കുഞ്ഞുങ്ങളിലെ ഹൃദ്രോഗം
എത്രമാത്രം സന്തോഷത്തോടെയാണ് കുടുംബം ഒരു കുഞ്ഞിന്റെ ജനനം വരവേല്‍ക്കുന്നത്. കേരളത്തിലാണെങ്കില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളില്‍ കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യത കുറവ്. ജനിച്ച് മണിക്കൂറുകള്‍ക്കകമോ ദിവസങ്ങള്‍ക്കകമോ കുഞ്ഞിന് ജന്മനാലേ ഹൃദയത്തിന് അസുഖമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞാല്‍, മാതാപിതാക്കള്‍ക്ക് എന്തുമാത്രം ഞെട്ടലുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്ര സാധാരണമല്ല കുട്ടികളില്‍ ഹൃദ്രോഗം എങ്കിലും ഈ പ്രശ്‌നത്തിന് നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ വളരെ പ്രാധാന്യമുണ്ട്.

പൊതുവേയുള്ള കണക്കനുസരിച്ച് 1000ല്‍ എട്ട് കുട്ടികള്‍ക്കാണ് ഹൃദയത്തില്‍ ജന്മനാ അസുഖമുണ്ടാകുന്നത്. ഇതില്‍ മൂന്നിലൊന്ന് കുട്ടികളുടെ അസുഖം അതീവ ഗുരുതരസ്വഭാവ മുള്ളതായിരിക്കും. ഇതിന്റെ അര്‍ഥം ശൈശവത്തിന്റെ ആദ്യവാരങ്ങളില്‍ത്തന്നെ കൃത്യമായ ചികിത്സ (ഓപ്പറേഷന്‍, കത്തീറ്റര്‍ മൂലമുള്ള ചികിത്സ) ലഭിച്ചെങ്കിലേ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ജീവിതം സാധ്യമാകൂ എന്നാണ്. ശിശുമരണനിരക്ക് പത്തില്‍താഴെ എത്തിനില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഈ കണക്കനുസരിച്ച് ഹൃദ്രോഗംമൂലമുള്ള മരണം മൊത്തമുള്ള മരണനിരക്കിന്റെ മൂന്നിലൊന്നായി മാറുന്നു. ബിഹാര്‍ പോലെ നൂറിന് മുകളില്‍ ശിശുമരണനിരക്കുള്ള സംസ്ഥാനങ്ങളില്‍ ഹൃദ്രോഗംമൂലമുള്ള അപകടം താരതമ്യേന ചെറുതായി തോന്നാം. പക്ഷേ വികസിത രാജ്യങ്ങള്‍ക്കൊപ്പം ആരോഗ്യപരിപാലന സൂചികകള്‍ നില്‍ക്കുന്ന കേരളത്തില്‍ അങ്ങനെയാവുക വയ്യ.

ഫലപ്രദമായ ചികിത്സ

ജന്മനാലുള്ള ഹൃദ്രോഗങ്ങളുടെ ചികിത്സയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതലത്തില്‍, വളരെ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. അന്‍പതു വര്‍ഷം മുന്‍പ് കുട്ടികളിലെ ഗുരുതരമായ ഹൃദ്രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കുറവായിരുന്നു. എന്നാല്‍, ഇന്ന് കുഞ്ഞുങ്ങളില്‍ കാണാറുള്ള ഏറെക്കുറെ ഏതുതരം ഹൃദ്രോഗങ്ങളും പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയുകയോ ആശ്വാസം കൊടുക്കുകയോ ചെയ്യാന്‍തക്ക ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഒരു കാലത്ത് വളരെ ഗുരുതരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് ഇന്ന്, നവജാതശിശുക്കളിലും അല്‍പ്പംകൂടി പ്രായമായ ശിശുക്കളിലും നടത്തുന്ന ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള വിജയകരമായ ചികിത്സകളുടെ ഫലമായി അഞ്ചു ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നു.

രോഗങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് നീലനിറം ഉണ്ടാകുന്നത്, ശുദ്ധരക്തവും അശുദ്ധരക്തവും ഹൃദയത്തിനുള്ളില്‍ കൂടിക്കലരുമ്പോഴാണ്. ഈ വിഭാഗത്തില്‍പ്പെട്ട ചില പ്രധാനപ്പെട്ട രോഗങ്ങളാണ് ടെട്രാലെജി ഓഫ് ഫാല്ലോ ( ഹൃദയത്തിന്റെ താഴത്തെ അറകള്‍ക്കിടയില്‍ വലിയ ഒരു ദ്വാരമുണ്ടായിരിക്കുകയും, ശ്വാസകോശത്തിലേക്കുള്ള രക്തധമനി അടഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ), റ്റി ജി എ (ഹൃദയത്തിന്റെ പ്രധാനപ്പെ രണ്ട് രക്തക്കുഴലുകളും വിപരീത അറകളില്‍ ഉദ്ഭവിക്കുന്ന അവസ്ഥ). ഈ പറഞ്ഞ രണ്ട് രോഗാവസ്ഥകള്‍ക്ക് ഇന്നത്തെ കാലത്ത് വന്നിരിക്കുന്ന വ്യത്യാസമാണ് മേല്‍ വിവരിച്ച കണക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്.

രോഗം നേരത്തെ കണ്ടെത്താം

ഇങ്ങനെ വന്നിരിക്കുന്ന ഗുണപരമായ വ്യതിയാനം ആരോ ഗ്യപരിപാലനരംഗത്തിന് ഒരു പുതിയ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു ഇത്തരം രോഗങ്ങള്‍ എത്രയും നേരത്തെ കണ്ടുപിടിച്ച് അത്തരം കുട്ടികളെ യഥാസമയം ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണത്. പരമ്പരാഗതമായി രോഗത്തെക്കുറിച്ച് ചിന്തിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് അകാരണമായ ശ്വാസംമുട്ടല്‍, ശരീരത്തില്‍ നീലനിറം എന്നീ ലക്ഷണങ്ങള്‍ കാണുമ്പോഴാണ്. ഡോക്ടര്‍മാര്‍ മറ്റെന്തെങ്കിലും രോഗങ്ങളുടെ ചികിത്സക്കായി കുട്ടികളെ പരിശോധിക്കുമ്പോള്‍ ഹൃദയത്തിന്റെ ശബ്ദങ്ങള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ (Murmurs)െ രോഗനിര്‍ണ്ണയത്തിലേക്ക് വഴിതെളിക്കാറുണ്ട്. എന്നാല്‍ ഇന്ന് നാം പരിശ്രമിക്കുന്നത് ഇതിനൊക്കെ വളരെ മുമ്പ് രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനാണ്. ഈ ശ്രമം ഗര്‍ഭാവസ്ഥയിലേ തുടങ്ങും. ഇന്ന് ഗര്‍ഭസ്ഥശിശുവിനെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കുന്നത് സര്‍വസാധാരണമാണല്ലോ. ആ സമയത്ത് അല്പംകൂടി ശ്രദ്ധചെലുത്തിയാല്‍ ഗൗരവമുള്ള ചില വൈകല്യങ്ങള്‍ ഹൃദയത്തിനുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ സാധിക്കും. അങ്ങനെ സംശയം തോന്നുന്ന ഗര്‍ഭസ്ഥശിശുക്കളെ കൂടുതല്‍ വൈദഗ്ധ്യം ആവശ്യമായ ഫീറ്റല്‍ ഇക്കോ കാര്‍ഡിയോഗ്രഫി പരിശോധനയ്ക്ക് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ വിധേയനാക്കും. ഇതിലൂടെ ഗുരുതരമായ ഹൃദയവൈകല്യങ്ങള്‍ ജനിക്കുന്നതിനു മുന്‍പേ കണ്ടുപിടിക്കാന്‍ സാധിക്കുന്നു. അങ്ങനെയുള്ള ഗര്‍ഭിണികളുടെ പ്രസവം, ഹൃദയശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ നടത്താനായി പ്ലാന്‍ ചെയ്താല്‍ ജനിച്ച ഉടനെതന്നെ കുഞ്ഞിന് വേണ്ട തീവ്രപരിചരണം കൊടുക്കുന്നതിന് സാധ്യമാകുന്നു. ഇത് നവജാതശിശുവിനെയുംകൊണ്ട് മാതാപിതാക്കള്‍ നെട്ടോമോടുന്ന സാഹചര്യം ഒഴിവാക്കുന്നു. ഈ രീതിക്ക് കേരള ത്തില്‍ പതുക്കെപ്പതുക്കെ പ്രചാരം സിദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഇതിന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നുമുണ്ട്.


