ഫാ. റോമാൻസ് ആന്റണി
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാൻസ്ഥാനം ഏറ്റെടുത്തിട്ട് 25 വർഷം.
അനുഗ്രഹങ്ങളുടെ വർഷധാര തീർത്ത രജതജൂബിലി ആഘോഷിക്കുന്പോൾ മാവേലിക്കരക്കാർക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും സുമനസുകളായ ഏവർക്കും ഇത് ദൈവകൃപകൾക്ക് നന്ദി പറയുവാനുള്ള അവസരമാണ്.
സൗമ്യഭാവംകൊണ്ടും പക്വമാർന്ന പ്രതികരണങ്ങൾക്കൊണ്ടും പൊതുസമൂഹത്തിൽ ജനസമ്മതി നേടിയ മെത്രാനാണ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. വളരെ ചുരുങ്ങിയ ഒരു കാലയളവിലാണ് മാവേലിക്കര ഭദ്രാസനത്തെ സർവസന്നാഹങ്ങളുംകൊണ്ട് അദ്ദേഹം സുസജ്ജമാക്കിയത്.
ഓണാട്ടുകരയുടെ ഹൃദയം കവർന്ന ബിഷപ് ജോഷ്വാ മതങ്ങളുടെ വേലിക്കെട്ടുകളൊക്കെ തകർത്തെറിഞ്ഞ് വിശാല മാനവികതയുടെ പ്രതീകമായി മാറിയിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളിലെയും ആഘോഷങ്ങളിലും ചടങ്ങുകളിലും തന്റെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം നല്കുന്ന സന്ദേശം മതങ്ങൾക്കപ്പുറത്തുള്ള ഒരു സംസ്കൃതി ഈ നാടിനാവശ്യമാണ് എന്നതാണ്. ബിഷപ് ജോഷ്വായുടെ അജഗണം മാവേലിക്കര ഭദ്രാസനത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കൂട്ടായ്മകളിലും കൂടിവരവുകളിലും പങ്കെടുത്ത് നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമുള്ള സന്ദേശം അദ്ദേഹം നല്കുന്നതിന്റെ ഇരുപത്തിയഞ്ച് വർഷമാണ് പൂർത്തീകരിക്കപ്പെടുന്നത്.
"ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആർഷഭാരത ആശംസാവാക്യം ജീവിതമുദ്രയാക്കിയ ആളാണ് ബിഷപ് ജോഷ്വാ. എല്ലാവിഭാഗം ജനങ്ങളോടുമുള്ള കരുതലാണ് ഈ പ്രവർത്തനശൈലിയുടെ പിന്നിലുള്ള ചേതോവികാരം.
വിശാല മാനവികതയുമായാണ് അദ്ദേഹം കേരളജനതയോട് സംവാദം ചെയ്യുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഉപാധ്യക്ഷൻ എന്നീ നിലകളിൽ സേവനം ചെയ്ത് കേരളത്തിന്റെയും ഭാരതത്തിന്റെയും വിശാല ഭൂമികയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ബിഷപ് ജോഷ്വായുടെ സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസ പരിഷ്കർത്താവും മദ്യനിരോധന പ്രസ്ഥാനത്തിന്റെ ഉന്നതതല നേതാവുമൊക്കെയായി പ്രവർത്തിച്ച വലിയ പാരന്പര്യമാണ് ഈ മെത്രാനുള്ളത്.
ഒരു മെത്രാന് കല്പിച്ചു നൽകപ്പെട്ട ഉത്തരവാദിത്വങ്ങൾ പലതാണ്. ജനസമൂഹത്തെ വിശുദ്ധീകരിക്കുക, നിത്യസത്യങ്ങൾ അവരെ പഠിപ്പിക്കുക, ലോകസംഭവങ്ങളെ വ്യാഖ്യാനിച്ച് വേദസത്യങ്ങൾക്ക് കാലികമായ അസ്തി ത്വം നല്കുക എന്നതെല്ലാം മെത്രാന്റെ ചുമതലയിൽപ്പെട്ടതാണ്. ജനത്തെ വിശുദ്ധീകരിക്കുകയെന്നു പറയുന്നത് പള്ളിയകത്ത് നടക്കുന്ന ബലിയർപ്പണത്തിലൂടെ മാത്രമല്ല. അനുദിന ജീവിതത്തിലെ യാഥാർഥ്യൾക്കുനടുവിൽ വിശുദ്ധി കണ്ടെത്തുകയെന്ന വലിയ അന്വേഷണത്തിലാണ് മനുഷ്യസമൂഹം മുഴുവനും. ഈ അന്വേഷണത്തിനു ദിശാബോധം നല്കുകയെന്നുള്ളതാണ് എല്ലാ മെത്രാന്മാരുടെയും ചുമതല.
നിത്യസത്യങ്ങൾ പഠിപ്പിക്കുക എന്നത് സനാതന മൂല്യങ്ങളുടെ ബഹുമുഖ സമുച്ചയത്തെ തലമുറകൾക്കു കൈമാറുക എന്നുള്ള വെല്ലുവിളിയാണത്. പരന്പരാഗത മൂല്യങ്ങൾ പലതും ചോദ്യംചെയ്യപ്പെടുന്ന കാലയളവിൽ, കുടുംബമെന്ന സ്ഥാപനം പോലും നിലനില്പ്പിനുവേണ്ടി പോരാടുന്പോൾ, ബദൽ മാർഗങ്ങൾ തിരയുന്ന തലമുറകൾക്കു മുന്പിൽ പാരന്പര്യമൂല്യങ്ങളെ ആധുനിക കാഴ്ച്ചപ്പാടിൽ കോർത്തിണക്കുകയെന്നുള്ള വെല്ലുവിളിയാണ് മെത്രാനുള്ളത്.
