പൊതുവിദ്യാഭ്യാസ മന്ത്രി ക്ഷണിച്ചു : പ്രഭാത ഭക്ഷണത്തിന് റോസ് ഹൗസിലെത്തി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ
1575700
Monday, July 14, 2025 7:01 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ എത്തി.
കഴിഞ്ഞദിവസം ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ് ഹൗസിൽ എത്താൻ ക്ഷണിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പമാണു കുട്ടികൾ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആർ. പാർവതി ദേവിയും ചേർന്നു കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.
ലിഫ്റ്റും എസിയും ഉള്ള സ് കൂൾ അടിപൊളിയാണെന്നു കുഞ്ഞുങ്ങൾ മന്ത്രിയോടു പറഞ്ഞു. തുടർന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ റിസൾച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ്. അഞ്ചുവയസുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസുള്ള മഹ്നാസ് റഹിമി എന്നിവരെ കൂടി പ്രീസ്കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ.