തലസ്ഥാനത്ത് പ്രേംനസീര്‍ സ്ക്വയര്‍ വരുന്നു
1279788
Tuesday, March 21, 2023 11:56 PM IST
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേം നസീറിന്റെ പേരില്‍ തലസ്ഥാനത്ത് പ്രേം നസീര്‍ സ്ക്വയര്‍ വരുന്നു.
ദീര്‍ഘനാളത്തെ ആവശ്യത്തെ തുടര്‍ന്നാണ് ആരാധകരുടെ ചിരകാലാഭിലാഷം സര്‍ക്കാര്‍ നിറവേറ്റി തന്നതെന്നും സര്‍ക്കാരിന് നന്ദി പ്രകടിപ്പിക്കുന്നുവെന്നും സ്ക്വയര്‍ നിര്‍മാണത്തിനു വേണ്ടി മുന്‍ കൈ എടുത്ത പ്രേം നസീര്‍ സുഹൃത് സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന് എന്നിവര്‍ അറിയിച്ചു. നന്ദന്‍കോട് ജംഗ്ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൌട്ടാണ് പ്രേം നസീര്‍ സ് ക്വയര്‍ എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാച്ചുറല്‍ കമ്പനിയാണ് സ്ക്വയര്‍ ഡിസൈന്‍ ചെയ്തത്.
സ്ക്വയര്‍ നിര്‍മാണ ചെലവും പരിപാലനവും സുഹൃത് സമിതി തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സമിതിയാണ് അത് വഹിക്കുന്നത്. സ്ക്വയര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം 24ന് വൈകുന്നേരം 5.30 നു വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിക്കും. കൗണ്‍സിലര്‍മാരായ ഡോ. കെ.എസ്. റീന, പാളയം രാജന്, വി.വി. രാജേഷ്, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, മുന്‍ മേയര്‍ കെ.ശ്രീകുമാര്‍, നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ ഖാന് എന്നിവര്‍ സംബന്ധിക്കും.
പ്രേം നസീറിന്റെ 97-ാം ജന്മദിനമായ ഏപ്രില്‍ ഏഴിന് സ്ക്വയര്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പറഞ്ഞു.