ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് : മലപ്പുറം സ്വദേശി പിടിയില്‍
1492623
Sunday, January 5, 2025 6:02 AM IST
പേരൂര്‍ക്കട: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ സിറ്റി സൈബര്‍ ക്രൈം സംഘം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റുചെയ്തു. തിരൂരങ്ങാടി വെളിമുക്ക് പാപ്പന്നൂര്‍ പാലാഴി വീട്ടില്‍ കെ. മനു (28) ആണ് അറസ്റ്റിലായത്.
സ്റ്റോക്ക് മാര്‍ക്കറ്റിംഗ് ട്രേഡിംഗില്‍ അമിതലാഭം ഉണ്ടാക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്നു രണ്ടു കോടി രൂപ അക്കൗണ്ടില്‍നിന്നു തട്ടിയെടുക്കുകയായിരുന്നു .
എഐ സാങ്കതികവിദ്യയുടെ സഹായത്തോടെ ശബ്ദവ്യതിയാനം വരുത്തുകയും പുതിയ അറിവുകള്‍ നല്കി വിശ്വാസമാര്‍ജിക്കുകയും ചെയ്യുകയാണ് ആദ്യപടി. തുടര്‍ന്ന് സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സര്‍വീസ് ആപ്ലിക്കേഷനുകള്‍ യുവാവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ട്രേഡിംഗ് അക്കൗണ്ടാണെന്നു വിശ്വസിപ്പിച്ചായിരുന്നു 2024ല്‍ യുവാവിനെക്കൊണ്ട് മനു പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്.അന്വേഷണത്തില്‍ പ്രതിയുടെ വേരുകള്‍ കമ്പോഡിയയിലാണെന്നും ഇവിടെനിന്നാണ് നവയുഗമാധ്യമങ്ങള് വഴി പ്രതി തട്ടിപ്പുനടത്തിവന്നിരുന്നതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി വേറെയും ആള്‍ക്കാരെ സൈബര്‍ ക്രൈമിന് ഇരയാക്കിയിട്ടുണ്ടെന്നാണു സൂചന. സൈബര്‍ ക്രൈം എസി എ.ആര്. ഷാനിഹാന്റെ നേതൃത്വത്തില്‍ സിഐ പി.ബി. വിനോദ്കുമാര്‍, എസ്ഐമാരായ വി.ഷിബു, കെ.എന്‍. ബിജുലാല്‍, സിപിഒ വി.വിപിന്‍ ഉള്‍പ്പെട്ട സംഘമാണ് വിശദമായ അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.