ദഹനം, വിഷാംശം ഇല്ലാതാക്കല്‍ വെളുത്തുള്ളി ദഹനത്തെ സഹായിക്കാനും ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. ദഹന എന്‍സൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കാനും ആരോഗ്യകരമായ കുടല് കാത്തുസംരക്ഷിക്കാനും വെളുത്തുള്ളിയിലൂടെ സാധിക്കും.
അതുപോലെ മലബന്ധം പോലുള്ള ദഹന വൈകല്യങ്ങളുടെ സാധ്യതയും കുറയ്ക്കും. ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുന്നതില്‍ കരളിനെ സഹായിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
വിഷവസ്തുക്കളെയും കനത്ത ലോഹങ്ങളെയും ഇല്ലാതാക്കി ശരീരത്തിലെ ശുദ്ധീകരണ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാണ്.
കാന്‍സര്‍ പ്രതിരോധം, അസ്ഥി ആരോഗ്യം വെളുത്തുള്ളിക്ക് കാന്‍സര്‍ പ്രതിരോധ ശക്തി ഉണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച, ട്യൂമറുകളുടെ രൂപീകരണം എന്നിവ തടയാനുള്ള സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അതുപോലെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മാംഗനീസ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാലും വെളുത്തുള്ളി സമ്പന്നമാണ്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് അസ്ഥികളുടെ ബലക്കുറവും തേയ്മാനവും കുറയ്ക്കാനും സഹായിക്കും.
ഷുഗര്‍ നിയന്ത്രണം, ശ്വസനം ഷുഗര്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ കുറവ് വരുത്താന്‍ വെളുത്തുള്ളിക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ വെളുത്തുള്ളിക്ക് മ്യൂക്കോലൈറ്റിക് ഗുണങ്ങളുണ്ട്.
കഫം കുറയ്ക്കാനും ശ്വസനവ്യവസ്ഥയിലെ കഫക്കെട്ടിലൂടെയുള്ള തടസം നീക്കാനും ഇത് സഹായിക്കും. ജലദോഷം, പനി, ശ്വാസകോശ അണുബാധകള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.