‘കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാകുന്നു
1424241
Wednesday, May 22, 2024 6:37 AM IST
നേമം: മലയാളികളുടെ മനസിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞ പാലത്തിൽ മോഹൻലാലിന് പിറന്നാൾ സമ്മാനമായി കിരീടം പാലം വിനോദ സഞ്ചാര പദ്ധതി ഒരുങ്ങുന്നു. ടൂറിസം മന്ത്രി മുഹമദ് റിയാസാണ് ഫെയ്സ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.
നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ് പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും മന്ത്രി.
കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. നിരവധി സന്ദർശകരാണ് കിരീടം പാലത്തിൽ എത്തി ഫോട്ടോ ഷൂട്ട് നടത്തുന്നത്. സിനിമ -സീരിയൽ ഷൂട്ടിങ്ങുകളുടെ ഇഷ്ട ലോക്കേഷൻ കൂടിയാണ് വെള്ളായണിയും പരിസര പ്രദേശങ്ങളും .