അമ്മ നീന്തല്‍ക്കുളത്തില്‍നിന്നും മെഡല്‍ നേടിയപ്പോള്‍ മകള്‍ നടന്നു കയറിയത് പൊന്നിന് നേട്ടത്തിലേക്ക്
1600196
Thursday, October 16, 2025 6:40 AM IST
തിരുവനന്തപുരം: അമ്മ നീന്തല്‍ക്കുളത്തില്‍നിന്നും സ്വന്തമാക്കിയ മെഡലുകള്‍ കണ്ട് തനിക്കും മെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന ആഗ്രഹം തോന്നിയ മകള്‍ തെരഞ്ഞെടുത്തത് ട്രാക്ക് ഇനങ്ങള്‍. നടത്ത മത്സരത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൊന്നിന് കുതിപ്പ് സ്വന്തമാക്കി ശ്രദ്ധേയയത് ഗൗതമി കൃഷ്ണയാണ്.
അമ്മയാണ് തന്റെ പൊന്നിന് കുതിപ്പിന് പ്രചോദനമെന്നു ഗൗതമി തന്നെ പറയുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തിലാണ് പേരൂര്‍ക്കട ഗവ. എച്ച്എസ്എസിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥിനിയായ ഗൗതമി സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഗൗതമിയുടെ മാതാവ് ജിഷാറാണി 1992 ഗോവയില്‍ നടന്ന ദേശീയ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണം നേടിയിരുന്നു.
ആദ്യം ഗൗതമിയും നീന്തലിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീടാണ് നടത്ത മത്സരത്തിലേക്ക് മാറിയത്. അമ്മയുടെ മെഡല്‍ നേട്ടത്തിനു പിന്നാലെ മകളുടെ മെഡല്‍ നേട്ടത്തിന്റെ ആഹ്ലാദമാണ് ഗൗതമിയുടെ കുടുംബത്തിന്.
ഈ ഇനത്തില്‍ വെള്ളി നേട്ടം സ്വന്തമാക്കിയ അക്ഷര എസ്. പ്രശാന്തും പേരൂര്‍ക്കട സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. ജൂണിയര്‍ വിഭാഗത്തില്‍ പേരൂര്‍ക്കട സ്കൂളിലെ തന്നെ ആദിഷയ്ക്കാണ് സുവര്‍ണനേട്ടം.