നെയ്യാറില്‍ ഒഴുകുന്ന മാലിന്യങ്ങള്‍
1461147
Tuesday, October 15, 2024 1:20 AM IST
നെയ്യാറ്റിന്‍കര : തലസ്ഥാനജില്ലയുടെ തെക്കന്‍ പ്രദേശങ്ങളുടെ പ്രധാന ജലസ്രോതസായ നെയ്യാറില്‍ പലയിടത്തും മാലിന്യക്കൂന്പാരങ്ങള്‍. നദീ സംരക്ഷണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം ബന്ധപ്പെട്ട അധികൃതരാരും സത്വര നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം.
അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന നെയ്യാര്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിരുകള്ക്കുള്ളിലൂടെയാണ് ഒഴുകുന്നത്.
നെയ്യാറ്റിന്‍കര എന്ന പേരിന്റെ പിറവി പോലും നെയ്യാറിന് കര എന്ന അര്‍ഥത്തിന്റെ ബാക്കിപത്രമായി കണക്കാക്കപ്പെടുന്നു. ഒരുകാലത്ത് കാര്‍ഷിക സമൃദ്ധമായിരുന്ന നെയ്യാറ്റിന്‍കരയുടെ ജലക്കരുത്തായിരുന്ന നെയ്യാര്‍ പല കാരണങ്ങളാല്‍ മിക്കയിടത്തും ഗതി മാറിയൊഴുകുന്നതായി നേരത്തെ തന്നെ പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത മണലൂറ്റും നദിയുടെ കരയിടിച്ചുള്ള മണല്‍വാരലുമൊക്കെ നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചു.
നദിയുടെ പല കടവുകളും മതിയായ പരിപാലനക്കുറവിനാല് തീര്‍ത്തും ഉപയോഗശൂന്യമായി മാറി. നെയ്യാറിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളാണ് നദിയുടെ ദുരവസ്ഥയ്ക്ക് മറ്റൊരു കാരണം.
കുളിക്കാനും നനയ്ക്കാനുമെല്ലാം നദിയെ ആശ്രയിച്ചിരുന്ന ഇന്നലെകള്‍ കേവലം ഓര്‍മ്മകളാവുകയും അതേ സമയം, മദ്യപാനം ഉള്‍പ്പെടെയുള്ള ലഹരിയുപയോഗത്തിന് നദീ തീരങ്ങള്‍ വേദികളാവുകയും ചെയ്തു. മദ്യപിച്ചതിനു ശേഷം കുപ്പികളും കപ്പുകളും ഭക്ഷണാവശിഷ്ടങ്ങളും നദിയിലേയ്ക്ക് തന്നെ വലിച്ചെറിയുന്ന പ്രവണത ജലം മലീമസമാകുന്നതിനിടയാക്കുന്നു.
നദിക്കു കുറുകെയുള്ള പാലങ്ങളില്‍ നിന്ന് മാലിന്യക്കിറ്റുകള്‍ നദിയിലേയ്ക്ക് വലിച്ചെറിയുന്നതും നെയ്യാറ്റിന്‍കരയില്‍ പുതുമയുള്ള കാഴ്ചകളല്ല.
ആശുപത്രി മാലിന്യവും ഹോട്ടലുകളിലെയും മറ്റും മാലിന്യങ്ങളും നെയ്യാറിലേയ്ക്ക് ഒഴുക്കിവിടുന്നുവെന്ന ആരോപണവും മുന്‍പേ നിലവിലുണ്ട്. ഡ്രെയിനേജ് മാലിന്യവും വിവിധ മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകളിലെ മാലിന്യവും നദിയുടെ ആരോഗ്യത്തെ തളര്‍ത്തുന്നു. നദീ കയ്യേറ്റമുണ്ടെന്ന ആക്ഷേപവും കുറവല്ല. ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം നെയ്യാറിലുണ്ടെന്ന വാദഗതികള്‍ക്കും പരിഹാരം ഇപ്പോഴും അകലെയാണ്. നദീ സംരക്ഷണത്തിനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങള്‍ കേവലം കടലാസിലൊതുങ്ങി.