യുഡിഎഫിന്റെ പ്രമേയത്തെ അനുകൂലിക്കില്ല; ബിജെപി വിട്ടുനില്‍ക്കും
1281933
Wednesday, March 29, 2023 12:16 AM IST
നെയ്യാറ്റിന്‍കര: നഗരസഭ ചെയര്‍മാനെതിരെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. അവിശ്വാസത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബിജെപി അറിയിച്ചു.
തവരവിള സ്വദേശിനിയായ ഒരു വയോധികയുടെ പുരയിടവും സ്വര്‍ണവും വാര്‍ഡ് കൗണ്‍സിലര്‍ തട്ടിയെടുത്തുവെന്ന കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് അവിശ്വാസ പ്രമേയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ആരോപണ വിധേയനായ കൗണ്‍സിലറെ സംരക്ഷിക്കുന്നതിനാലാണ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജെ. ജോസ് ഫ്രാങ്ക്ളിന് അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്നിനാണ് പ്രമേയാവതരണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വോട്ടിംഗ് നടക്കും. നഗരസഭയില്‍ യുഡിഎഫിന് 17, എല്‍ഡിഎഫിന് 18, ബിജെപിക്ക് ഒന്‍പത് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ 17 കൗണ്‍സിലര്‍മാരും അനുകൂലിച്ചാല്‍ പോലും അവിശ്വാസം വിജയിക്കാനാകില്ല. 44 അംഗ കൗണ്‍സില്‍ അവിശ്വാസം വിജയിക്കാന്‍ 23 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപി പ്രമേയത്തെ പിന്തുണച്ചേക്കാമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ചില എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും അനുകൂലിച്ചേക്കാമെന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
അതേ സമയം, ബിജെപിയുടെ മണ്ഡലം കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ജില്ലാ ഓഫീസില്‍ യോഗം ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് രാജേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പങ്കെടുത്തു. ബിജെപിയുടെ ഒന്‍പത് നഗരസഭ കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തുണയ്ക്കുന്നില്ലെന്നും അതിനാൽ അവിശ്വാസത്തില്‍ നിന്നു വിട്ടു നില്ക്കാൻ തീരുമാനിച്ചതായും ബിജെപി നേതാക്കൾ അറിയിച്ചു.
എന്നാല്‍ ബിജെപിയുടെ ഈ നടപടി പരോക്ഷമായി എല്‍ഡിഎഫിന് തുണയാകും. എന്തായാലും, തവരവിള വാര്‍ഡ് കൗണ്‍സിലര്‍ക്കും വസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കും എതിരെ സമരം തുടരുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.