ഓരോ വിദ്യാലയവും സംരംഭക സൗഹൃദമാകണം: ഫൈസൽ ഖാൻ
1575699
Monday, July 14, 2025 7:01 AM IST
തിരുവനന്തപുരം: വിദ്യാർഥികളിലെ സംരംഭകത്വം എന്ന ആശയം പ്രാവർത്തികമാക്കാൻ ഓരോ വിദ്യാലയവും സംരംഭക സൗഹൃദമാകണമെന്നു പ്രമുഖ സംരംഭകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ- ചാൻസലറുമായ എം.എസ്. ഫൈസൽ ഖാൻ.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡ റി സ്കൂളിലെ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടുന്നതോടൊപ്പം തന്നെ വിദ്യാർഥികളിൽ സംരംഭകത്വ കഴിവുകൾ വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്.
വെറും അറിവ് നേടുന്നതിനപ്പുറം, അത് പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം, പുതിയ ആശയങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാം എന്നു പഠിപ്പിക്കുന്ന ഒന്നാണ് സംരംഭകത്വം.
വിദ്യാർഥികൾക്ക് അവരുടെ പഠനമേഖലയിലെ അറിവ് ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ കണ്ടെത്താൻ സംരംഭകത്വം സഹായിക്കുന്നുവെന്നും ഫൈസൽ ഖാൻ ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ജൂബിലി കൺവീനർ ബിന്നി സാഹിതി ,എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ബിജു ജോൺ, വിദ്യാർഥി പ്രതിനി ധികൾ എന്നിവർ പ്രസംഗിച്ചു.