മഴക്കെടുതിയിൽ കേരളം ഇനിയും പഠിക്കാത്ത പാഠങ്ങള്‍
മഴക്കെടുതിയിൽ കേരളം ഇനിയും പഠിക്കാത്ത പാഠങ്ങള്‍
2018 ലെ അനുഭവത്തില്‍ നിന്ന് പാഠം ഉൾക്കൊള്ളാതെ ദുരന്തനിവാരണത്തിൽ തികഞ്ഞ അലംഭാവം കാണിച്ചതിന്‍റെ തിരിച്ചടിയാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
ദുരന്തങ്ങള്‍ എത്ര പ്രഹരം ഏൽപ്പിച്ചാലും ഗൗരവമായി കാണാതെയും ദീർഘകാലവീക്ഷണത്തോടെ മുന്നൊരുക്കങ്ങൾ നടത്താതെയും കേരളത്തിലെ നാളിതുവരെയുള്ള ഭരണവർഗം മാറി മാറി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഉറക്കെ വിളിച്ചു പറയാതിരിക്കാനാവില്ല.

രാഷ്ട്രീയക്കാർ മാത്രമല്ല ഭരണവർഗവും. ഉദ്യോഗസ്ഥ വൃന്ദവും കൂടിച്ചേര്‍ന്ന ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യസ്നേഹമില്ലാതെ അലസതയും അഹങ്കാരവും അഴിമതിയും കോർത്തിണക്കി കെടുകാര്യസ്ഥതയുടെ ഉച്ഛസ്ഥായിലെത്തി കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും കാടടച്ച് കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഭൂരിഭാഗവും അങ്ങനെയാണെന്ന് വിശ്വസിക്കാതെ തരമില്ല.

അതുപോലെതന്നെ ആവശ്യ കാര്യങ്ങള്‍ക്കായി പ്രതികരിക്കാതിരിക്കുകയും അനാവശ്യ കാര്യങ്ങൾക്കായി തെരുവിലിറങ്ങുകയും പൊതുജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്ന ഒരു തരം പ്രത്യേക ജനുസ്സില്‍പ്പെട്ടവരാണ് പൊതുവേ നമ്മൾ മലയാളികൾ.

അതുകൊണ്ട് തന്നെ നാളിതുവരെയുള്ള ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങൾക്കും ഒരു പരിധി വരെ ഭരണകർത്താക്കൾക്കൊപ്പം നമ്മൾ പൊതുജനങ്ങളും തുല്യ ഉത്തരവാദികളാണ്.
നമ്മുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കുമനുസരിച്ച് പരിസ്ഥിതിയെ നോവിക്കാതെ ദീർഘവീക്ഷണത്തോടെ കേരളത്തിലാകമാനം വ്യാപകമായ തയാറെടുപ്പുകൾ ആവിഷ്കരിച്ചുള്ള വികസനപ്രവർത്തനത്തിന് പദ്ധതി രേഖ രൂപീകരിക്കണം.

മേഘവിസ്ഫോടനങ്ങളിലൂടെയും ഇടതടവില്ലാതയും പെയ്തുണ്ടാകുന്ന അനിയന്ത്രിതമായ ജലപ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സൃഷ്ടിക്കുന്ന ദുരന്തങ്ങളും തീരാ ദുഖങ്ങളും പൂർണ്ണമായും ഒഴിവാക്കാന്‍ ആയില്ലെങ്കിലും മനുഷ്യസഹജമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കണം. അതിനായ് ചില നിർദേശങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

പടിഞ്ഞാറോട്ട് ഒഴുകുന്ന 41 ഉം തെക്കോട്ട് ഒഴുകുന്ന ഭവാനിയും പാമ്പാറും കാവേരിയും ഉൾപ്പെടെ 44 നദികളാൽ അനുഗ്രഹീതമായ നമ്മുടെ സംസ്ഥാനത്ത് ഭരണവർഗ്ഗത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ തീവ്രമായ മഴക്കടുതി കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങൾ അനായാസം മറികടക്കാവുന്നതാണ്. ആദ്യം തന്നെ അതിതീവ്ര മഴയെ ശാപമായിക്കാണാതെ പ്രകൃതിയുടെ വരദാനമായി ഉപയോഗപ്പടുത്താൻ ശ്രമിക്കണം. അലസതയും അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി ശാസ്ത്രീയ പഠനങ്ങളിലൂടെ കാലാനുസൃതമായ മാറ്റം ഉണ്ടാകണം.

ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം ഭാവിയില്‍ സ്ഥിതി കൂടുതല്‍ മോശമാക്കാനാണ് സാധ്യത. പരിസ്ഥിതി ലോലപ്രദേശമെന്ന പേരില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അത് പ്രായോഗികമല്ലായെന്ന് മനസ്സിലാക്കി തള്ളിയ ശേഷം കസ്തൂരിരംഗൻ റിപ്പോര്‍ട്ടും ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

മേഘവിസ്ഫോടനത്തിനോ അതിരൂക്ഷമായ മഴക്കെടുതിക്കോ വെറുതെ കർഷകരുടെ മേൽ കുതിര കയറേണ്ടതില്ല. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. പെരിയാറിനും പെരിയാറിലേക്കെത്തുന്ന ചെറുനദികൾക്കും കുറുകെ ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പെടെ പതിനാലോളം ഡാമുകളാണുള്ളത്. ഇടുക്കി പോലുള്ള വൻ ഡാമുകൾ തന്നെ പരിസ്ഥിതി വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. അതുപോലെ തന്നെ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന മനുഷ്യനിർമ്മിതമായ ജലബോംമ്പ് തകർന്നാൽ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തം ലോകത്തിന് സങ്കൽപ്പിക്കാവുന്നതിനും അപ്പുറം ആയിരിക്കുമെന്ന് കേരളത്തിലേയും യഥാര്‍ത്ഥ ഗുണഭോക്താവായ തമിഴ് നാട്ടിലേയും ഓരോ കുഞ്ഞിനും അറിയാവുന്നതാണ്.

2011 ഡിസംബർ എട്ട് വ്യാഴാഴ്ച മുല്ലപ്പെരിയാർ മുതൽ കൊച്ചി മറൈൻ ഡ്രൈവ് വരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ഒരറ്റത്ത് വിഎസ് അച്യുതാനന്ദൻ, മറ്റെ അറ്റത്ത് പിണറായി വിജയൻ. മുല്ലപ്പെരിയാർ അണക്കെട്ട് അപകടകരമായ അവസ്ഥയിൽ ആയതിനാൽ പുതിയ അണക്കെട്ട് ഉടൻ നിർമിക്കണം എന്നായിരുന്നു ആവശ്യം.
എന്നാല്‍ നിയമസഭയിൽ 2021 ഒക്ടോബര്‍ 25 ന് മുല്ലപ്പെരിയാറിൽ പ്രശ്നം ഒന്നുമില്ലെന്നും മറിച്ച് പ്രചരണം നടത്തുന്ന ആളുകൾക്കെതിരെ കേസ് എടുക്കുമെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.

തമിഴ് നാട്ടില്‍ നിന്നും എത്ര കിട്ടിയെന്ന് ചോദിക്കുന്നില്ല. പകരം പത്തുകൊല്ലം കൊണ്ട് എങ്ങനെയാണ് ഈ അപകടം ഒഴിവായത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതാണ്.
കേരളം പോലെ ജനനിബിഡമായ സംസ്ഥാനത്ത് പ്രത്യേകിച്ച് കൊച്ചി പോലുള്ള വ്യവസായനഗരത്തിന് തലക്ക് മുകളില്‍ ഈ ഡാമുകൾ നിലനിൽക്കുമ്പോൾ ഇന്നത്തെ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടും ഡാം പ്രദേശത്ത് ചെറു ഭൂചലനങ്ങള്‍ പലതവണ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ധൃതഗതിയിലുള്ള ചെറുകിട സുരക്ഷിത സേഫ്റ്റി ഡാമുകൾ ഭൂതത്താൻ കെട്ടിനും ഇടുക്കിക്കുമിടയിൽ കൂടുതലായി ഉണ്ടാകണം.



