സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
Saturday, January 1, 2022 10:00 AM IST
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്തിന്റെ നല്ലകാലം മുഴുവൻ അധ്വാനിക്കുന്നത് ആ സ്വപ്നത്തിനു നിറം നൽകാനാവും. എന്നാൽ, അടച്ചുറപ്പുള്ള ഒരു വീട് പണിതതു കൊണ്ടുമാത്രം അതിൽ നാം സുരക്ഷിതരാണെന്ന് കരുതാനാവില്ല. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് ഹൈടെക് രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരാണ് ഇന്ന് നാട്ടി ലുള്ളത്. അതുകൊണ്ടുതന്നെ വീട് നിർമാണത്തിനായി ബജറ്റ് തയാറാക്കുന്പോൾ അത്യാവശ്യം വേണ്ട സെക്യൂരിറ്റി ഫിറ്റിംഗിനായും പണം മാറ്റിവയ്ക്കുന്നത് ഉചിതമാകും.
വിദേശരാജ്യങ്ങളിലുള്ള മക്കൾ മണിമാളികപോലുള്ള വീടുകൾ നിർമിച്ച് അതിൽ വൃദ്ധരായ മാതാപിതാക്കളെ മാത്രം താമസിപ്പിച്ചിട്ട് പറക്കുകയാണ് പതിവ്. ചിലരാകട്ടെ, വീടു നിർമിച്ചു സാധനങ്ങളെല്ലാം അതിൽവച്ചു ജോലിസ്ഥലത്തേക്കു പോകും. ഇത്തരത്തിലുള്ള വീടുകളായിരിക്കും പ്രധാനമായും കള്ളന്മാർർ നോട്ടമിടുന്നത്. ആഴ്ചകളെടുത്ത് ഇവരെ നിരീക്ഷിച്ചു മോഷണം നടത്തുന്നതാണു കള്ളന്മാരുടെ രീതി. ചിലപ്പോൾ അതു കൊലപാതകത്തിൽ വരെ ചെന്നെത്താറുണ്ട്.
ലേസർ ഉപയോഗിച്ചു പൂട്ട് പൊളിച്ച് അകത്തു കടന്നു സ്വർണവും പണവും എവിടെ ഇരിക്കുന്നതെന്നു കണ്ടുപിടിക്കാ നുള്ള ടെക്നിക് വരെ ഇപ്പോൾ കള്ള·ാരുടെ കൈകളിൽ ഉണ്ട്. ഇവരെ ചെറുക്കുന്നതിനായി മുൻനിര ബ്രാൻഡുകളുടെ ലോക്കു കളും ഉയരമേറിയ മതിലുകളും ഒന്നും നിർമിച്ചിട്ടു കാര്യമില്ല. പ്രതിരോധമാണ് ഏക മാർഗം.
മോഷണം തടയുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഇതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായം തന്നെ ഉപയോഗപ്പെടുത്തുന്നത് നല്ലതാവും. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കിയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വീടിന്റെ വലിപ്പം, പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം, പ്രത്യേക ശ്രദ്ധ വേണ്ട ഇടങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയായിരിക്കും ഏതു തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്ന് നിശ്ചയിക്കുക. തൊണ്ണൂറു ശതമാനം സുരക്ഷാ മുൻകരുതലുകളും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ബർഗ്ലർ അലാം, സിസി ടിവി, വീഡിയോ ഡോർ ഫോണ് തുടങ്ങിയ സംവിധാനങ്ങളാണ് അടിസ്ഥാനപരമായി ഒരു വീടിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. കാമറ, ലോക്കിംഗ് അലാം, വിവരസാങ്കേതികവിദ്യ, ഇന്റർനെറ്റ്, മൊബൈൽ ആപ്പ്സ് എന്നിവ യെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടോമേഷൻ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങൾ ഇന്നു ഒട്ടുമിക്ക വീടുകളിലും പ്രവർത്തിക്കുന്നത്. വീടിന്റെ അലങ്കാരപ്പണി കൾക്കായി ലക്ഷങ്ങൾ മുടക്കുന്പോൾ സുരക്ഷയ്ക്കായി നിശ്ചിത തുക മാറ്റിവച്ചാൽ ശിഷ്ടകാലം പേടികൂടാതെ ജീവിക്കാം.
