ഇ-സ്മാർട്ട്: വില്ലേജ് ഓഫീസുകൾക്ക് കംപ്യൂട്ടറുകൾ അനുവദിച്ചു
1226142
Friday, September 30, 2022 12:16 AM IST
പാലോട് : വാമനപുരം മണ്ഡലത്തിലെ വില്ലേജുകൾ സ്മാർട്ട് വില്ലേജുകൾ ആക്കുന്നതിന്റെ ഭാഗമായി എംഎൽഎയുടെ പ്രത്യേക വികസന നിധി 2022 -23 ൽ ഉൾപ്പെടുത്തി കംപ്യൂട്ടറുകൾ വാങ്ങുന്നതിനായി 12 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിലെ പാലോട്, കുറുപുഴ, പെരിങ്ങമ്മല, തെന്നൂർ ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട് എന്നീ 11 വില്ലേജുകൾക്കാണ് ലാപ്ടോപ്പുകൾ, പ്രിന്ററുകൾ, സ്കാനറുകൾ എന്നിവ വാങ്ങി നൽകുന്നതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ആയിട്ടുള്ളത്. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) വഴിയാണ് കംപ്യൂട്ടർ അനുബന്ധ ഉപകരങ്ങൾ നൽകുന്നത്.
മണ്ഡലത്തിലെ ആദ്യ സ്മാർട്ട് വില്ലേജ് ആയ ആനാട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചിരുന്നു. ഈ ചടങ്ങിൽവച്ച് മണ്ഡലത്തിലെ വില്ലേജുകൾക്ക് കംപ്യൂട്ടറുകൾ വാങ്ങാൻ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് ജില്ലാ കളക്ടർ വേഗത്തിൽ നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ മറ്റ് വില്ലേജുകളും സ്മാർട്ട് ഇ- ഓഫീസുകളിലേക്ക് മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.