ഹൃദ്രോഗനിര്‍ണയം നവജാത ശിശുക്കളില്‍

ഹൃദ്രോഗനിര്‍ണയം നേരത്തെ സാധ്യമാകുന്നതിന് ഉള്ള ഒരു വലിയ ചുവടുവയ്പ് കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. നവജാതശിശുക്കളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്‍പായി അവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഒരു പ്രത്യേക ഉപകരണം (പള്‍സ് ഓക്‌സി മീറ്റര്‍) ഉപയോഗിച്ച് കണ്ടുപിടിക്കുന്ന രീതിയാണത്. ഈ ചെറിയ പരിശോധനയിലൂടെ മറ്റ് ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത അതീവ ഗുരുതരമായ ചില രോഗങ്ങളെ വളരെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ഈ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

കേരളത്തില്‍ ഒരു വര്‍ഷം എണ്ണൂറില്‍ താഴെ ശിശുമരണങ്ങള്‍ ജന്മനാലുള്ള ഹൃദ്രോഗം നിമിത്തം സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മരണനിരക്ക് കാര്യമായി കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ 'ഹൃദ്യം' പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍, പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം ഈ മഹാസംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സംരംഭം ഇന്ത്യയിലെ വേറെ ഏത് സംസ്ഥാനത്തേക്കാളും കാര്യക്ഷമമായി നടപ്പാക്കാനാണ് കേരളം പരിശ്രമിക്കുന്നത്.

ചില അസുഖങ്ങള്‍ക്ക് കത്തീറ്റര്‍ വഴിയുള്ള ചികിത്സ നല്‍കുന്നതിലാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായത്. വിശേഷിച്ച് അടഞ്ഞ ഹൃദയവാല്‍വുകള്‍ തുറക്കുന്നതിനും ഹൃദയത്തിനകത്തുള്ള ചില സുഷിരങ്ങള്‍ അടയ്ക്കുന്നതിനും ഈ ചികിത്സ വളരെ ഫലപ്രദമാണ്. മറ്റ് അനേകം മേഖലകളിലേക്ക് ഈ ചികിത്സാരീതി വികസിച്ചു കൊണ്ടിരിക്കുകയാണ്.

ചികിത്സയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്ക്

ഈ തരത്തിലുള്ള ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടികള്‍ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാണ്. ബഹുഭൂരിപക്ഷം പേരും മറ്റുള്ള കുട്ടികളില്‍ നിന്ന് ഒരു വ്യത്യാസവുമില്ലാതെ വളരുകയും കളിക്കുകയും ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടികള്‍ വലുതായി, സാധാരണ സ്ത്രീകളെപ്പോലെ തന്നെ വിവാഹിതരാവുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. പലര്‍ക്കും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് മാത്രം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കരുതിയിരുന്നത് ജന്മനാല്‍ ഹൃദയത്തിന് രോഗം വന്നാല്‍ തുടര്‍ന്നുള്ള ജീവിതം സാധ്യമല്ലാ എന്നായിരുന്നു. ഈ അവസ്ഥയില്‍നിന്ന് പ്രത്യാശയുടെ ഒരു പുതുയുഗമാണ് പിറന്നിരിക്കുന്നത്. കേരളത്തില്‍ നമുക്ക് ലഭ്യമായ രോഗനിര്‍ണയരീതികളും ചികിത്സാരീതികളും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. വരും വര്‍ഷങ്ങളില്‍ ഹൃദ്രോഗം മൂലമുള്ള ശിശുമരണം വളരെ അപൂര്‍വമാകുന്ന അവസ്ഥയിലേക്ക് നുടെ സംസ്ഥാനം പുരോഗമിക്കും എന്ന് പ്രത്യാശിക്കാം.

ആര്‍ സുരേഷ്‌കുമാര്‍
പീഡിയാട്രിക്‌സ് കാര്‍ഡിയോളജി വിഭാഗം മേധാവി, ബിലീവേഴ്‌സ് ഇന്റര്‍നാഷണല്‍ ഹാര്‍് സെന്റര്‍ ബിലീവേഴ്‌സ് ചര്‍ച്ച്, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍. തിരുവല്ല.