മധുരം കിനിഞ്ഞ് മധുമൊഴി
1337903
Sunday, September 24, 2023 12:22 AM IST
സ്വന്തം ലേഖിക
തിരുവനന്തപുരം: മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്കു എന്ത് ഉപദേശമാണ് നൽകാനുള്ളത്...? ഈ ചോദ്യം ഇന്നലെ മലയാളത്തിലെ പ്രിയതാരം മധുവിനോട് ചോദിച്ചത് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. ഒരു നിമിഷം പോലും ആലോചിച്ചില്ല. മധുവിന്റെ മറുപടി എത്തി. "അവർക്കു ഞാൻ ഉപദേശം നൽകണമെന്ന് എനിക്കു തോന്നുന്നില്ല. മറിച്ച് അവർ എനിക്കാണ് ഉപദേശം നൽകേണ്ടത്. മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും എന്നെക്കാൾ വളർന്നു കഴിഞ്ഞു. ധാരാളം വേഷങ്ങൾ അവർ അഭിനയിച്ചു. അത്രയും നല്ല വേഷങ്ങൾ ചെയ്യുവാൻ എനിക്കു സാധിച്ചിട്ടില്ല. അവരെ ജീനിയേഴ്സ് അല്ല സീനിയേഴ്സ് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്..’
മധുവിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ഫിലിം ഫ്രട്ടേണിറ്റി ഏഷ്യാനെറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മധു മൊഴിയായിരുന്നു പരിപാടി. നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ സിനിമാതാരങ്ങളുൾപ്പെടെയുള്ള സദസ് കരഘോഷത്തോടെയാണ് പ്രിയപ്പെട്ട താരം ലൈവിൽവന്നു നൽകിയ മറുപടിയിൽ ഏറ്റു വാങ്ങിയത്. മധുവുമായുള്ള സല്ലാപത്തിനു സൂപ്പർതാരം മോഹൻലാലാണ് തുടക്കമിട്ടത്.
ജീവിതത്തെ മധു സാർ ഫിലോസഫിക്കലായി കാണുന്നതിനെക്കുറിച്ചായിരുന്നു മോഹൻലാലിന്റെ ചോദ്യം. ബോധപൂർവം തത്വചിന്താപരമായി ജീവിതത്തെ കണ്ടിട്ടില്ല. എല്ലാവർക്കും നല്ലതു സംഭവിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. തത്വചിന്ത അറിയാതെ സംഭവിക്കുന്നതായിരിക്കണം- മധു പറഞ്ഞു.
ധാരാളം സുഹൃത്തുക്കൾക്കുള്ള മധുസാർ സൗഹൃദത്തിനു എന്ത് സ്ഥാനമാണ് നൽകുന്നതെന്ന ചോദ്യം ജനപ്രിയതാരം ദിലീപിന്റെതായിരുന്നു. സ്നേഹമാണ് സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതെന്ന് മധു ഉത്തരം നൽകി.
പഴയതലമുറയിലെയും പുതിയ തലമുറയിലെയും മാറ്റങ്ങളെ കുറിച്ച് മധുചേട്ടനു എന്താണ് പറയുവാനുള്ളത് എന്ന് നടൻ രാഘവൻ ചോദിച്ചു. ഓരോതലമുറയിലും മാറ്റങ്ങൽ ഉണ്ടാകും. അങ്ങനെ മാറ്റങ്ങൾ ഉണ്ടാകണം, അല്ലെങ്കിൽ നിശ്ചലത അനുഭവപ്പെമെന്ന് ഉത്തരം.
എന്തുകൊണ്ടാണ് തിരക്കഥ എഴുതിയിട്ടും തിരക്കഥാകൃത്ത് എന്ന വിശേഷണം മധുസാർ ചെയ്യാത്തതെന്ന് ത്യൻ അന്തിക്കാട്. വലിയ സാഹിത്യകാര ന്മാരുടെ രചനകൾ സിനിമയാക്കുന്പോൾ തിരക്കഥ എഴുതുവാൻ സിനിമ അറിയുന്ന എനിക്കു അവസരം ലഭിച്ചു. അത് തന്നെ വലിയ ഭാഗ്യമാണ്. പേരു വയ്ക്കണമെന്ന് തോന്നിയിട്ടില്ലെന്നു മധുവ്യക്തമാക്കി.
തുടക്കക്കാലത്ത് ശബ്ദം ചിരട്ടയിൽ കല്ലുരയ്ക്കുന്നതുപോലെയാണെന്ന് പലരും പറഞ്ഞപ്പോൾ ഞാൻ അഭയം പ്രാപിച്ചത് ചേട്ടനെയാണ്. നടൻ ജനാർദനൻ ആണ് പഴയകാല ഓർമിച്ചത്. ഓരോ മനുഷ്യനും ഓരോ ശബ്ദമാണ്. അത് മാറ്റണ്ട എന്നാണ് ചേട്ടൻ അന്ന് ആശ്വസിപ്പിച്ചത്. ജനാർദനന്റെ വാക്കുകൾ കേട്ട മധു ചെറുപുഞ്ചിരിയോടെ പ്രതികരിച്ചു. "അന്ന് ഞാൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ ജനാർദനനു ബോധ്യമായില്ലെ’ യെന്ന് മറുപടി.
"സാത് ഹിന്ദുസ്ഥാനി’യിൽ മധുവിനൊപ്പം അഭിനയിച്ച നടി ഷാഹനാസിന്റെ ആശംസ സംവിധായകൻ പ്രിയദർശൻ വായിച്ചു. മണിയൻപിള്ള രാജു, മേനക, സീമ, അംബിക, ശ്രീലത, നിർമാതാവ് സാഗ അപ്പച്ചൻ, സുരേഷ്കുമാർ തുടങ്ങിയവരും താരസല്ലാപത്തിൽ പങ്കെടുത്തു.
തുടർന്ന് കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.