വിഴിഞ്ഞം സ്റ്റേഷനിൽ നിന്നും ബൈക്ക് കടത്തിയ പ്രതി തമിഴ്നാട് പോലീസിന്റെ പിടിയിലായി
1338576
Wednesday, September 27, 2023 12:44 AM IST
വിഴിഞ്ഞം: വിഴിഞ്ഞം സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട് പോലീസിന്റെ പിടിയിലായ തക്കല സ്വദേശി മെർലിൻ രാജ് (38) നെ നെയ്യാറ്റിൻകര കോടതിയും റിമാന്റു ചെയ്തു.
നാഗർകോവിൽ ജില്ലാ ജയിലിലായിരുന്ന മെർലിൻരാജിനായി വിഴിഞ്ഞം പോലീസ് കുഴിത്തുറ കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് അപേക്ഷ നൽകിയിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചയോടെ തമിഴ്നാട് പോലീസ് ഇയാളെ നെയ്യാറ്റിൻകരയിൽ എത്തിച്ചു.
താൽകാലിക കോടതി ഏഴിൽ ഹാജരാക്കിയ മെർളിനെ റിമാന്റിനു ശേഷം നാഗർകോവിൽ ജില്ലാ ജയിലിലേയ്ക്ക് തിരികെ കൊണ്ടുപോയി. ഈ മാസം ആദ്യം തമിഴ്നാട് പോലീസിന്റെ പിടിയിലായ മെർളിനെ വിഴിഞ്ഞം എസ്ഐ ഹർഷകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാഴ്ച മുൻപ് നാഗർകോവിൽ ജയിലിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
മോഷ്ടിച്ച തൊണ്ടി മുതൽ തിരിച്ച് കിട്ടിയതിനാൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് വിലയിരുത്തുന്നു. പിടിച്ചുപറിയും മോഷണ പരമ്പരകളും നടത്തി കേരള - തമിഴ്നാട് പോലീസിന് തലവേധനയായി മാറിയ തക്കല സ്വദേശി മെർലിനെ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
12ന് പുലർച്ചെയാണ് വിഴിഞ്ഞം സ്റ്റേഷൻ മുറ്റത്ത് പാർക്ക്ചെയ്തിരുന്ന തൊണ്ടി മുതലായ സ്വന്തം ബൈക്കിനെ മെർളിൻ മോഷ്ടിച്ചത്. ജൂലൈ 12ന് വൈകുന്നേരം വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിൽ യുവതിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് മെർളിനു വിനയായത്.
യുവതിയുടെ ബഹളംകേട്ടു നാട്ടുകാർ വരുന്നതു കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കും പണിമുടക്കി. ഒടുവിൽ വഴിയരുകിൽ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ബൈക്കാണ് മണിക്കൂറുകൾക്കുള്ളിൽ മോഷണം നടത്തി പോലീസുകാരെ ഞെട്ടിച്ചത്. മോഷണശ്രമം തൊണ്ടിമുതൽ കടത്തിൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു പോലീസ് കേസെടുത്തത്.