ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി; പരിക്കേറ്റ യുവതി ചികിത്സ തേടി
1575705
Monday, July 14, 2025 7:01 AM IST
പേരൂര്‍ക്കട: സ്കൂട്ടര്‍യാത്രികയായ യുവതിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. വീഴ്ചയില്‍ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റ ഇവരെ തിരുവനന്തപുരം കോസ്മോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ആറോടുകൂടി പട്ടത്തെ ജ്വല്ലറിക്കു മുന്നിലായിരുന്നു അപകടം. കരുമം സ്വദേശിനി ദീപ്തി (36)ക്കാണ് വീഴ്ചയില്‍ പരിക്കേറ്റത്. പട്ടം സിഗ്നല്പോയിന്റിനും പ്ലാമൂടിനും ഇടയ്ക്കായിരുന്നു അപകടം.
പ്ലാമൂട് ഇറക്കം ഇറങ്ങുന്നതിനിടെ സ്കൂട്ടറില്‍ വാഹനം ഇടിച്ചതോടെ ഇവര്‍ നിലത്തുവീണു. അപകടത്തെത്തുടര്‍ന്നു റോഡിലേക്കുവീണ് പേടിച്ചുപോയ ഇവരെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ വിനോദ് വി. നായര്‍, ജീവന്, ഫയര്‍ ആൻഡ് റസ്ക്യു ഡ്രൈവര്‍ വിപിന്‍ ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ത്തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ ഇടിച്ചശേഷം നിര്‍ത്താതെ പോയത് ഒരു ആംബുലന്സാണെന്നു ദൃക്സാക്ഷികള്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.