വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
Thursday, December 2, 2021 12:48 PM IST
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ കൊറോണക്കാലമായതിനാൽ പാർലറുകളിൽ പോകാൻ എല്ലാവർക്കും ഭയമാണ്. എന്നാൽ വീട്ടിലിരുന്നമു ലഭ്യമാകുന്ന സാധനങ്ങൾകൊണ്ട് മുഖകാന്തി വർധിപ്പിക്കാൻ സാധിക്കും.
പ്രകൃതിദത്ത ഫേഷ്യലാണ് ഏറെ അനുയോജ്യം. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക എന്നിവയിൽ തൈര്, ചന്ദനം, തേൻ എന്നിവയൊക്കെ ചേർത്ത് തയാറാക്കുന്ന കൂട്ട് മുഖത്തിനു കൂടുതൽ അഴക് പകരുന്നു.
മുട്ട ഫേസ്പാക്ക്
പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാൽതന്നെ മുഖക്കുരു കുറയ്ക്കാനും ഭേദമാക്കാനും ഇതു സഹായിക്കും. മുട്ട വെള്ളയിലെ ഒൗഷധഗുണം ചർമത്തിന്റെ ഇലാസ്തികത കൂട്ടുകയും സുഷിരങ്ങൾ ചെറുതാക്കുകയും ചെയ്യും. അമിതമായ എണ്ണയിൽനിന്ന് പ്രോട്ടീൻ വേർതിരിക്കുകയും അതുവഴി ചർമത്തിന് വരൾച്ചയും വലിച്ചിലും ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും.
മുട്ടയുടെ വെള്ള ഒരു സ്പൂണ് നാരങ്ങാനീരുമായി ചേർക്കുക. ഇത് മുഖത്തു തേക്കണം. മുഖത്ത് ഫേസ്പാക്ക് ഇട്ടശേഷം സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ വായ ചലിപ്പിക്കുകയോ ചെയ്യരുത്. ഉണങ്ങാനുവദിച്ച് 15 മിനിട്ടിനുശേഷം മാസ്ക് ഉണങ്ങി പൊളിയാൻ തുടങ്ങിയാൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
വാഴപ്പഴം ഫേസ്പാക്ക്
എരിച്ചിലുള്ള ചർമത്തിന് ആശ്വാസം നൽകാൻ വാഴപ്പഴത്തിന് കഴിവുണ്ട്. മുഖക്കുരുവും പാടുകളും മാറ്റാനും ഇത് ഉത്തമമാണ്. വാഴപ്പഴത്തിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചർമത്തെ മൃദുലമാക്കാൻ സഹായിക്കും.
ഒരു വാഴപ്പഴം തൊലികളഞ്ഞ് അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടേബിൾ സ്പൂണ് തേൻ ഇതിൽ ചേർത്ത് വരണ്ട ചർമത്തിൽ തേക്കണം. 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക.
പപ്പായ ഫേസ്പാക്ക്
വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയ പപ്പായ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ തടയാൻ കഴിവുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും പപ്പായ ഉത്തമമാണ്. ഒരു പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറു കഷണങ്ങളാക്കുക. കാൽ കപ്പ് തേൻ ഇതിൽ ചേർത്ത് നന്നായി അരയ്ക്കണം. മുഖം വൃത്തിയാക്കിയ ശേഷം ഇതു തേച്ചു പിടിപ്പിക്കുക. കണ്ണിന്റെ ഭാഗത്ത് തേക്കരുത്. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടു വെള്ളത്തിൽ കഴുകിക്കളയാം.
നാരങ്ങ- ഉപ്പ് ഫേസ്പാക്ക്
ഏറെ ഉന്മേഷം നൽകുന്ന ഒരു മാസ്കാണിത്. കടലുപ്പ് ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ ഉത്തമമാണ്. സ്വഭാവിക വിഷനാശിനിയായി ഉപ്പും ബ്ലീച്ചിംഗ് ഏജന്റായി നാരങ്ങ നീരും പ്രവർത്തിക്കും. ചർമത്തിലെ പാടുകളും നിറഭേദങ്ങളും മാറ്റാൻ നാരങ്ങാ നീര് സഹായിക്കുന്നു.
