നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ്
1279737
Tuesday, March 21, 2023 11:05 PM IST
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വര്‍ഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ആമ്പുലന്‍സ്, നവീകരിച്ച ഒപി കൗണ്ടര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലപരിമിതി പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പുതിയ കെട്ടിത്തിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കിടത്തി ചികിത്സയില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സqജന്യ ചികിത്സ നല്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മന്ത്രി ജി.ആര് അനിലിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഐസിയു വെന്റിലേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആമ്പുലന്‍സിന്റെ ഫ്ളാഗ് ഓഫും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ നേത്രരോഗ കീഹോള്‍ സര്‍ജറി ഉപകരണങ്ങളുടെയും കാന്‍സര്‍ രോഗ നിര്‍ണയ ടെസ്റ്റുകള്‍, തൈറോയിഡ് ടെസ്റ്റുകള്‍ തുടങ്ങിയവ നടത്തുന്നതിനുള്ള ഹോര്‍മോണ്‍ അനലൈസര്‍ മെഷിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.