സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
Tuesday, December 28, 2021 4:49 PM IST
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിരീക്ഷണപരീക്ഷണങ്ങളുടെ പിൻബലത്തിൽ സാമൂഹ്യനവോത്ഥാനത്തിന് തോൽപാവക്കൂത്തിനെ ഫലപ്രദമായി പ്രയോഗിക്കുകയാണ് കൂനത്തറയിലെ പദ്മശ്രീ രാമചന്ദ്രപുലവരും സംഘവും. നിഴൽ നാടകങ്ങളിൽ പരീക്ഷണങ്ങളുടെ അനന്തമായ സാധ്യതകളുടെ വാതായനങ്ങൾ തുറക്കുകയാണിദ്ദേഹം.
ഇത്തരത്തിലൊരു നവ പരീക്ഷണമാണ് പെണ്പാവക്കൂത്തായി ഉദയം ചെയ്തിരിക്കുന്നത്. മനുഷ്യൻ നിഴൽ കണ്ടുപിടിച്ച കാലത്തോളം പഴക്കമുള്ള ലോകത്തിലെ തന്നെ ആദ്യത്തെയും പുരാതനവുമായ പ്രാക് കലാരൂപമാണ് തോൽപാവക്കൂത്ത്. നിഴൽ പാവക്കൂത്തെന്നും ഇതിന് വിശേഷണമുണ്ട്.
മലബാറിലെ ദേവി ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇപ്പോഴും അനുഷ്ഠാനമായി നടത്തിവരുന്ന കലാരൂപമാണിത്. കാലങ്ങളായി പുരുഷാധിക്യമുള്ള തോല്പാവക്കൂത്തിൽ സ്ത്രീ സാന്നിദ്ധ്യം കുറവായിരുന്നു.
വളരെ ഒറ്റപ്പെട്ട രീതിയുള്ളതും പുരുഷ കലാകാരൻമാർക്കൊപ്പം ക്ഷേത്രത്തിന്റെ പുറംവേദികളിൽ ചില ഇടപെടലും മാത്രമായിരുന്നു സ്ത്രീകൾക്ക് കൂത്തുമാടങ്ങളിലെ സ്ഥാനം. പാരന്പര്യ രീതിയിൽ പാവക്കൂത്തു പഠിക്കുകയും അത് പൂർണമാകുന്നതരത്തിൽ അവതരിപ്പിക്കുന്നതിനും ഇതുവരെ ഒരു സ്ത്രീ കലാകാരികൾക്കും സാധിച്ചിട്ടില്ലന്നതാണ് സത്യം. എന്നാൽ പരന്പരാഗതമായ ഈ സന്പ്രദായത്തിനാണ് രാമചന്ദ്രപുലവർ പൊളിച്ചെഴുത്ത് നടത്തിയത്.
രാമചന്ദ്ര പുലവരുടെ നിർദേശങ്ങൾ പാലിച്ച് മകൾ രജിതയാണ് പെണ്പാവക്കൂത്ത് സംവിധാനം ചെയ്തിരിക്കുന്നത്. വർഷങ്ങൾക്ക് മുന്പ് ഒരു ക്ഷേത്രത്തിൽ പാവക്കൂത്തു കാണാനെത്തിയ ഒരു വിദേശ വനിതയെ കൂത്ത് മാടത്തിന്റെ പടികളിൽ ഇരിക്കുവാൻ അനുവാദം കൊടുത്തതിനു വലിയ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന കലാകാരനായിരുന്നു രാമചന്ദ്ര പുലവർ.
അന്നുതൊട്ട് പിതാവിന്റെ കൂടെ പാവക്കൂത്തു പഠിക്കുകയും ഭവനത്തിലെ കൊച്ചു കൂത്തുമാടത്തിൽ പാവക്കൂത്ത് അവതരിപ്പിക്കുകയും ചെയ്യാറുണ്ട് രജിത. വർഷങ്ങൾക്ക് ശേഷം പാവ നിർമാണവും പാവക്കൂത്തു അവതാരണവുമായി വിവിധ പ്രദേശങ്ങളിൽ പോവുകയും സിങ്കപ്പൂർ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ പാവക്കൂത്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവർ.
കേരള സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് രജിത പാവക്കൂത്ത് അരങ്ങിൽ എത്തിക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന സംസ്ക്കാരിക മുന്നേറ്റത്തിൽ കഴിഞ്ഞ ദിവസം പെണ്പാവക്കൂത്ത് അവതരിപ്പിച്ചിരുന്നു.
സ്ത്രീകൾ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ, സമൂഹത്തിലെ തിക്താനുഭവങ്ങൾ, വേദനാജനകമായ സാഹചര്യങ്ങൾ എന്നിവയെല്ലാം ചേർത്ത് വച്ച് കൊണ്ടാണ് പെണ് പാവക്കൂത്ത് അരങ്ങിൽ എത്തുന്നത്.
മുഹമ്മദ് സുൽഫി രചനയും ജാസ്മിന സംഗീതവും നൽകി രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദിയ, ശ്രീനന്ദന, സന്ധ്യ തുടങ്ങിയ പാവകളിക്കാരുടെ പരിശ്രമഫലമായാണ് പെണ്പാവക്കൂത്തു പിറക്കുന്നത്. കൂടുതൽ അരങ്ങുകളിൽ ഇതെത്തിക്കാൻ സാംസ്കാരിക സാമൂഹിക ലോകം തയ്യാറാകണമെന്നാണ് രാമചന്ദ്രപുലവരുടെ അഭിപ്രായം.