സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
Friday, September 29, 2023 5:03 PM IST
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണ് വസ്തുത.
‘ഹൃദ്യമായി ഹൃദയത്തെ മനസിലാക്കൂ' എന്നാണ് ലോക ഹൃദയ സംഘടന 2023ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് ഹൃദയദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു.
നമ്മള് ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നമുക്കുചുറ്റുമുള്ളവര്ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
* പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
* ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
* പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക.
മാനസിക സമ്മര്‍ദം കുറയട്ടെ. ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ പല തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്ത സമ്മര്‍ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം, ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ എന്നിവയിലൂടെ നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ
നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയമാവുക - ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും. രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വസാധാരണമായി ലഭ്യമാണ്.
മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയും ആവശ്യമായി വന്നേക്കാം. ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ - അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം.
തിരുവനന്തപുരം.