ഭവനവായ്പ എടുക്കും മുന്പ്
Saturday, December 18, 2021 9:26 AM IST
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ് പലർക്കും. ആ സ്വപ്നത്തിലേക്ക് ആളുകളെ എത്തിക്കുന്നത് പലപ്പോഴും ഭവനവായ്പകളാണ്. ദീർഘകാലത്തേക്കു വലിയൊരു തുകയാണു വായ്പയായി ഉപഭോക്താക്കൾക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ഇതു വലിയൊരു ബാധ്യതയുമാണ്. ഇത്തരമൊരു ബാധ്യതയിലേക്കു നീങ്ങും മുന്പു ചില കാര്യങ്ങളിൽ ശ്രദ്ധ വേണം.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് കൈയിലെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും വായ്പ എടുത്തു കഴിഞ്ഞാൽ വായ്പ തിരിച്ചടവിലേക്കാണ് നൽകേണ്ടത്. അപ്പോൾ മാറ്റിവയ്ക്കപ്പെടുന്ന പല കാര്യങ്ങളുമുണ്ടാകും. അതുകൊണ്ടുതന്നെ ആവശ്യങ്ങളും അത്യാവശ്യങ്ങളും കൃത്യമായി തരം തിരിച്ചുവേണം പണം ചെലവാക്കാൻ. കോവിഡ് വരുത്തിവച്ച സാന്പത്തിക തളർച്ചകളിൽ നിന്നും ഇനിയും കുടുംബ സന്പദ് വ്യവസ്ഥകളൊന്നും കരകയറിയിട്ടില്ല. ഇതുപോലൊരു പ്രതിസന്ധിയുണ്ടായാൽ ഭവന വായ്പ അടവ് താളം തെറ്റിയാൽ അത് എൽപ്പിക്കുന്ന സാന്പത്തിക ആഘാതവും വലുതായിരിക്കും. അതുകൊണ്ട് ആ ഒരു കരുതലോടെ വേണം മുന്നോട്ടുപോകാൻ.
കുറഞ്ഞ പലിശ നിരക്ക്
കഴിഞ്ഞ ദിവസം കൊട്ടക് മഹിന്ദ്ര ബാങ്ക് അവരുടെ ഭവന വായ്പയുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലേക്കു കുറച്ചിരുന്നു. അതിനു ശേഷം ബാങ്ക് വൃത്തങ്ങൾ അവകാശപ്പെട്ടത് നിലവിലെ ഭവനവായ്പ പലിശ നിരക്കുകളിൽ ഏറ്റവും മികച്ച നിരക്കാണിതെന്നാണ്. സെപ്റ്റംബർ 10 മുതൽ നവംബർ എട്ടു വരെ രാജ്യത്ത് ഉത്സവ സീസണാണ്. ഭവന വായ്പയ്ക്ക് ഏറ്റവും ഉണർവുണ്ടാകുന്ന സമയവും. അതുകൂടി കണക്കിലെടുത്താണ് ബാങ്ക് ഇത്തരമൊരു നിരക്ക് കുറയ്ക്കലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് ഭവനവായ്പ പലിശ നിരക്ക് ഏഴു ശതമാനത്തിൽ താഴെയാണെന്നതും ശ്രദ്ധേയമാണ്.
ഭവനവായ്പ മേഖലയിലെ പ്രധാനികളായ എസ്ബിഐയും എച്ച്ഡിഎഫ്സിയും അവരുടെ പലിശ നിരക്ക് 6.7 ശതമാനത്തിലാണ് നിർത്തിയിരിക്കുന്നത്. കുറഞ്ഞു നിൽക്കുന്ന പലിശ നിരക്ക് എന്തുകൊണ്ടും ഭവന വായ്പ എടുക്കാനാഗ്രഹിക്കുന്നവർക്കു നൽകുന്ന ആശ്വാസം ചെറുതല്ല. പലിശ കുറഞ്ഞു നിൽക്കുന്നു എന്നു കരുതി ഓടിപ്പോയി വായ്പ എടുത്തേക്കാം എന്നു കരുതരുത്. കാരണം അതു വലിയൊരു ബാധ്യതയാണ്. ദീർഘകാലത്തേക്കുള്ളതുമാണ്.
കൈയിലെന്തുണ്ട്?
ആഗ്രഹിച്ച പോലൊരു വീടിനെ സ്വന്തമാക്കണമെങ്കിൽ തീർച്ചയായും വായ്പയെ ആശ്രയിക്കേണ്ടി വരും. വായ്പ എടുക്കാൻ ഒരുങ്ങുന്പോൾ കൈയിൽ എന്തുണ്ട് എന്നു കൂടി നോക്കണം. സാധാരണയായി വീടു വയ്ക്കാനാവശ്യമായ തുകയുടെ 80 ശതമാനമാണ് ബാങ്കുകൾ വായ്പയായി നൽകുന്നത്. നമ്മൾ എടുക്കുന്ന തുകയുടെ ഇരട്ടിയോളം പലിശയും കൂട്ടി തിരിച്ചടക്കണമെന്ന് ഓർക്കണം. അതുകൊണ്ട് കൈയിൽ കരുതുന്ന തുക അൽപം കൂടിയാലും കുഴപ്പമില്ല. അതു മറുവശത്തുണ്ടാകുന്ന ബാധ്യതയെ അൽപമൊന്നു കുറയ്ക്കും. അതുകൊണ്ടു സ്വന്തമായൊരു വീടാഗ്രഹിക്കുന്നവർ ജോലി കിട്ടിയ ആദ്യ നാളുകളിൽതന്നെയോ അല്ലെങ്കിൽ സന്പാദിക്കാൻ തുടങ്ങുന്പോൾ തന്നെ സ്വരുക്കൂട്ടുന്നത് നന്നായിരിക്കും.
നല്ല കടം
വായ്പകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് ഭവനവായ്പയാണെന്നാണ് പറയുന്നത്. കൂടാതെ നല്ല കടമെന്നുകൂടി ഭവനവായ്പയ്ക്ക് പേരുണ്ട്. കാരണമെന്താണെന്നോ ദീർഘകാലത്തിൽ മൂലധന വളർച്ചയുണ്ടാകുന്ന ഒരു ആസ്തിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉടനെ താമസിക്കാനുള്ള വീടുകളെ വായ്പ എടുത്ത് പണിയാവു. അല്ലെങ്കിൽ പണിയൊരിക്കലും പൂർത്തിയാകില്ല. വീടും വായപയും ബാധ്യതയായിത്തീരും.
ഇൻഷ്വറൻസ് എടുക്കാൻ മറക്കല്ലേ
ഭവനവായ്പ എടുക്കുന്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്നതാണ്. പൊതുവേ ബാങ്കുകൾ വായ്പ അനുവദിക്കുന്പോൾ തന്നെ ഇൻഷ്വറൻസിനായുള്ള തുകയും ഈടാക്കാറുണ്ട്. പലരും അത്രയും പണം നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഇൻഷ്വറൻസിനെ ഒഴിവാക്കും. അങ്ങനെ ചെയ്യരുത്. വായ്പ എടുക്കുന്നയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ബാധ്യത മുഴുവൻ ആശ്രിതർക്കാകും. എന്നാൽ ഇൻഷ്വറൻസ് ഉണ്ടെങ്കിൽ ഇങ്ങനെയൊരു പേടി വേണ്ട.
ഭവനവായ്പ എടുക്കും മുന്പ് എത്ര രൂപ വേണം
വായ്പയായി എത്ര രൂപ വേണം എന്നുള്ളത് കൃത്യമായി മനസിലാക്കി വേണം വായ്പയ്ക്കായ് അപേക്ഷിക്കേണ്ടത്. ആവശ്യമുള്ളതിലും അധികം തുക ഒരിക്കലും വായ്പയായി എടുക്കരുത്. കാരണം അതു വലിയൊരു ബാധ്യതയായി തുടരുമെന്നല്ലാതെ അതുകൊണ്ടു നേട്ടമൊന്നുമില്ല.
വരുമാനം എത്ര?
വായ്പ എടുക്കുംമുന്പ് വരുമാനം എത്രായണെന്നുകൂടി ഉറപ്പാക്കിയിരിക്കണം. കാരണം വായ്പ തിരിച്ചടവ് നടത്തേണ്ടതുണ്ട്. വരുമാനത്തിനുള്ളിൽ ഒതുങ്ങുന്ന തുകയാണോ തിരിച്ചടവെന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ വലിയ സാന്പത്തിക ഞെരുക്കത്തിലേക്കും ബാധ്യതകളിലേക്കും ഇതു നയിക്കും. ബാങ്കുകളും വായ്പ അനുവദിക്കുന്നതിനു മുന്പ് വായ്പക്കാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കും.