കാൽകപ്പ് ഉപ്പ് നാരങ്ങാനീരുമായി ചേർക്കുക. അത് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ തേച്ചു പിടിപ്പിക്കണം. 10 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
തക്കാളി ഫേസ്പാക്ക്
തക്കാളി നീര് മുഖത്ത് പുരട്ടുന്നത് ചർമ സുഷിരങ്ങൾ ചെറുതാകാൻ സഹായിക്കും. തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേർത്ത് മുഖത്തു പുരട്ടുന്നത്. എണ്ണമയമുള്ള ചർമത്തിനുള്ള നല്ലൊരു പരിഹാരമാണ്. തക്കാളി ഉടച്ച് അൽപം മഞ്ഞൾപ്പൊടിയും പാലും ചേർത്ത് തേച്ചാൽ നല്ല ഫലം ലഭിക്കും. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇതു ഉപയോഗിക്കാം.
ഓട്സ് ഫേസ്പാക്ക്
ഓട്സ് പൊടിച്ചതും തക്കാളിയും ചേർത്ത് നല്ല ഫേസ്പാക്കുണ്ടാക്കാം. തക്കാളിയിലെ ആന്റി ഓക്സിഡന്റുകൾ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താൽ മുഖത്തിന് സൗന്ദര്യം വർധിക്കും. ഓട്സ് - വെള്ളരിക്ക എന്നിവ ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കി മുഖത്തും തേയ്ക്കുന്നതും നല്ലതാണ് വെള്ളരിക്ക അരച്ച് ഓട്സിൽ കലർത്തി ഫേസ്പാക്കുണ്ടാക്കാം. ഇത് മൃതചർമം അകറ്റുന്നതിനും ചർമത്തിന് മാർദവം നൽകുന്നതിനും സഹായിക്കും.
തേൻ ഫേസ്പാക്ക്
മധുരമൂറുന്ന തേൻ ചർമകാന്തി വർധിപ്പിക്കാൻ ഉത്തമമാണ്. ചർമത്തിനു നിറവും യൗവ്വനശോഭയും വേണമെങ്കിൽ തേൻ ഉപയോഗിച്ച് ഫേസ് പാക്ക് തയാറാക്കാം. തേനിൽ അല്പം നാരങ്ങാനീര് ചേർത്ത് മുഖത്തും കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുന്പോൾ കഴുകി കളയണം.
ഉരുളക്കിഴങ്ങ് ഫേസ് പാക്ക്
ഉരുളക്കിഴങ്ങിലുള്ള വെളുപ്പിക്കാൻ സഹായിക്കുന്ന കടുപ്പം കുറഞ്ഞ ഘടകങ്ങളുടെ തുടർച്ചയായ ഉപയോഗം വഴി ഫലം ലഭിക്കും. ഉരുളക്കിഴങ്ങ് അരച്ച് അതിൽ അൽപം നാരങ്ങാനീര് ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. മാസത്തിൽ മൂന്നുതവണ ഇതു ഉപയോഗിക്കാം. മുഖത്ത് തേച്ച് ഉണങ്ങിയശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ഓറഞ്ച് ഫേസ്പാക്ക്
നാരങ്ങ വർഗത്തിൽ പെടുന്ന ഓറഞ്ച് ചർമത്തിനു നിറം നൽകാൻ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ്പാക്ക് തയാറാക്കാൻ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഏതാനും തുള്ളി പാൽ അതിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേക്കാം. ഉണങ്ങിക്കഴിയുന്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ബദാം ഫേസ്പാക്ക്
ഒരുപിടി ബദാം പരിപ്പ് അരച്ച് അതിൽ നിന്നും എണ്ണ എടുക്കുക. ഇതുപയോഗിച്ച് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുകവഴി രക്തയോട്ടം വർധിക്കുകയും ചർമകാന്തി ലഭിക്കുകയും ചെയ്യും.