വിനോദിന്റെ സത്യസന്ധതയ്ക്ക് സ്വർണത്തേക്കാൾ വില..!
1575707
Monday, July 14, 2025 7:01 AM IST
കുണ്ടറ: കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി കുണ്ടറ മുളവന സ്വദേശി വിനോദ്. ചെയിൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന വിവരം ഉടമ അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ.
മുളവന തുണ്ടിൽ കിഴക്കതിൽ വീട്ടിൽ വിനോദിനാണ് മുളവന മാടൻകാവിനു സമീപത്തുനിന്നും കഴിഞ്ഞദിവസം രണ്ടര പവൻ തൂക്കം വരുന്ന സ്വർണചെയിൻ കളഞ്ഞുകിട്ടിയത്. വിനോദ് കുണ്ടറ പോലീസ് സ്റ്റേഷനിൽ എത്തി സിഐ രാജേഷിന്റെ കൈയിൽ ചെയിൻ ഏൽപ്പിക്കുകയും ചെയ്തു.
ഈ വിവരം സിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മണിക്കൂറുകൾക്കകം ചെയിനിന്റെ ഉടമയായ മുളവന പള്ളിമുക്ക് സ്വദേശി സുബിന്റെ സുഹൃത് ഫേസ്ബുക്ക് പോസ്റ്റ് കാണുകയും ആ വിവരം സുബിനെ അറിയിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം വിനോദിനെയും ഉടമ സുബിനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐയുടെ സാന്നിധ്യത്തിൽ വിനോദിനെ കൊണ്ടുതന്നെ ഉടമയ്ക്ക് ചെയിൻ കൊടുപ്പിക്കുകയും ചെയ്തു.