്കോ പില്‍ഗ്രിം കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 24 ന് ആരംഭിച്ച പീസ് ഫെസ്റ്റ്- 2024 സമാപിച്ചു. തെക്കന്‍ കുരിശുമല സംഗമ വേദിയിലും കൂനിച്ചി കാര്‍മല്‍ ഹില്‍ ഇക്കോ ടൂറിസം കേന്ദ്രത്തിലുമായിട്ടാണ് ഫെസ്റ്റ് നടന്നത്. ആഘോഷമായ ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍,
വിവിധ ഇടവകകളും, സഭാ വിഭാഗങ്ങളും നേതൃത്വം നല്കിയശുശ്രുഷകള്, സാംസ്കാരിക സംഘടനകള്‍ അവതരിപ്പിച്ച കലാവിരുന്നുകള്‍, സിംപോസിയം, വിവിധ സമ്മേളനങ്ങള്‍, ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്, കായിക മത്സരങ്ങള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവ ചടങ്ങിന് വര്‍ണാഭമായിരുന്നു.
സമാപന ശുശ്രൂഷകള്‍ക്ക് തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സമാധാനത്തിന് ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ പ്രഭുവായി ലോകത്തിലേയ്ക്ക് കടന്നുവന്ന യേശുവിന്റെ സന്ദേശം പരിഹാരമാണെന്നും ഇത്തരം സമാധാനോത്സവങ്ങള് മുറിവേറ്റ മാനവ ഹൃദയങ്ങള്‍ക്ക് ആശ്വാസവും, ഔഷധവുമാണെന്നും സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഹെന്സിലിന് ഒസിഡി വചന സന്ദേശം നല്കി. ഫാ.അരുണ്‍ പി. ജിത്ത് സ്വാഗതവും, ജനറല്‍ കോര്‍ഡിനേറ്റര്‍ ടി. ജി. രാജേന്ദ്രന് നന്ദിയും പറഞ്ഞു. തെക്കന്‍ കുരിശുമല തീര്‍ഥാടന കമ്മിറ്റിയും, തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളും പീസ് ഫെസ്റ്റ് 2024 ന് നേതൃത്വം നല്കി.