സംഭവം നടക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് തൃപ്തിനഗറിലെ വീട്ടില് നടന്ന പെണ്കുട്ടിയുടെ പിറന്നാളാഘോഷത്തിലും മറ്റു സഹപ്രവര്ത്തകര്ക്കൊപ്പം ഇയാള് പങ്കെടുത്തിരുന്നു.
എന്നാൽ പ്രവീണിന്റെ ചുറ്റുപാടുകളും പൂർവകാല ചരിത്രവും ചികഞ്ഞുനോക്കിയപ്പോൾ അത് പ്രണയത്തിൽ മതിമറന്ന ഒരു യുവകാമുകന്റേതായിരുന്നില്ല.
ഇയാൾ ഹിന്ദു സമുദായത്തിൽപെട്ട ആളാണെങ്കിലും മുസ്ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള മറ്റൊരു യുവതിയുമായി ഇയാൾ വർഷങ്ങൾക്കു മുമ്പേ വിവാഹിതനായിരുന്നു.
ഈ ബന്ധത്തിൽ രണ്ടു മക്കളും ഉണ്ടായിരുന്നു. പുറമേയ്ക്ക് യാതൊരു പ്രശ്നവുമില്ലാതെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സാധാരണ കുടുംബജീവിതം നയിച്ചുവരികയായിരുന്നു.
നേരത്തേ മഹാരാഷ്ട്ര പോലീസിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീടാണ് എയർ ഇന്ത്യയിൽ കാബിൻ ക്രൂവായി മംഗളൂരുവിലെത്തിയത്. ഇതുവരെ അറിയപ്പെടുന്ന എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലവും ഇയാൾക്ക് ഉണ്ടായിരുന്നില്ല.
ഇങ്ങനെയൊരു വ്യക്തി തികച്ചും നിർവികാരനായി പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു സഹപ്രവർത്തകയുടെ വീട്ടിലേക്ക് കയറിച്ചെന്നതും കൊടും ക്രിമിനലുകൾ പോലും മടിക്കുന്ന വിധത്തിൽ അവളെയും പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കൊച്ചനുജനുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയം കൊന്നുതള്ളി യായൊരു ഭാവഭേദവുമില്ലാതെ ഇറങ്ങി നടന്നതും ആർക്കായാലും ഉൾക്കൊള്ളാൻ ഏറെ പ്രയാസമാണ്.
സംഭവത്തിനു പിന്നിൽ പ്രണയപ്പകയല്ലെന്നും, കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും അതിൽ വഞ്ചിക്കപ്പെട്ടതിന്റെ വിരോധത്തിലാണ് താൻ അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമാണ് ഇയാൾ പ്രാഥമികമായി പോലീസിനു നല്കിയ വിശദീകരണം.
അതിനിടയിൽ കയറിവന്ന മറ്റുള്ളവരെയും കുത്തിവീഴ്ത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അപകീർത്തിപരമായ ചില പരാമർശങ്ങളും ഇയാൾ നടത്തിയിട്ടുള്ളതിനാൽ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് കെ. അരുൺ കുമാർ പറയുന്നു.
ഒരു സാധാരണ മനുഷ്യന് ഇത്രകണ്ട് നിസാരമായി നാലു മനുഷ്യജീവനെ കൊന്നുതള്ളാൻ കഴിയുമോ എന്ന സംശയമാണ് പോലീസിനു പോലും ഉള്ളത്.
കൂട്ടക്കൊലയ്ക്കു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ബെലഗാവിയിലെ വീട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിലും ഇയാൾ പങ്കെടുത്തിരുന്നു.
പുറമേയ്ക്ക് കാണുന്ന സാധാരണ ജീവിതത്തിനുമപ്പുറം ഇയാൾ പരിശീലനം സിദ്ധിച്ച വാടകക്കൊലയാളിയാണോ എന്നു സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുതന്നെ പെൺകുട്ടിയുടെ പിതാവുമായോ കുടുംബവുമായോ വിരോധമുള്ള ആരെങ്കിലും ഇയാൾക്ക് ക്വട്ടേഷൻ നല്കിയതാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
അങ്ങനെയാണെങ്കിൽ ഇയാൾ വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്കെത്തിയതും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതും ഇതേ ഉദ്ദേശ്യത്തോടെയായിരിക്കണം. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങളുടെ ബന്ധവും സംശയിക്കുന്നുണ്ട്.
മഹാരാഷ്ട്ര പോലീസിൽ ജോലിചെയ്തിരുന്നുവെന്നത് ഇയാളുടെ കള്ളക്കഥയാണോ എന്നും സംശയമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ അന്വേഷണം പൂർത്തിയാകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലുകൾക്കിടയിലായിരിക്കും ഇയാളുടെ സ്ഥാനം.
ശ്രീജിത് കൃഷ്ണൻ