തിരിച്ചടവ് കാലാവധി
സാധാരണയായി 15 മുതൽ 30 വർഷത്തേക്കാണ് ഭവന വായ്പ കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുന്പ് വായ്പത്തുക അടച്ചു വായ്പ ക്ലോസ് ചെയ്യാനുള്ള അവസരമുണ്ട്.
പലിശ നിരക്ക്
പലിശ നിരക്ക് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. ഇപ്പോൾ 6.7 ശതമാനം മുതലാണ് ബാങ്കുകൾ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ. രണ്ടു രീതിയിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. ഒന്ന് ഫിക്സ്ഡ് നിരക്കാണ്. വായ്പ എടുത്ത നാൾ മുതൽ വായ്പ അടച്ചു തീരുന്നതുവരെ ഒരേ നിരക്കിലായിരിക്കും പലിശ. രണ്ടാമത്തേത് ഫ്ളോട്ടിംഗാണ്. റിസർവ് ബാങ്ക് നയ പലിശ നിരക്കിൽ (റീപോ) മാറ്റം വരുത്തുന്നതിനനുസരിച്ച് ഈ നിരക്കിലും വ്യത്യസ്തമായിരിക്കും. ഇതു കൂടിയും കുറഞ്ഞും വരാം.
ആവശ്യമായ രേഖകൾ
അപേക്ഷ ഫോം, ഐഡന്റിറ്റി രേഖകൾ, സാലറി സ്ലിപ്, ഫോം 16 അല്ലെങ്കിൽ ഇൻകംടാക്സ് അടച്ചതിന്റെ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, വസ്തുവിന്റെ രേഖകൾ എന്നിവയാണ് പൊതുവെ ആവശ്യപ്പെടുന്ന രേഖകൾ.
ഈ ചെലവുകൾക്കുക്കൂടി പണം വേണം
ഭവനവായ്പ കൈയിൽ കിട്ടുന്പോഴേക്കും ഉപഭോക്താവിന്റെ കൈയിൽ നിന്ന് അപേക്ഷ ഫീസ്, പ്രോസസിംഗ് ഫീസ് എന്നിങ്ങനെ കുറച്ചു പണം ചെലവാകും. ഓരോ സ്ഥാപനത്തിനും ഇത്തരം ഫീസുകളിൽ വ്യത്യാസമുണ്ടാകാം. വായ്പ എടുക്കും മുന്പ് ഇത്തരം ഫീസുകളെക്കുറിച്ച് ഒരു അന്വേഷണം നടത്തി ഏറ്റവും മികച്ചത് ഏതെന്നു കണ്ടെത്തുന്നതു ചെലവ് കുറയ്ക്കാൻ സഹായിക്കും.
സാധാരണ വരുന്ന ചെലുകൾ ഒന്നു നോക്കാം.
1. അപേക്ഷ ഫീസ്: വായ്പയ്ക്കായുള്ള അപേക്ഷയ്ക്ക് ഈടാക്കുന്ന തുകയാണിത്.
2. പ്രോസസിംഗ് ഫീസ്: വായ്പ നടപടിക്രമങ്ങൾക്കുള്ള ഫീസണിത്. ഇത് വായ്പത്തുകയുടെ .5 ശതമാനം മുതൽ ഒരു ശതമാനം വരെ വരാം.
3. പ്രീ-പേമെന്റ് ചാർജ്
4. ഡോക്യുമെന്േറഷൻ ഫീസ്
5. ബാങ്കിംഗ് ഫീസ്
6. നോട്ടറി ഫീസ്
7. ലീഗൽ ഫീസ്
8. റിക്കവറി ചാർജ് അങ്ങനെ പോകുന്നു ചാർജുകൾ. ധനകാര്യ സ്ഥാപനങ്ങൾ ഫീസുകൾ ഈടാക്കുന്പോൾ ഓരോന്നും എന്തിനാണെന്നും എത്രയാണെന്നും കൃത്യമായി ചോദിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
നൊമിനിറ്റ ജോസ്