കാര്യവട്ടത്തിനു പിന്നാലെ ആറ്റിങ്ങലിലും കുതിപ്പുമായി അശ്വിനി
1600198
Thursday, October 16, 2025 6:40 AM IST
ആറ്റിങ്ങല്‍: കഴിഞ്ഞ വര്‍ഷം കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തില്‍ മത്സരത്തിനിടെ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട് ആശുപത്രിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ വീണ്ടും സ്റ്റേഡിയത്തിലെത്തി സ്വര്‍ണക്കുതിപ്പ് നടത്തിയ അശ്വിനി ഇക്കുറി ആറ്റിങ്ങലില്‍ നിന്നും സ്വന്തമാക്കിയത് ഇരട്ട സുവര്‍ണപതക്കം. അരുമാനൂര്‍ എംവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ എസ്. അശ്വിനി ജാവലിനിലും ഡിസ്കസിലുമാണ് സ്വര്‍ണക്കുതിപ്പ് നടത്തിയത്.
ഡിസ്കസ് ത്രോയില്‍ 27.84 മീറ്റര്‍ പായിച്ച് സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ജാവലിന്‍ ത്രോയില്‍ 25.98 മീറ്ററാണ് അശ്വിനി കണ്ടെത്തിയത്. 2024-ല്‍ കാര്യവട്ടം എല്‍എന്‍സിപിഇ ഗ്രൗണ്ടില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ത്രോ ഇനങ്ങളില്‍ മത്സരിക്കുന്നതിനിടെ ഗ്രൗണ്ടില്‍ തെന്നി വീഴുകയായിരുന്നു അശ്വിനി.
തുടര്‍ന്നു ബോധം നഷ്ടപ്പെട്ട അശ്വനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞ അശ്വിനി തുടര്‍ന്നു തിരികെ ഗ്രൗണ്ടിലെത്തി ഡിസ്കസ് ത്രോ പോരാട്ടത്തിനിറങ്ങി സ്വര്‍ണനേട്ടവുമായാണ് ഫീല്‍ഡ് വിട്ടത്. ജാവലിന്‍ ത്രോയിലും ഹാമര്‍ ത്രോയിലും വെള്ളി നേട്ടവും സ്വന്തമാക്കി ജൂണിയര്‍ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനുമായിരുന്നു.