12 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
1443993
Sunday, August 11, 2024 6:46 AM IST
കോവളം: പന്ത്രണ്ട് കിലോ കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ ഭാര്യയും ഭർത്താവും പോലീസ് പിടിയിൽ. നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. മുട്ടത്തറ തരംഗിണി നഗർ നിവേദ്യം വീട്ടിൽ ഉണ്ണികൃഷ്ണൻ ( 39 ) ഭാര്യ അശ്വതി ( 35) എന്നിവരാണ് ഇന്നലെ ലൈറ്റ്ഹൗസ് ബീച്ച് ഭാഗത്തു നിന്നും കോവളം പോലീസിന്റെ പിടിയിലായത്.
ദമ്പതികളിൽ നിന്നും 12.450 കിലോ ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടികൂടി. ഒഡീഷയിൽ നിന്നും കഞ്ചാവുമായി ട്രെയിനിൽ നാഗർകോവിലിൽ ഇറങ്ങിയ ഉണ്ണികൃഷ്ണൻ അവിടെ നിന്നും ബസിൽ കളിയിക്കാവിളയിൽ എത്തി ഭാര്യയെ അവിടേക്ക് വിളിച്ചുവരുത്തി.
സ്കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം ആറുപൊതികളിലാക്കി ഒളിപ്പിച്ച ബാഗുമായി സംഘം തീരദേശ റോഡുവഴി യാത്ര തുടർന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളത്ത് പോലിസ് പരിശോധന ശക്തമാക്കിയിരുന്നു. പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ദമ്പതികൾ സ്കൂട്ടർ നിർത്തിയശേഷം കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇവരെ തടഞ്ഞുനിർത്തി അന്വേഷിക്കുകയായിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസും കോവളം എസ്എച്ച്ഒ ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, നസീർ, മുനീർ, സിപിഒമാരായ ബിജു, ബൈജു ജോൺ, റാണി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.