വിഴിഞ്ഞം തീരസുരക്ഷ: പടക്കപ്പൽ ഐഎൻഎസ് കൽപ്പേനി എത്തി
1443709
Saturday, August 10, 2024 6:51 AM IST
വിഴിഞ്ഞം: വിഴിഞ്ഞം തീരത്തിന്റെ സുരക്ഷയന്വേഷിക്കാൻ നാവികസേനയുടെ അത്യാധുനിക പടക്കപ്പൽ ഐഎൻഎസ് കൽപ്പേനി തുറമുഖത്തു നങ്കൂരമിട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതോടെ തീരത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ എട്ടോടെ വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖത്തടുത്ത കൽപ്പേനിയെ പോർട്ട് പർസർ വിനുലാൽ, പോർട്ട് അസിസ്റ്റന്റ് കൺസർവേറ്റർ അജീഷ് എന്നിവർ ചേർന്നു പുതിയ വാർഫിലേക്ക് ആനയിച്ചു.
അത്യാധുനിക തോക്കുകളും റഡാർ ഉൾപ്പെടെ മികച്ച സംവിധാനങ്ങളുമുള്ള കൽപ്പേനി കടൽകൊള്ളക്കാർക്കും പേടിസ്വപ്നമാണ്. കൊച്ചിയിൽനിന്ന് വ്യാഴാഴ്ച രാത്രിയിലെത്തി പുറംകടലിൽ നങ്കൂരമിട്ടിരുന്നു.
ലെഫ്റ്റനന്റ് കമാൻഡർ സുനിൽ കുൽഹാരിയുടെ നേതൃത്വത്തിൽ അൻപതോളം നാവികരുമായെത്തിയ കപ്പൽ ഇന്നു കൊച്ചിയിലേക്കു മടങ്ങുമെങ്കിലും ആഴ്ചയിലൊരിക്കൽ വിഴിഞ്ഞത്തടുക്കും.