അനിയന്ത്രിതമായി വരുന്ന ജലപ്രവാഹം തടഞ്ഞുനിർത്തുകയും തുടർന്ന് നീരൊഴുക്ക് കുറയുന്നതനുസരിച്ച് നിയന്ത്രിതമായി തുറന്നു വിട്ട് പ്രളയത്തിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളെ സംരക്ഷിക്കുക എന്ന പ്രഥമ തത്വം മാത്രമാണ് ഇത്തരം ഒന്നിലേറെ ചെറുകിട ഡാമുകൾ കൊണ്ട് ഓരോ പുഴയിലും പ്രാവർത്തികമാകേണ്ടത്. ശക്തമായ നീരൊഴുക്കിലൂടെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയഭീഷണി ഉയരുമ്പോൾ മാത്രം അടക്കുകയും ബാക്കി സമയം ഇത്തരം സേഫ്റ്റി ഡാമുകൾ മഴക്കാലത്ത് പൂർണ്ണമായും തുറന്ന് കിടക്കേണ്ടതുമാണ്.

മഴക്കാലം അവസാനിക്കുന്നതോടെ പുഴകളിലെ സ്വാഭാവിക നീരൊഴുക്ക് തീർത്തും കുറഞ്ഞു വരുന്ന ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാല് മാസങ്ങളില്‍ സാധാരണയായി കൃഷിക്കും കുടിവെള്ളത്തിനുമായി അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി ഈ കാലയിളവിൽ ഇത്തരം സേഫ്റ്റി ഡാമുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സേഫ്റ്റി ഡാമുകളിൽ അതാത് വർഷം അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പരമാവധി ജലം ഉൾക്കൊള്ളാനുള്ള അവസ്ഥ ഉണ്ടാകണം.

അതുപോലെതന്നെ മഴക്കാലത്ത് പൊതുവേ പുഴകൾ നിറഞ്ഞൊഴുകുമ്പോൾ
ടുക്കി ഡാമില്‍ നീരൊഴുക്ക് വർദ്ധിച്ച് വൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്യുമ്പോൾ തൊടുപുഴ, മുവാറ്റുപുഴ, പിറവം തുടങ്ങിയ മേഘലയിൽ അനിയന്ത്രിതമായ വെള്ളപ്പൊക്കം നിയന്ത്രിതാതീതമാകാറുണ്ട്. ഇതിന് പരിഹാരമായി മൂലമറ്റം പവർഹൗസിൽ നിന്നും സംഭരിക്കുന്ന മലങ്കര ഡാമിൽ നിന്ന് ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന കനാലുകൾ കടന്നു പോകുന്നത് പാടങ്ങളുടേയും റബ്ബര്‍ തോട്ടങ്ങളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളുടെയും
ടയിലൂടെയാണ്.

പല പാടങ്ങളും തരിശായി കിടക്കുകയോ നെൽകൃഷി ഒഴിവാക്കി മറ്റ് കൃഷിയിലേക്ക് മാറിയതും ഒരു പരിധി വരെ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. എങ്കിലും ഇത്തരം പ്രദേശങ്ങള്‍ ജലസേചന കനാലുകളുമായി ബന്ധിപ്പിച്ച് തടയണ കെട്ടി കൃത്രിമ തടാകങ്ങൾ സൃഷ്ടിച്ച് അടിയന്തര ഘട്ടങ്ങളിൽ അമിതജലം സംഭരിച്ച് താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിൽ നിന്നും സംരക്ഷിക്കാം. മഴ കുറയുന്നതനുസരിച്ച് തടാകങ്ങളിൽ നിന്നും കനാൽ വഴി തന്നെ ജലനിരപ്പ് താഴ്ത്തി വിടാം. അതോടൊപ്പം ഗ്രൂപ്പ് ഫാമിംഗ്, ഫിഷ് ഫാമിംഗ്, ഫാം ടൂറിസം തുടങ്ങി കാലഘട്ടത്തിനും കാലാവസ്ഥക്കും യോജിച്ച മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓരോ വര്‍ഷവും കാലവര്‍ഷത്തിന് മുൻമ്പും തുലാവര്‍ഷത്തിന് മുൻമ്പും അപകടസാധ്യതയുള്ള ജനവാസ മേഖലയില്‍ ജിയോളജി വിദഗ്ധരുടെ പരിശോധനയും വിലയിരുത്തലുകളും അനുസരിച്ച് മുൻകരുതലെടുക്കണം. ഇങ്ങനെ വലിയ ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെയും വളർത്തുമൃഗങ്ങളേയുമെങ്കിലും രക്ഷിക്കാന്‍ കഴിയും.

