ജപ്പാൻകാരുടെ മനംകവർന്ന നയതന്ത്രജ്ഞൻ
ജപ്പാൻകാരുടെ മനംകവർന്ന നയതന്ത്രജ്ഞൻ
ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് മാതൃ ഇടവകയായ കോക്കമംഗലത്ത് ജന്മനാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി അന്ത്യയാത്ര പറഞ്ഞപ്പോൾ കഴിഞ്ഞ ഒന്പതു വർഷമായി ഞാൻ അദ്ദേഹത്തിൽ നിന്നും അനുഭവിച്ച വാത്സല്യവും സൗഹൃദവും മനസിൽ നിറയുകയാണ്. ഇടയ്ക്കിടെ "സാലിച്ചാ, ഭയങ്കര തിരക്കിലാണെന്നു തോന്നുന്നല്ലോ’ എന്നു ചേന്നോത്ത് പിതാവ് ഫോണിലൂടെ അന്വേഷിച്ചിരുന്നത് ഇനി ഉണ്ടാവില്ലല്ലോ എന്ന നഷ്ടബോധം, ഒപ്പം ഒരു വലിയ മനുഷ്യനുമായി അടുത്തിടപഴകാൻ സാധിച്ചല്ലോ എന്ന ചാരിതാർഥ്യവും. പരിചയപ്പെട്ട ആർക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്. ജപ്പാൻകാർക്കും ജപ്പാനിലെ മലയാളികൾക്കും പ്രിയപ്പെട്ട "പിതാവ്’. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ തമ്മിൽ കൂടിക്കാണുമായിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്നും വെറും പത്തുമിനിറ്റ് നടപ്പ് ദൂരമേ ഉണ്ടായിരുന്നുള്ളൂ വത്തിക്കാൻ എംബസിയായ നുണ്‍ഷ്യേച്ചറിലേക്ക്.

കുറെ നാളുകളായി വിശ്രമജീവിതത്തെക്കുറിയായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. "പ്രിയപ്പെട്ട ദൈവത്തോടൊത്ത്’ എന്ന ആത്മകഥാപരമായ പുസ്തകത്തിന്‍റെ തലക്കെട്ടുപോലെ ദൈവവുമൊത്തുള്ള ഒരു വിശ്രമ ജീവിതം അദ്ദേഹം കാംക്ഷിക്കുകയായിരുന്നു. ഇതര ലോകരാജ്യങ്ങളെപ്പോലെ ജപ്പാനും കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ എടുത്ത് സഞ്ചാരവും സന്പർക്കവും വിലക്കിയപ്പോൾ പിതാവും അത് അനുസരിച്ചു. മേയ് ഏഴിന് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യമുണ്ടായി. പിറ്റേന്നു രാവിലെ വിശുദ്ധ കുർബാനയ്ക്കും തുടർന്നു പ്രഭാത ഭക്ഷണത്തിനും കാണാതിരുന്നപ്പോഴാണ് അദ്ദേഹത്തിന്‍റെ മുറി തുറക്കുന്നതും വീണു കിടക്കുന്ന പിതാവിനെ കാണുന്നതും. ഉടൻതന്നെ ടോക്കിയോയിലെ നിഹോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. കഠിനമായ മസ്തിഷ്കാഘാതത്തിന് അദ്ദേഹം വിധേയനായതായി ഡോക്ടർമാർ കണ്ടെത്തി. മൂന്നു മാസക്കാലം അവിടെ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് അഞ്ചിനു ടോക്കിയോയിലെതന്നെ സെന്‍റ് മേരീസ് മിഷൻ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റി.

