ചില്ലകള്‍ നിയന്ത്രിക്കുന്ന ഗതാഗതം..! പരുത്തിപ്പാറയില്‍ വാഹന യാത്രികര്‍ക്ക് ആശയക്കുഴപ്പം..!
1575704
Monday, July 14, 2025 7:01 AM IST
പേരൂര്‍ക്കട: ഗതാഗതം മരച്ചില്ലകള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ വാഹനയാത്രികര്‍ അല്‍പ്പം ആശയക്കുഴപ്പത്തിലാണ്..! പരുത്തിപ്പാറ ജംഗ്ഷനിലാണ് വാഹനയാത്രികരെ കുഴക്കുന്ന വിധത്തില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് ചില്ലകള്‍ മറയ്ക്കുന്നത്.
തിരുവനന്തപുരം എംസി റോഡില്‍നിന്ന് ഉള്ളൂരിലേക്കും തിരുവനന്തപുരത്തേക്കും പോകുന്ന വാഹനയാത്രികരെ നിയന്ത്രിക്കുന്ന സിഗ്നല്പോസ്റ്റിനെയാണു മരച്ചില്ലകളും ഇലകളും മറയ്ക്കുന്നത്. പരുത്തിപ്പാറയില്‍ മുന്നോട്ടുള്ള സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനയാത്രികര്‍ക്ക് പച്ച സിഗ്നല്‍ തെളിഞ്ഞിട്ടുണ്ടോയെന്നു ചില അവസരങ്ങളില്‍ അറിയാന്‍ സാധിക്കുന്നില്ല.
സിഗ്നല്വിഴുന്ന സമയത്തായിരിക്കും കാറ്റടിച്ച് കൂറ്റന്‍ ആല്‍മരത്തിന്റെ ഇലകള്‍ അവ മറച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം മഞ്ഞ സിഗ്നല്‍ വീഴുന്നതും ചിലപ്പോള്‍ ശ്രദ്ധയില്‍പ്പെടാതെ വരാറുണ്ട്. കുറച്ചുനാള്‍കൂടി കഴിയുമ്പോള്‍ സിഗ്നല്‍സംവിധാനം മുഴുവന്‍ ചില്ലകള്‍ മറയ് ക്കുന്ന അവസ്ഥയുണ്ടാകും.
നിലവില്‍ സിഗ്നല്‍സംവിധാനം നോക്കിയാണ് യാത്രികര്‍ കേശവദാസപുരം റോഡിലേക്കും മുട്ടട റോഡിലേക്കും തിരിയുന്നത്. സിഗ്നല്‍ കാണാന്‍ സാധിക്കാതെ വരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും വാഹനാപകടങ്ങള്‍ക്കും ഇടയാക്കുമെന്ന ആക്ഷേപമുണ്ട്. സിഗ്നല്‍ ലൈറ്റിനെ മരച്ചില്ലകളും ഇലകളും മൂടുന്ന പ്രശ്നം വെള്ളയമ്പലത്തും പേരൂര്‍ക്കടയിലും നിലവിലുണ്ട്.