സുരക്ഷയ്ക്ക് ബർഗ്ലർ അലാം
വീട് സുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന സുരക്ഷാ ഉപകരണമാണ് ബർഗ്ലർ അലാം. എല്ലാ വീടുകളിലും ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും. വീടുകളിലെ കവർച്ച തടയാൻ ഇത് ഒരു പരിധിവരെ സഹായകമാകും. അനധികൃത മായി ആരെങ്കിലും വീടിനകത്തേക്കു കടക്കാൻ ശ്രമിച്ചാൽ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന അലാം ശബ്ദത്തിൽ മുഴങ്ങും. ശബ്ദം കേട്ടുതന്നെ പുറത്ത് ആളുണ്ടെന്നു തിരിച്ചറിയാൻ സാധിക്കും. പ്രധാന വാതിലുകളോടു ചേർന്നാണ് ബർഗ്ലർ അലാമുകൾ ഘടിപ്പിക്കുക. ആവശ്യമെങ്കിൽ ഗൃഹനാഥനു ബർഗ്ലർ അലാം നിശ്ചിത സമയത്തേക്കു പ്രവർത്തനരഹിതമാക്കു വാനും സാധിക്കും.
വീടിന്റെ ഉള്ളിൽനിന്നാണ് ഇതിന്റെ പ്രവർ ത്തനം. ഇലക്ട്രിക്കും ബാറ്ററി ബാക്ക്അപ്പോടു കൂടിയ ബർഗ്ലർ അലാമുകളും ഉണ്ട്. ഗ്ലാസ് വൈബ്രേഷനനുസരിച്ചുള്ള അലാമു കളും നിലവിലുണ്ട്. ഡോർ സെൻസർ, ഗ്യാസ് സെൻസർ തുട ങ്ങി നിരവധി സംവിധാനങ്ങൾ ഇന്നുണ്ട്.
വീടിന്റെ പുറഭാഗം ഭദ്രമാക്കിയാലേ അകം സുരക്ഷിതമായിരിക്കു. വീടിന്റെ പുറം ഭാഗത്തും ഇത്തരത്തിലുള്ള സെക്യൂരിറ്റി അലാമുകൾ വയ്ക്കാ റുണ്ട്. രാത്രികാലങ്ങളിലും മറ്റും അനധികൃതമായി വീട്ടിൽ എത്തുന്നവരെ ഭയപ്പെടുത്താനും കള്ള·ാരെ പിടികൂടാൻ സമീപവാസികൾക്ക് സിഗ്നൽ നൽകാനും ഈ അലാം സഹായകമാകും.
ഇന്റർകോം
വൃദ്ധരായ അച്ഛനമ്മാരേയും കുട്ടികളേയും ഒറ്റയ്ക്ക് വീട്ടിലാക്കി പോകുന്നവർക്ക് ഏറെ ഫലപ്രദമായ സംവിധാന മാണ് ഇന്റർകോം. വീടിനുള്ളിലെ വിവിധ മുറികളിലിരുന്നു കൊണ്ട് മൈക്രോഫോണ്, ലൗഡ് സ്പീക്കർ എന്നിവവഴി പുറമേയുള്ളവരോട് ആശയവിനിമയം നടത്താൻ സാധിക്കുന്ന സംവിധാനമാണിത്. ഇന്റർകോം സംവിധാനത്തെ ടെലിഫോണ്, ടെലിവിഷൻ, കംപ്യൂട്ടർ, ഡോർ കാമറകൾ എന്നിവവഴി ബന്ധിപ്പിച്ചു പ്രവർത്തിക്കാൻ കഴിയും. ഇതു മുഖാന്തരവും പുറമേയുള്ളവരോട് ആശയവിനിമയം നടത്താൻ സാധിക്കും.
