മുന്നറിയിപ്പ് അവഗണിച്ച് നിരവധി വള്ളങ്ങൾ ഇന്നലെയും കടലിൽ ഇറക്കി
1300885
Wednesday, June 7, 2023 11:13 PM IST
വിഴിഞ്ഞം: ശക്തമായ മുന്നറിയിപ്പ് അവഗണിച്ച് വിഴിഞ്ഞത്ത് നിന്ന് നിരവധി വള്ളങ്ങൾ ഇന്നലെയും കടലിൽ ഇറങ്ങിയതായി അധികൃതർ. ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പിനെ പോലും ഒരു വിഭാഗം ചോദ്യം ചെയ്തതും അധികൃതർക്ക് തലവേദനയായി. അറബിക്കടലിന് മുകളിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി യെന്ന കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണ നൽകാൻ വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റും, തീരദേശ പോലീസും രംഗത്തിറങ്ങിയത്.
കടലിൽ പട്രോൾ ബോട്ടിലും കരയിൽ വാഹനത്തിലുമായി ഉച്ചഭാഷിണി വഴിയുള്ള അനൗൺസ്മെന്റ് രണ്ടാം ദിവസമായ ഇന്നലെയും നടത്തി. കൂടാതെ തീരദേശത്തെ പള്ളികൾ മുഖാന്തിരവും മുന്നറിയിപ്പ് തുടരുന്നതിനിടയിലാണ് പ്രക്ഷുപ്തമായ കടലിനെ വകവയ്കാതെ ഒരു വിഭാഗം വള്ളമിറക്കിയത്. ഉൾക്കടലിൽ വീശുന്ന ശക്തമായ കാറ്റും മഴയും വലിയ തിരയടിക്കും വഴി തെളിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലാണ് കടലിന്റെ അവസ്ഥയെന്നും അധികൃതർ പറയുന്നു.
ട്രോളിംഗ് നിരോധന കാലത്തെ സീസൺ പ്രമാണിച്ച് ജില്ലയിലെ വിവിധ തീരങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് വള്ളങ്ങൾ മൺസൂൺ കാല ചാകര പ്രതീക്ഷിച്ച് വിഴിഞ്ഞം തുറമുഖത്ത് അണിനിരന്നിട്ടുണ്ട്. ഇപ്പോൾ കിട്ടുന്ന മീനിന് വലിയ വില കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് പലരും സാഹസത്തിന് മുതിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയിലുമായി അനൗൺസ്മെന്റ് നടത്തിയ അധികൃതർ ഉൾക്കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരികെ വിളിക്കാനുള്ള നിർദ്ദേശവും നൽകിയിരുന്നു. അവർ തിരിച്ചെത്തിയെങ്കിലും ഇന്നലെ ഉച്ചക്ക് ശേഷം അൻപതിൽ കൂടുതൽ വള്ളങ്ങൾ വിലക്ക് മറികടന്ന് മീൻ പിടിക്കാനിറങ്ങിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.