ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പകരുന്നത് ഇങ്ങനെ...
Thursday, July 7, 2022 5:03 PM IST
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളല്ല. രോഗബാധയുള്ളവരെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. അതും ഒരു കടി തന്നെ ധാരാളം. ആയതിനാൽ രോഗമുള്ളവർ നിർബന്ധമായും കൊതുക് വല ഉപയോഗിക്കണം.
കൊതുകിനെ തോൽപ്പിക്കാൻ...
പെൺവർഗത്തിൽപെട്ട ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകളാണ് ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്നത്.
പകൽസമയത്ത് മങ്ങിയ വെളിച്ചത്തിൽ ഇവ കൂടുതലായി കടിക്കുകയും ചെയ്യും. ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുകുകടി ഏൽക്കാതിരിക്കാൻ നല്ലത്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടിയാൽ...
ഓട വൃത്തിയാക്കുകയോ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ പകരാവുന്നതാണ്. എലിയുടെ മൂത്രം വീണ ആഹാരമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.
മലിനജലത്തിൽ ഇറങ്ങിയാൽ
കെട്ടിനിൽക്കുന്ന ശുദ്ധജലം കൊതുകുകൾ വർധിക്കുന്നതിന് ഇടയാക്കുന്നു. അതുപോലെ കെട്ടിനിൽക്കുന്ന മലിനജലത്തിൽ ഇറങ്ങിയാൽ എലിപ്പനി ബാധിക്കുന്നതിനും കാരണമാകും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആഭ്യന്തര യാത്രകൾ മലേറിയ വർധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും.
ഡെങ്കി അപകടമാകുന്നത്
ഒന്നര ലക്ഷം മുതൽ നാലു ലക്ഷം വരെ സാധാരണ കാണുന്ന പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ വെറും ഇരുപതിനായിരത്തിലേക്ക് താഴുന്നത് അപകടം ക്ഷണിച്ചുവരുത്തും. ആശുപത്രി വാസവും ആവശ്യമായിവരും.
ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ...
മിക്ക പകർച്ചവ്യാധികളും ശരിയായി ചികിത്സിച്ചുമാറ്റാതെ തുടർന്നു നിന്നാൽ ഹൃദയം, ശ്വാസകോശം, തലച്ചോറ്, വൃക്ക തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും.
പകർച്ചപ്പനി വന്നാൽ...
* പനി വന്നാൽ പൂർണ വിശ്രമം അനിവാര്യം.
* 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
* കുടിക്കാനുള്ള വെള്ളം ചുക്ക്, തുളസിയില, മല്ലി എന്നിവ ഇട്ട് 5 മിനിറ്റ് എങ്കിലും വെട്ടി തിളപ്പിക്കണം.
ഷഡംഗ ചൂർണം
വെള്ളം തിളപ്പിച്ച് കുടിക്കാൻ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നു ഷഡംഗ ചൂർണം സൗജന്യമായി ലഭ്യമാണ്. (തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481