റോഷ്നിയെ കാണാൻ ഋഷിരാജ് സിംഗ് എത്തി
1575706
Monday, July 14, 2025 7:01 AM IST
കുറ്റിച്ചൽ: പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർആർടി അംഗവുമായ ജി.എസ്. റോഷ്നിയെ കാണാൻ മുൻ ഡിജിപി ഋഷിരാജ് സിംഗ് എത്തി. വനംവകുപ്പിന്റെ അഞ്ചുമരുതുംമൂട് കുളിക്കടവിനു സമീപം പാറപ്പുറത്തുനിന്നും 18 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വീഡിയോ കണ്ട് റോഷ്നിയെ പ്രശംസിക്കുകയും കൂട്ടുകാർക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
വനംവകുപ്പ് ആസ്ഥാനത്ത് വിളിച്ചു റോഷ്നിയെ തിരക്കി നമ്പർ വാങ്ങി ഫോണിൽ വിളിച്ച് സംസാരിച്ചു. തുടർന്നാണു ഋഷിരാജ് സിംഗ് പരുത്തിപ്പള്ളി വനംവകുപ്പിന്റെ ആസ്ഥാനത്ത് ജി.എസ്. റോഷ്നിയെ കാണാനെത്തിയത്. ആയിരത്തിലധികം പാമ്പുകളെ റെസ്ക്യൂ ചെയ്ത റോഷ്നിയെ അഭിനന്ദിക്കുകയും "വൈകും മുമ്പേ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രിയപെട്ട റോഷ്നി ആശംസകൾ എന്നെഴുതി ഒപ്പിട്ട് സമ്മാനിക്കുകയും ചെയ്തു.
ആർആർടി എസ്എഫ്ഒ കെ.പി. പ്രദീപ് കുമാർ, വാച്ചർ തുളസി, ഷിബു, സുഭാഷ്, ക്ലറിക്കൽ സ്റ്റാഫുകളായ മുംതാസ്, സരിത, മനോജ് എന്നിവരും ഓഫീസിൽ ഉണ്ടായിരുന്നു.