മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായതായി പരാതി
1458310
Wednesday, October 2, 2024 6:24 AM IST
വിഴിഞ്ഞം : തമിഴ്നാട്ടിൽ നിന്ന് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ ബോട്ടിൽ നിന്നു കടലിൽ വീണു കാണാതായതായി പരാതി. പൂവാർ, വിഴിഞ്ഞം തീര ദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ ജസ്റ്റിന്റെ മകൻ പ്രസാദ് (34) നെയാണ് കാണാതായത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെ പൂവാറിൽനിന്നു പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലായിരുന്നു സംഭവം. കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിന്റെ യഹോവ ശാലോം എന്ന ട്രോളർ ബോട്ടിൽ തേങ്ങാപ്പട്ടണത്തിൽനിന്ന് കൊച്ചിയിലേക്കു ീൻ പിടിക്കാൻ പുറപ്പെട്ട പതിനാലംഗ സംഘത്തിൽപ്പെട്ട ഒരാളായിരുന്നു പ്രസാദ്.
ബോട്ടിൻന്റെ വശത്ത് പിടിച്ചു നിന്ന പ്രസാദ് തെറിച്ചു കടലിൽ വീണതുകണ്ട സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു സംഘം വിഴിഞ്ഞം തീരദേശ പോലീസിന്റെ സഹായം തേടി. വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളും ബോട്ടുകാരും ഇന്നലെ മുഴുവൻ നടത്തിയ തിരച്ചിലും പരാജയമായി. ഇന്നു വീണ്ടും തെരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ബോട്ട് തേങ്ങാപ്പട്ടണത്തേക്കു തിരിച്ചുപോയി.