പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
Tuesday, May 15, 2018 12:38 PM IST
* ഇൻസുലിൻ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.
* ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവിൽ മാറ്റം വരുത്താവൂ.
* പ്രമേഹബാധിതർ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.
* പ്രമേഹബാധിതരിൽ ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാൽ യാത്രാവേളയിൽ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാൻ പ്രയോജനപ്പെടും.
* മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകൾ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
* പ്രമേഹരോഗികൾ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.
* രാവിലത്തെ ഭക്ഷണത്തിനു മുന്പും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.
* ചർമസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം
* പാദസംരക്ഷണത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തണം.
* പ്രമേഹം കാലുകളിലെ ഞരന്പിനെ ബാധിക്കാനിടയുളളതിനാൽ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധനയ്ക്കു വിധേയമാകണം.
* മദ്യപാനം ഉപേക്ഷിക്കണം. ബിയർ പോലും ഉപയോഗിക്കരുത്.
* ആഹാരത്തിന്റെ അളവിൽ നിയന്ത്രണംപാലിക്കണം; കഴിക്കുന്നതിൽ സമയനിഷ്ഠയും.
* വ്യായാമം എല്ലാ ദിവസവും ഒരേതോതിൽ
ചെയ്യണം. ഹൃദ്രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമമുറകൾ സ്വീകരിക്കണം.
പ്രമേഹം പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല; എന്നാൽ ഡോക്ടറുടെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കാനുളള മനസും ജീവിതശൈലിയിൽ വരുത്താവുന്ന ഗുണപരമായ മാറ്റവും പ്രമേഹം നിയന്ത്രിക്കാൻ സഹായകം.