ജപ്തി ചെയ്യാനിരുന്ന വീടും പറമ്പും ഒറ്റിക്ക് നൽകി വയോധികയെ കബളിപ്പിച്ചു
1263777
Tuesday, January 31, 2023 11:32 PM IST
കാട്ടാക്കട: നീതി തേടി വയോധിക. ബാങ്ക് വായ്പയെടുക്കാൻ ഈടുനൽകിയ വീടുംപറമ്പും ഒറ്റിക്കു നൽകി കബളിപ്പിച്ചു വീട്ടുടമ മുങ്ങിയതോടെ വെട്ടിലായി വയോധികയും കുടുംബവും.
മലയിൻകീഴ് വിളവൂർക്കലിൽ വാടകയ് ക്കു താമസിക്കുന്ന രമയും കുടുംബവുമാണു ദുരിതത്തിലായത്. വീട്ടുടമ മലയിൻകീഴ് സ്വദേശി വിനോദിന്റെ വീടും പറമ്പും ഫ്രെബുവരി 13ന് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. 2018 ലാണ് ആറ്റുകാൽ സ്വദേശിയായ രമ വീടും പറമ്പും വിറ്റു പെൺമക്കളേയും കെട്ടിച്ച് ബാക്കിയുണ്ടായിരുന്ന നാലു ലക്ഷം രൂപകൊടുത്ത് വിളവൂർക്കലിൽ വീട് ഒറ്റിക്കെടുത്തത്. നാലുവർഷത്തേക്കായിരുന്നു കരാർ. എന്നാൽ താമസം മാറി ആറുമാസത്തിനുള്ളിൽ ജപ്തിക്കായി ബാങ്ക് ജീവനക്കാർ എത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം രമ മനസിലാക്കിയത്. ഒറ്റിയാധാര കരാർപ്രകാരം വീടൊഴിയുമ്പോൾ തിരിച്ചു കിട്ടേണ്ട നാലുക്ഷം രൂപ കിട്ടാതായതോടെ ഇനി എങ്ങോട്ട് എന്നറിയാതെ പകച്ചുനിൽക്കുകയാണ് രമയും കുടുംബവും. രമയുടെ പരാതിയിൽ വീട്ടുടമ വിനോദ് അറസ്റ്റിലായി ജയിലിൽ കിടന്നെങ്കിലും ശിക്ഷകഴിഞ്ഞു പുറത്തിറങ്ങി ഒളിവിലാണ്. 18 ലക്ഷം രൂപയാണ് ആധാരം ഈടായി നൽകി വിനോദ് ബാങ്ക് വായ്പയെടുത്തത്. അതിപ്പോൾ പലിശ സഹിതം 23 ലക്ഷമായെന്നാണു രമ പറയുന്നത്. കാൻസർ രോഗിയായ ഭർത്താവ് ചികിത്സയിലുണ്ടായിരുന്നപ്പോൾ ബാങ്കുകാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയുംകാലം താമസിക്കാൻ അനുമതി നൽകിയത്. ഇനി അതുണ്ടാകില്ലെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. അപകടത്തിൽ പരിക്കേറ്റ രമയുടെ മകൻ ഇടയ്ക്കിടെ ഡ്രൈവിംഗ് ജോലിക്കു പോയി കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്.