വീഡിയോ ഡോർ ഫോണ്
വീഡിയോ ഡോർ ഫോണുകളാണ് വീടുകൾക്ക് സുരക്ഷ യൊരുക്കുന്നതിനു മറ്റൊരു പ്രധാന മാർഗം. ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വീഡിയോ സിസ്റ്റമാണത്. രണ്ടു കാമറകൾ ഇതിൽ ഉണ്ടായിരിക്കും. ഒന്നു മുൻവശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം. മറ്റേത് അകത്തെ മുറിയിലും വയ്ക്കാം. വീടിനുളിൽ ആരെങ്കിലും അതിക്രമിച്ചുകയറിയാൽ ഉടമയ്ക്ക് ഫോണിൽ കൂടി വിവരങ്ങൾ അറിയാൻ സാധിക്കും.
സിസിടിവിക്കുമുണ്ട് പരിമിതികൾ
നഗര പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് സിസിടിവികൾ സർവസാധാരണമാണ്. എന്നാൽ പലരും വീടിന്റെ വലിപ്പത്തിനും വ്യാപ്തിക്കും അനുസരിച്ച് സിസിടിവികൾ വയ്ക്കാറില്ലയെന്നതാണ് യാഥാർഥ്യം. കുറഞ്ഞ ചെലവിലുള്ള സിസിടിവികളും മറ്റും തേടിപോകുന്പോൾ നാം നമ്മുടെ വീടിന്റെ സുരക്ഷയ്ക്ക് തന്നെ വിലങ്ങിടുകയാണ്. വീട്ടിൽ കള്ളൻ കയറിയാൽ തിരിച്ചറിയാൻ പോലും പലപ്പോഴും ഇത്തരത്തിൽ ഘടിപ്പിക്കുന്ന സിസിടിവികൾക്ക് സാധിക്കില്ല. വളരെ ഹൈടെക്കായി മോഷണം നടത്തുന്ന വിരുതന്മാരാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ സിസിടിവി വരെ നശിപ്പിച്ച് മോഷണം നടത്തി പോകാറുണ്ട്.
വീടുകളിൽ സിസിടിവികൾ വയ്ക്കുന്പോൾ കൂടുതൽ നിലവാരമുള്ളതും ഉപകാരപ്രദമായതും വേണം ഘടിപ്പിക്കാൻ. വീടിന്റെ പ്രധാന കവാടങ്ങളെ ചുറ്റിപ്പറ്റിയും കോന്പൗണ്ടിനുള്ളിലുമാണ് സിസി ടിവി സ്ഥാപിക്കേണ്ടത്. ഇതിന്റെ പ്രധാന കണക്ഷൻ രണ്ടിടത്ത് ആക്കിയാൽ എളുപ്പത്തിൽ കള്ളന്മാരെ പിടികൂടാനാവും.
സൂക്ഷിക്കുക
ഇത്തരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചതുകൊണ്ടു മാത്രം വീട്ടിൽ നാം സുരക്ഷിതരാവുമോയെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരുപരിധിവരെ കള്ളന്മാരിൽ നിന്നും രക്ഷനേടാൻ ഈ സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് സാധി ക്കും. ഇത്തരം സുരക്ഷാസംവിധാനങ്ങൾക്കു പുറമേ വാതിലിനും ജനാലയ്ക്കും വേണ്ടിയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ, മാഗ്നറ്റിക് കോണ്ടാക്ട് സെൻസറുകൾ, ഗ്ലാസ് ബ്രേക്ക് ഡിറ്റക്ടർ, പ്രസൻസ് സിമുലേഷൻ, ഡിറ്റക്ഷൻ ഓഫ് ഫയർ, പ്രഷർ സെൻസറുകൾ, മെഡിക്കൽ അലർട്ട്, ടെലി അസിസ്റ്റൻസ്, പ്രിസൈസ് ആൻഡ് സേഫ് ബ്ലൈൻഡ് കണ്ട്രോൾ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. വീട്ടിൽ സുരക്ഷാ സംവിധാനങ്ങൾ വയ്ക്കുന്നതോടൊപ്പം സ്വയം ജാഗ്രതയും അനിവാര്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
വിലാസ് മുണ്ടിയത്ത്
മാനേജിംഗ് ഡയറക്ടർ, ടാൻസം, ടെക്നോ സർവീസസ് കണ്ണൂർ
തയാറാക്കിയത്: അനുമോൾ ജോയ്