കലയിൽ ആറാടി അനന്തപുരി...
1492653
Sunday, January 5, 2025 6:13 AM IST
തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു.
14 ജില്ലകളില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും (ഹൈക്കോടതി -23, മുന്‍സിഫ് കോടതി - 5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്സ് മുഖാന്തരം 146, ബാലാവകാശ കമ്മീഷന് വഴി വന്ന ഒരിനവും അടക്കം 189 ഇനങ്ങള്‍ അധികമായി മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മത്സരങ്ങളും ഹയര്‍ സെക്കൻഡറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്നു നടന്നു. ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം,
അറബന മുട്ട്, ഉറുദു ഗസല്‍ ആലാപനം മത്സരങ്ങളും അരങ്ങേറി. ഹൈസ്കൂള്‍ വിഭാഗത്തിലെ മാര്‍ഗംകളി, സംസ്കൃത നാടകം, അറബനമുട്ട്, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മല്‍സരങ്ങള്‍ നടന്നു. അറബിക് കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഖുര്‍ ആന്‍ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. സംസ്കൃത കലോത്സവത്തില്‍ ഹൈസ്കൂൾ വിഭാഗത്തില്‍ അഷ്ടപദി,
പദ്യംചൊല്ലല്‍, സമസ്യാപൂരണം, പ്രശ്നോത്തരി ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ കാര്‍ട്ടൂണ്‍, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മല്‍സരങ്ങളും നടന്നു. വേദികളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്.
വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നും എത്തിയ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 27 ഇടങ്ങളില്‍ താമസ സൗകര്യം ഒരുക്കി. കിഴക്കേ കോട്ടയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം വരുംദിവസങ്ങളിലും തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ആദ്യദിനം പുത്തരിക്കണ്ടത്തെ ഭക്ഷണ പന്തലില്‍ രാവിലെയും ഉച്ചയ്ക്കുമായി ഇരുപത്തി നാലായിരത്തിലധികം പേര് ഭക്ഷണം കഴിച്ചു. പ്രഭാത ഭക്ഷണമായി പുട്ടും കടലയും ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും പുത്തരിക്കണ്ടത്ത് ഒരുക്കിയിരുന്നു.
കുടിവെള്ളമൊരുക്കി പോലീസ്
തിരുവനന്തപുരം: കലോത്സവ നഗരിയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ ശുദ്ധജലവും പഴങ്ങളും നല്കി കേരള പോലീസ്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ആന്‍ഡ് പോലീസ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അഞ്ചുദിവസം ലഘുഭക്ഷണവും പഴങ്ങളും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യുന്നത്.
ഉദ്ഘാടന ദിനമായ ഇന്നലെ രാവിലെ മുതല്‍ വാഴപ്പഴവും ഓറഞ്ചും ജീരകവെള്ളവും നല്കി. വൈകുന്നേരം ചുക്കുകാപ്പിയും ഏത്തപ്പഴം പുഴുങ്ങിയതും വിതരണം ചെയ്തു. ഇന്നു രാവിലെ മുതല്‍ കുടിവെള്ളവും ഐസ്ക്രീമും തണ്ണിമത്തനും വൈകുന്നേരം കപ്പ പുഴുങ്ങിയതും ചുക്കുകാപ്പിയും വിതരണം ചെയ്യും.
കലോത്സവത്തിന്റെ അവസാനദിനം വരെ സ്റ്റാളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള സേവനവിഭാഗങ്ങള്ക്കും ലഘുഭക്ഷണം നല്കുമെന്നു സംഘാടകര്‍ അറിയിച്ചു.
കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്കുശേഷം മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. സിനിമാ-സീരിയല്‍ താരവും മെഡിക്കല്‍ കോളജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ- സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും വീണാ ജോര്‍ജ് പിജിക്കുമാണ് അന്ന് വിമന്‍സ് കോളജില്‍ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു. വിമന്‍സ് കോളജിലെ പഠനം കഴിഞ്ഞ് വളരെ ക്കാലങ്ങള്ക്കു ശേഷമാണ് ഇവര്‍ ഒരുമിച്ച് ഒത്തുകൂടുന്നത്. മനോഹരമായ ഓര്‍മകളാണ് ഉള്ളത്.
യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സ്കിറ്റ്, ഡാന്‍സ്, മൈം തുടങ്ങിയവയില്‍ പങ്കെടുത്ത വലിയ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഈ കലോത്സവ വേദി. ഇവിടത്തെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തപ്പോള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഇപ്പോഴും ഓര്‍ക്കുന്നു. ഇവിടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കുമ്പോഴും കര്ട്ടന് ഉയരുമ്പോഴും ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും പഴയകാലം ഓര്‍ത്തു പോകുന്നുവെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരികത്തനിമയുടെ ചുവടുകളുമായി സ്വാഗത നൃത്താവിഷ്കാരം
നാടിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ ചേരുവയും ചുവടുകളുമൊരുക്കി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതനൃത്തം. ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാർഥികളും പൊതു വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ചേർന്നാണ് ഉദ്ഘാടന വേദിയായ എം.ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം) സ്വാഗത നൃത്തം അവതരിപ്പിച്ചത്.
കഥകളിയും കളരിപയറ്റും മോഹിനിയാട്ടവും , ദഫ്മുട്ടും തിരുവാതിരയും ഭരതനാട്യവും, മാർഗംകളിയും നാടൻ നൃത്ത രൂപങ്ങളും കോർത്തിണക്കി കൊണ്ടുള്ള സർഗ പ്രകടനമായിരുന്നു സ്വാഗത നൃത്തം. "യുവ മലയാളം ഇവിടെയിതാകലയുടെ സ്നേഹാക്ഷരിയെഴുതാൻ സമതയൊടണയും സാഫല്യം' എന്നു തുടങ്ങുന്ന വരികളോടെ കേരളത്തിന്റെ സംസ്കാര വൈവിധ്യങ്ങളെക്കുറിച്ച് വർണിക്കുന്ന സ്വാഗത നൃത്തത്തിന്റെ ഗാനം ചിട്ടപ്പെടുത്തിയത് ശ്രീനിവാസൻ തൂണേരിയാണ് .
കാവാലം ശ്രീകുമാറാണ് സംഗീതം നൽകിയത്. കല്ലറ ഗോപൻ, കാവാലം ശ്രീകുമാർ, സരിത റാം, ഗായത്രി ജ്യോതിഷ്, അനഘ എസ് നായർ, ഹൃദ്യ ദേവി യു എസ്, കാവ്യ മാനസി എന്നിവർ ചേർന്നാണ് ആലപിച്ചത്. നൃത്തം അവതരിപ്പിച്ചവർക്ക് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരവും നൽകി.