മൂന്നുവയസുകാരിക്കു നേരെ കുപ്പിയേറ്: യുവാവ് റിമാൻഡിൽ
1600199
Thursday, October 16, 2025 6:40 AM IST
പാറശാല: പൊഴിയൂരില്‍ ബിയര്‍ കുപ്പിയേറില്‍ മൂന്നു വയസുകാരിക്കു ഗുരുതര പരിക്കേറ്റസംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെട്ടുകാട് സ്വദേശി സനോജി(33)നെയാണ് ബോട്ട് ജീവനക്കാര്‍ കീഴ്പ്പെടുത്തി പോലീസിനു കൈമാറിയത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാ ദാസിനാണ് കുപ്പിയേറിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആർക്കാ ദാസിന്റെ കുടുംബം ബോട്ടിംഗ് നടത്തുന്നതിനിടെ കരയില്‍നിന്നു യുവാവ് ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു. അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന മൂന്നു വയസുകാരിയുടെ തലയില്‍ കുപ്പി വീണു പൊട്ടിയാണു പരിക്കേറ്റത്. ആറു ദിവസം മുന്‍പാണ് ഏഴംഗ കുടുംബം വിനോദ യാത്രയ്ക്ക് എത്തിയത്.
ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതിയെ പൊഴിയൂര്‍ പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു.