പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം: കെഎസ്ആർടിസി എംപ്ലോയീസ് സംഘ്
1396342
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി എംപ്ലോയീസ് സംഘ് (ബിഎംസ്) സെക്രട്ടേറിയറ്റ് ധർണ നടത്തി. ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവൻ ധർണ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശന്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്ത് ശതമാനവും, സർക്കാരിന്റെ തുല്യവിഹിതവുമടങ്ങുന്ന ഫണ്ടിൽ നിന്നാണ് പെൻഷൻ നൽകുന്നത്.
എന്നാൽ സർക്കാർ വിഹിതം പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ 2014 മുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. ഇപ്പോൾ ജീവനക്കാരുടെ വിഹിതവും സർക്കാർ വിഹിതവും ചേർത്ത് 350 കോടിയോളം കുടിശികയായെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ആർ. രമേഷ്കുമാർ, ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ഇ. ആനന്ദ്, ആർ.എൽ. ബിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.