മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
Tuesday, November 16, 2021 8:45 AM IST
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗീ ഒണിയൻ റൈസ്

ചേരുവകൾ
ചോറ്- ഒരു കപ്പ്
നെയ്യ്- മൂന്ന് ടേബിൾ സ്പൂണ്
ചെറിയ ഉള്ളി- എട്ട് എണ്ണം
കറിവേപ്പില- ഒരു തണ്ട്
കടുക്- കാൽ ടീ സ്പൂണ്
കടലപ്പരിപ്പ്- അര ടീ സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്നവിധം
പാൻ അടുപ്പിൽ വച്ച് നെയ്യൊഴിക്കുക. നെയ്യ് ചൂടാകുന്പോൾ കടുകിട്ട് പൊട്ടുന്പോൾ കടലപ്പരിപ്പ് ചേർത്ത് കൊടുക്കണം. ഇതിലേക്ക് ഉള്ളി കനം കുറച്ച് അരിഞ്ഞത് ചേർക്കുക. ഗോൾഡണ് ബ്രൗണ് നിറമാകുന്പോൾ കറിവേപ്പിലയും ചേർത്തു ചോറും ചേർക്കണം. ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു ചൂടോടെ ഉപയോഗിക്കാം.
കർഡ് റൈസ്

ചേരുവകൾ
ചോറ്- രണ്ട് കപ്പ്
തൈര്- മൂന്ന് കപ്പ്
വെജിറ്റബിൾ ഓയിൽ- രണ്ട് ടേബിൾ സ്പൂണ്
കടുക്- അര ടീ സ്പൂണ്
ഉഴുന്നുപരിപ്പ്- കാൽ ടീ സ്പൂണ്
കടലപ്പരിപ്പ്- ഒരു ടീ സ്പൂണ്
ഉണക്കമുളക്- രണ്ട് എണ്ണം
കറിവേപ്പില- ഒരു തണ്ട്
പാൽ- രണ്ട് ടേബൾ സ്പൂണ്
ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത്- ഒരു ടീ സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്നവിധം
നന്നായി വെന്ത ചോറ് പാൽ ചേർത്ത് ഇളക്കി കുഴച്ചുവയ്ക്കുക. പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ചു ചൂടാകുന്പോൾ കടുക് പൊട്ടിക്കണം. ഇതിലേക്ക് ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഉണക്കമുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു മൂപ്പിക്കുക. തീ വളരെ കുറച്ചു വയ്ക്കണം. ഇതു മൂത്തുവരുന്പോൾ ചോറിലേക്ക് ഒഴിക്കുക. ഇതിലേക്കു പുളിയില്ലാത്ത കട്ടത്തൈരും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കണം. വേണമെങ്കിൽ മാതളനാരങ്ങയോ കാരറ്റോ ഗ്രേറ്റ് ചെയ്തിട്ട് അലങ്കരിച്ചു വിളന്പാം.
ബട്ടർ റൈസ്

ചേരുവകൾ
കൈമ റൈസ്- ഒരു കപ്പ്
വെള്ളം- രണ്ട് കപ്പ്
വെണ്ണ- മൂന്ന് ടേബിൾ സ്പൂണ്
ഏലയ്ക്ക- രണ്ട് എണ്ണം
ഗ്രാന്പൂ- ഒരെണ്ണം
കറുവാപ്പട്ട- ഒരു ചെറിയ കഷണം
നട്സ്- 50 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാനീര്- ഒരു ടേബിൾ സ്പൂണ്
തയാറാക്കുന്നവിധം
ബിരിയാണി ഉണ്ടാക്കാനുള്ള പാത്രം അടുപ്പിൽ വച്ച് അതിലേക്ക് വെണ്ണ ചേർക്കുക. വെണ്ണ ഉരുകുന്പോൾ അതിലേക്ക് ഏലയ്ക്ക, ഗ്രാന്പൂ, കറുവാപ്പട്ട ഇവ ചേർത്ത് മൂക്കുന്പോൾ നട്സ് ചേർക്കണം. ഇതിലേക്ക് ആറു മണിക്കൂർ കുതിർത്ത് വാരിവച്ചിരിക്കുന്ന അരി ചേർത്ത് മൂന്നു മിനിറ്റ് ഇളയ്ക്കുക. തുടർന്നു തിളച്ച വെള്ളം, ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര് ഇവ ചേർക്കണം. മൂന്നു മിനിറ്റ് കഴിയുന്പോൾ ഒന്നുകൂടി ഇളക്കി തീ ചെറുതാക്കി വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് വെള്ളം വറ്റുന്പോൾ തീ ഓഫ് ചെയ്ത് കുഴഞ്ഞു പോകാതെ ഇളക്കി ചൂടോടെ ഉപയോഗിക്കാം.
ലെമണ് റൈസ്