ബിഷപ് ജോഷ്വാ എല്ലാ അർഥത്തിലും ഒരു പ്രബോധകനാണ്. തന്നെ ക്ഷണിക്കുന്ന എല്ലാ സദസുകളിലും അദ്ദേഹം നിത്യസത്യങ്ങളെ ധീരമായി പ്രഘോഷിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നുണ്ട്.
ക്രൈസ്തവ മെത്രാൻ സത്യത്തിന്റെ കാവൽക്കാരനാണ്. അയാൾക്ക് വിട്ടുവീഴ്ച്ചയില്ലാതെ സത്യം പുരയുടെ മുകളിൽനിന്നു പ്രഘോഷിക്കാനുള്ള ഉത്തരവാദിത്വമാണുള്ളത്. സത്യധർമാദികൾ കാത്തുസൂക്ഷിക്കുവാൻ കാവൽക്കാരെ ആവശ്യമായ ഒരു കാലയളവാണിത്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ വരുന്പോൾ നമുക്ക് ആശ്രയിക്കാവുന്ന ഒരാളാണ് ബിഷപ് ജോഷ്വാ.
മനുഷ്യസമൂഹത്തോട് സംവാദം ചെയ്യുവാനുള്ള വലിയ താത്പര്യം അദ്ദേഹത്തിനുണ്ട്. ഈ കാലഘട്ടത്തിലെ മനുഷ്യരുടെ സുഖദുഃഖങ്ങളോട്, മോഹങ്ങളോട്, സ്വപ്നങ്ങളോട്, സ്വപ്നത്തകർച്ചകളോട്, മോഹഭംഗങ്ങളോട് ഒക്കെ ചേർന്നുനില്ക്കാനുള്ള ജാഗ്രത അദ്ദേഹം എപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടയനെന്നതും ഇടയശുശ്രൂഷയൊന്നതും ഒരു ജനത്തെ നയിക്കാനുള്ള ഉത്തരവാദിത്വമാണ്.
കാലഘട്ടത്തോട് സംവാദം ചെയ്തു മാത്രമേ ഒരു നേതാവിന് ഇന്ന് അണികളെ നയിക്കുവാൻ കഴിയൂ. സംവാദം അർഥപൂർണമാകുന്നത് മനുഷ്യഹൃദയങ്ങളുടെ ഉള്ളിലേക്ക് നോക്കി അവരുടെ നൊന്പരങ്ങൾ ഒപ്പിയെടുക്കുന്പോഴാണ്. മനുഷ്യരുടെ കണ്ണീരൊപ്പാൻ ബിഷപ് ജോഷ്വാ ഏർപ്പെടുത്തിയ വിവിധ സംരംഭങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്.
മെത്രാൻ പ്രവാചകൻകൂടിയാണ്. ഒരാൾ പ്രവാചകനാകുന്നത് ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് വ്യാഖ്യാനം നല്കുന്പോഴാണ്. ഭീരുക്കളുടെ എണ്ണം കൂടിവരുന്ന കാലമാണിത്. സ്തുതിപാഠകരുടെ എണ്ണവും വർധിക്കുന്നു. ഭരണകർത്താക്കളെ പ്രീതിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്.
അക്കൂട്ടത്തിൽ ചിലതിനോടെല്ലാം കണ്ണടയ്ക്കാനും ചെവി പൊത്തിപ്പിടിക്കാനും സംസാരിക്കാതിരിക്കാനും പ്രതികരിക്കാതിരിക്കാനുമാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. അധിക്ഷേപങ്ങൾ ഏറ്റുവാങ്ങുന്ന ജനത്തോട് കൂടെനിൽക്കാൻ ആളു കുറയുന്ന ഈ കാലയളവ്, "മാനിഷാദാ’ എന്നും "ആ മനുഷ്യൻ നീ തന്നെ’ എന്നും വിളിച്ചുപറയുന്ന പ്രവാചകരെ ആവശ്യമുള്ള കാലഘട്ടംകൂടിയാണ്. അവിടെയാണ് ബിഷപ് ജോഷ്വാ തന്റെ പ്രവാചകദൗത്യം നിറവേറ്റുന്നത്.
അജപാലന ശുശ്രൂഷയിൽ ലഭ്യമായ വേളകളിലെല്ലാം പ്രവാചകനാകാനുള്ള അവസരങ്ങൾ അദ്ദേഹം വിട്ടുകളഞ്ഞിട്ടില്ല. ഓണാട്ടുകരയുടെ അതിർത്തികൾക്കപ്പുറം ചെന്നുനിൽക്കുന്ന ഒരു വലിയ ശുശ്രൂഷയ്ക്ക് കളമൊരുക്കിയ ഈ സൂര്യതേജസിന്റെ പ്രഭ ജ്വലിച്ചുതന്നെ നിൽക്കട്ടെ.