നെയ്യാറ്റിൻകര മേഖലയിൽ തെരുവു നായകളുടെ വിഹാരം ഭീഷണിയാകുന്നു
1575709
Monday, July 14, 2025 7:11 AM IST
നെയ്യാറ്റിൻകര: നഗരത്തിലും പരിസരത്തും രാപ്പകല്‍ ഭേദമില്ലാതെ അലഞ്ഞു തിരിയുന്ന തെരുവു നായകള്‍ തദ്ദേശവാസികളിലും യാത്രക്കാരിലും ഭീതിയുണര്‍ത്തുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസവും നൂറു കണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലും പുറത്തുമൊക്കെ തെരുവു നായകളുടെ സാന്നിധ്യമുണ്ട്. തൊട്ടടുത്ത അക്ഷയ വാണിജ്യ സമുച്ചയത്തിന്റെ വളപ്പിലും തെരുവു നായകള്‍ വിഹരിക്കുന്നു.
നിരവധി വ്യാപാര സ്ഥാപനങ്ങളും ലോട്ടറി ഓഫീസ്, കോടതി മുതലായ സർക്കാർ സ്ഥാപനങ്ങളും ഈ കോപ്ലക്സില്‍ പ്രവർത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഒട്ടേറെ പേര് ഈ വാണിജ്യ സമുച്ചയത്തില്‍ വന്നുപോകുന്നു. മുന്‍പ് നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപം തെരുവു നായകള്‍ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിച്ചെന്ന് ആക്രമിച്ച സംഭവമുണ്ടായി. തെരുവുനായകളെ നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അന്നു ശക്തമായപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നു നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴും നഗരത്തിന്റെ പലയിടങ്ങളിലും തെരുവു നായകളെ കൂട്ടത്തോടെ കാണാം. പൊതുനിരത്തുകളുടെ വശങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഈ നായകളുടെ ഭക്ഷണം.
മാലിന്യമുക്ത നെയ്യാറ്റിന്‍കര എന്ന പ്രഖ്യാപനം നിലവില്‍ വന്നെങ്കിലും വലിച്ചെറിയലിന്റെ തോതു കുറഞ്ഞതല്ലാതെ പൂര്‍ണമായും ഒഴിവായിട്ടില്ല. വാഹനങ്ങള്‍ക്ക് മുന്നില്‍ ഇവ അപ്രതീക്ഷിതമായി ചാടുകയോ വാഹനത്തിരക്കുള്ള സമയത്ത് റോഡ് മുറിച്ചു കടക്കുകയോ ചെയ്യുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്ക യാത്രക്കാര്‍ പങ്കുവച്ചു.