ഇത്തരം സേഫ്റ്റി ഡാമുകളിൽ നിന്നും നിയന്ത്രിതവും നിരന്തരവുമായി തുറന്നു വിടുന്ന ജലം വലിയ പൈപ്പിലൂടെ "ഫ്രാന്‍സിസ് ടർബൈൻ " ഉപയോഗിച്ച് ചെറുകിട വൈദ്യുത ഉത്പാദനവും പ്രായോഗികമാക്കാവുന്നതാണ്. ഈ സംവിധാനത്തിലൂടെ പ്രസരണനഷ്ടം ഒഴിവാക്കി പല പ്രദേശങ്ങളേയും സ്വയം പര്യാപ്ത വൈദ്യുത ഗ്രാമങ്ങള്‍ ആകുന്നത് വഴി വലിയ സാമ്പത്തിക നേട്ടം കൈവരിക്കാം.

ഇലക്ട്രിക് സിറ്റി ബോര്‍ഡിനെ പബ്ലിക് ലിമിറ്റഡ് കമ്പനി ആക്കുകയാണ് ഇതിന്റെ ആദ്യ നടപടി. 55 ശതമാനം സംസ്ഥാന സര്‍ക്കാരും 45 ശതമാനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കേന്ദ്ര -, അർത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും നിജപ്പെടുത്താം. ഇതുവഴി "കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി പബ്ലിക് ലിമിറ്റഡ് കമ്പനി" രൂപികരിച്ച് കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നല്ല ലാഭത്തോടെ വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയോ അമിതോത്പാദനത്തിലൂടെ അയൽസംസ്ഥാനങ്ങൾക്ക് വിൽക്കുന്നതിനും സാധ്യമായ സാഹചര്യം നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുവദിച്ചു നൽകിയിട്ടുണ്ട്.

ചെറിയ നീരൊഴുക്കിൽ നിന്ന് പോലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ഫ്രാന്‍സിസ് ടർബൈൻ മാതൃക. മൂലമറ്റം പവർഹൗസിലേതുപോലുള്ള പെൽറ്റൺ ടർബൈൻ സംവിധാനം (6 യൂണിറ്റ് = 780 മെഗാവാട്ട്) വൻ പദ്ധതിയായതുകൊണ്ട് തന്നെ കേരളത്തിലെ ജനനിബിഡവും പരിസ്ഥിതി ലോലവുമായ പ്രവിശ്യയിൽ യോഗ്യമല്ല. 44 വലിയതും ചറുതുമായ പുഴകളാലും ആയിരക്കണക്കിന് ചെറുതോടുകളാലും ജലസേചന കനാലുകളാലും സമൃദ്ധമായ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ സംവിധാനമാണ് ഫ്രാന്‍സിസ് ടർബൈൻ ഉപയോഗിച്ചുള്ള വൈദ്യുതോൽപാദനം.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും വെള്ളപ്പൊക്കഭീഷണി ഒഴിവാക്കിയും പ്രാവർത്തികമാക്കാവുന്ന പദ്ധതിയാണിത്. കേരളത്തില്‍ പെയ്യുന്ന മഴയുടെ 70 ശതമാനവും ഉപയോഗപ്പെടാതെ കടലിൽ ഒഴുകി ചേരുന്നു. കേരളത്തിന്റെ പത്തിലൊന്ന് സാഹചര്യങ്ങൾ പോലും അനുകൂലം അല്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ പ്രകൃതിയെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നത് നേരിട്ട് മനസ്സിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഇവിടെ ഇത് പ്രതിപാദിക്കാൻ നിർബന്ധിതനായത്.

-ജോഷി ചെറുകാട്ട്, വിയന്ന, ഓസ്ട്രിയ