അമ്മത്തൊട്ടിലിൽ പുതിയ അഥിതി; പേര് "ഇന്ത്യ’
1338569
Wednesday, September 27, 2023 12:36 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ് നേഹത്തണലിലേക്ക് ഒരു നവാഗതൻ കൂടി. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് മൂന്നു ദിവസം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
പുതിയ കുരുന്നിന് ഇന്ത്യയെന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി അറിയിച്ചു. കുട്ടിയെ അമ്മത്തൊട്ടിലിൽ എത്തിച്ചതോടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും സൈറണും എത്തി.
ഇതോടെ ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപയും ആയമാരും സുരക്ഷാ ജീവനക്കാരും എത്തി. തുടർന്ന് കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി എസ്എടിആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ തുടരുകയാണ്.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.