ആഴ്ചയിൽ മൂന്നു ദിവസം പിതാവിന്‍റെ സെക്രട്ടറി മോണ്‍. വെഞ്ചസ്ലാവ് ടുമിറും സ്റ്റാഫംഗങ്ങളും ഞാനും അദ്ദേഹത്തെ സന്ദർശിക്കുകയും പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ കൂടുതൽ സന്ദർശനങ്ങൾ വിലക്കി. ആദ്യത്തെ ഏതാനും ആഴ്ചകൾക്കുശേഷം അദ്ദേഹം ഞങ്ങളുടെ സംസാരത്തോട് പ്രതികരിക്കുവാൻ തുടങ്ങി. പ്രത്യേകിച്ചും ഞാൻ പറയുന്ന മലയാളം വർത്തമാനങ്ങളോട്. പക്ഷെ സംസാരശേഷിയും ക്രമേണ ദുർബലമായി. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് അയക്കാനല്ല ജീവന്‍റെ നാഥനായ ദൈവം ആഗ്രഹിച്ചത്, തന്‍റെ അടുത്തേക്ക് വിളിക്കാനാണ്. അങ്ങനെ പരി. കന്യാമറിയത്തിന്‍റെ ജനനത്തിരുനാൾ ദിവസമായ സെപ്റ്റംബർ എട്ടാംതീയതി, രാവിലെ 1.29-ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ആഗോള കത്തോലിക്കാ സഭയിലെ നയതന്ത്ര വിഭാഗത്തിൽ അത്യധികം ശോഭിച്ച മഹദ് വ്യക്തിയാണ് ചേന്നോത്ത് പിതാവ്. വൈദിക പരിശീലനത്തിന്‍റെ മുഖ്യപങ്കും റോമിൽ നിർവഹിച്ച അദ്ദേഹം നയതന്ത്ര വിഭാഗത്തിൽ ആദ്യം ജോലി ചെയ്യുന്നത് ആഫ്രിക്കയിലാണ്; കാമറൂണ്‍, ഗാബോണ്‍, ഗ്വിനിയ രാജ്യങ്ങളിൽ. തുർക്കിയിലായിരുന്നു പിന്നീട്. തുടർന്നു രണ്ടു വർഷം റോമിലെ വിദേശകാര്യ കേന്ദ്ര ഓഫീസിൽ. പിന്നീട് ബെൽജിയം, ലക്സംബർഗ്, യൂറോപ്യൻ യൂണിയൻ, സ്പെയിൻ, ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫിൻലാൻഡ്, ഐസ് ലൻഡ്, തായ് വാൻ രാജ്യങ്ങളിൽ സേവനം ചെയ്തു. 1999-ൽ മെത്രാനായി നിയമിതനായശേഷം ആഫ്രിക്കയിലെ ചാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നൂണ്‍ഷ്യോ ആയി പ്രവർത്തിച്ചു. 2011ലാണ് ജപ്പാൻ നൂണ്‍ഷ്യോയായി ജോലി തുടങ്ങുന്നത്.

2011 മാർച്ച് 11നുണ്ടായ അതിഭീകരമായ തൊഹൊക്കു ഭൂകന്പത്തിന്‍റെയും തുടർന്നുണ്ടായ സുനാമികളുടെയും ഫുക്കുഷിമ ആണവ നിലയത്തിന്‍റെ തകർച്ചയുടെയും നടുക്കം വിട്ടുമാറാത്ത ഒരു നാട്ടിലേക്കാണ് മാർ ചേന്നോത്ത് വത്തിക്കാന്‍റെ മുഖ്യ നയതന്ത്രജ്ഞനായി കടന്നു വന്നത്. ജപ്പാനിലെത്തിയ അദ്ദേഹം ആദ്യം ചെയ്തത് ദുരന്തമേഖലകൾ സന്ദർശിക്കുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയുമാണ്. ക്ലേശമനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയും അവരെ സഹായിക്കാനുള്ള സന്നദ്ധതയും ആദ്യത്തെ സ്വീകരണത്തിൽതന്നെ അറിയിച്ച പിതാവ് അന്നു തന്നെ ജപ്പാൻകാരുടെ മനം കവർന്നു.


കാൽ നൂറ്റാണ്ടായി ജപ്പാനിൽ ജീവിക്കുന്ന എന്‍റെ അഭിപ്രായം ജപ്പാനിൽ ജോലി ചെയ്യുന്നതും ജീവിക്കുന്നതും എളുപ്പമാണെങ്കിലും ജപ്പാൻകാരുടെ സ്നേഹവും താൽപര്യവും പിടിച്ചുപറ്റുക അത്ര എളുപ്പമല്ലെന്നാണ്. ജപ്പാനിലെ മെത്രാന്മാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവർക്ക് ഇംഗ്ലീഷ്, ഇറ്റാലിയൻ പോലുള്ള യൂറോപ്യൻ ഭാഷകളിൽ അത്ര പ്രാവീണ്യമില്ല. ജാപ്പനീസ് ആണ് അവരുടെ ഏക മാധ്യമം. അതിനാൽതന്നെ ഭാഷാപരമായ തടസം അടുത്തബന്ധം സ്ഥാപിക്കുന്നതിന് തടസമാണ്. നൂണ്‍ഷ്യോയുടെ ഒൗദ്യോഗികപദവിയും അകലം പാലിക്കാൻ പ്രേരിപ്പിക്കും.


ചേന്നോത്ത് പിതാവിന്‍റെ നിഷ്കപടവും വിനയാന്വിതവുമായ പെരുമാറ്റ ശൈലിയും ജാപ്പനീസ് ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള ആത്മാർഥ ശ്രമവും അദ്ദേഹത്തെ സ്നേഹിക്കാൻ ജപ്പാൻകാരെ പ്രേരിപ്പിച്ചു. പ്രസംഗങ്ങളെല്ലാം ജാപ്പനീസ് ഭാഷയിലെഴുതി, റോമൻ ലിപിയിലാക്കി നേരത്തെതന്നെ വായിച്ചു പഠിച്ചാണ് പറഞ്ഞിരുന്നത്. പിതാവിന്‍റെ എളിമയും മറ്റുള്ളവരോടു പ്രകടിപ്പിച്ചിരുന്ന ബഹുമാനവും ആതിഥ്യമര്യാദയുമൊക്കെ എടുത്തു പറയേണ്ട സദ്ഗുണങ്ങളാണ്.


ടോക്കിയോയിലെ മലയാളികളുടെയും പ്രിയപ്പെട്ട പിതാവായിരുന്നു മാർ ചേന്നോത്ത്. അവരൊടൊപ്പം ഒന്നിച്ചു കൂടുവാനും വിശുദ്ധ കുർബാന അർപ്പിക്കുവാനും ആഘോഷങ്ങളിൽ പങ്കെടുക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. പെരുമാറ്റത്തിലെ ഉൗഷ്മളതയും ആർമാർത്ഥതയും കുലീനതയും ഓരോരുത്തരോടുമുള്ള സ്നേഹപൂർണ്ണമായ കരുതലും അദ്ദേഹത്തിന് സ്വതസിദ്ധമായിരുന്നു. മാർപാപ്പയുടെ 2019 ലെ ജപ്പാൻ സന്ദർശനത്തിന്‍റെ സൂത്രധാരനായിരുന്നു ചേന്നോത്തു പിതാവ്. പരി. പിതാവിന്‍റെ സമാധാന സന്ദേശങ്ങൾക്കുള്ള വേദിയായി ജപ്പാൻ മാറി. സന്ദർശന പരിപാടിയുടെ പ്ലാനിംഗ് ഘട്ടം മുതൽ ചേന്നോത്ത് പിതാവിന്‍റെ സകല ശ്രദ്ധയും അതിലായിരുന്നു. അതൊരു വൻവിജയമായത് പിതാവിന്‍റെ ഇടപെടൽ കൊണ്ടാണെന്നതും ഏവർക്കും സുവിദിതമാണ്.

മരണത്തിന്‍റെ തലേന്ന്, സെപ്റ്റംബർ 7-ാം തീയതി ഉച്ചയ്ക്ക് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. പിതാവേ എന്ന വിളിക്ക് മറുപടിയായി എന്നെ നോക്കിയപ്പോൾ ആ കണ്ണുകളിൽ ഉണ്ടായിരുന്ന തിളക്കം-അതെന്‍റെ ഹൃദയത്തിൽ എപ്പോഴുമുണ്ടാകും. ആ മുഖത്ത്, വിശേഷങ്ങൾ അറിയാനും സംസാരിക്കാനുമുള്ള തിടുക്കം ഞാൻ വായിച്ചറിഞ്ഞു. സ്വന്തം വേദനയെക്കാളുപരി സഹജീവികളുടെ പ്രശ്നങ്ങളിൽ അലിവുള്ള ആ മനസ് ആ മുഖത്ത് പ്രതിഫലിച്ചു. എപ്പോൾ കണ്ടാലും ഒരു വാക്കെങ്കിലും ജപ്പാൻ ഭാഷയിൽ പറയാൻ ശ്രമിക്കുമായിരുന്ന പിതാവിന് എന്‍റെ അവസാവത്തെ വാക്ക് "സയനോര’ പിതാവേ. സയനോര(ഡുഡ് ബൈ), സ്നേഹവും നന്ദിയും നിറഞ്ഞ സയനോര.

ഡോ. സാലി അഗസ്റ്റിൻ എസ്.ജെ.
പ്രഫസർ, സോഫിയാ യൂണിവേഴ്സിറ്റി, ടോക്കിയോ, ജപ്പാൻ.