ചേരുവകൾ
ചോറ്- രണ്ട് കപ്പ്
നാരങ്ങാനീര്- രണ്ട് ടേബിൾ സ്പൂണ്
കടുക്- കാൽ ടീ സ്പൂണ്
ഉഴുന്ന്- കാൽ ടീ സ്പൂണ്
പച്ചമുളക്- രണ്ട് എണ്ണം
ഇഞ്ചി പേസ്റ്റ്- കാൽ ടീ സ്പൂണ്
വെളുത്തുള്ളി പേസ്റ്റ്- കാൽ ടീ സ്പൂണ്
കടല- 50 ഗ്രാം
മഞ്ഞൾപ്പൊടി- കാൽ ടീ സ്പൂണ്
കറിവേപ്പില- ഒരു തണ്ട്
വെജിറ്റബിൾ ഓയിൽ- മൂന്ന് ടേബിൾ സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്നവിധം
പാൻ അടുപ്പിൽ വച്ച് ചൂടാകുന്പോൾ എണ്ണയൊഴിച്ച് അതിലേക്ക് കടുക്, ഉഴുന്ന് എന്നിവയിട്ട് പൊട്ടുന്പോൾ കടല ചേർക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർക്കണം. ഇവ മൂത്തുവരുന്പോൾ കറിവേപ്പില ചേർക്കുക. തീ വളരെ കുറച്ചുവച്ച് ഇതിലേക്ക് ലൈം ജ്യൂസ് ഒഴിച്ചു കൊടുക്കണം. മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ഉടൻത്തന്നെ അധികം വെന്തു കുഴഞ്ഞു പോവാത്ത ചോറു ചേർത്തിളക്കി യോജിപ്പിച്ച് വെള്ളമയം ഒന്നുമില്ലാതാക്കി ഉപയോഗിക്കാം.
(കുറിപ്പ്- ലെമണ് റൈസ് ഉണ്ടാക്കാനായി പൊന്നി അരി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരമായിരിക്കും. ലെമണ് ജ്യൂസ് ചോറിൽ മിക്സ് ചെയ്തശേഷം പാനിലേക്ക് ചോറു ചേർക്കാം.)
ടൊമാറ്റോ റൈസ്

ചേരുവകൾ
ടൊമാറ്റോ- മൂന്ന് എണ്ണം
സാധാരണ ചോറ് അല്ലെങ്കിൽ ബസുമതി റൈസ്- രണ്ട് കപ്പ്സവാള- ഒരെണ്ണം
ഇഞ്ചി ചോപ്പ് ചെയ്തത്- അര ടീ സ്പൂണ്
വെളുത്തുള്ളി ചോപ്പ് ചെയ്തത്- അര ടീ സ്പൂണ്
മല്ലിയില- രണ്ട് തണ്ട്
ചാട്ട് മസാല- അര ടീ സ്പൂണ്
മഞ്ഞൾപ്പൊടി- ഒരു നുള്ള്
മുളകുപൊടി- ഒരു ടീ സ്പൂണ്
വെജിറ്റബിൾ ഓയിൽ- മൂന്ന് ടേബിൾ ്സ്പൂണ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
പാൻ അടുപ്പിൽ വച്ച് ചൂടാകുന്പോൾ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റുക. ഇത് നന്നായി വഴന്നു വരുന്പോൾ തക്കാളി ചെറിയ കഷണങ്ങളാക്കി മുറിച്ചതു ചേർത്ത് വഴറ്റണം. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇത് നന്നായി വഴന്നുവരുന്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ചേർത്ത് മൂപ്പിച്ച് ചാട്ട് മസാലയും ചേർക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറിട്ട് നന്നായി ഇളക്കുക. എല്ലാം നന്നായി കൂട്ടി യോജിപ്പിച്ചു കഴിയുന്പോൾ മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.
മസാല റൈസ്

ചേരുവകൾ
ബസുമതി റൈസ്- ഒരു കപ്പ്
ചൂടുവെള്ളം- രണ്ട് കപ്പ്
നെയ്യ്- രണ്ട് ടീ സ്പൂണ്
സവാള- ഒരെണ്ണം
ഉപ്പ്- ആവശ്യത്തിന്
ബിരിയാണി മസാല- കാൽ ടീ സ്പൂണ്
കാഷ്മീരി ചില്ലി പൗഡർ- കാൽ ടീ സ്പൂണ്
നാരങ്ങാനീര്- അര ടീ സ്പൂണ്
തൈര്- മൂന്ന് ടേബിൾ സ്പൂണ്
മസാലയ്ക്കുവേണ്ടി
വെജിറ്റബിൾ ഓയിൽ- രണ്ട് ടേബിൾ സ്പൂണ്
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ഇഞ്ചി- ഒരു ചെറിയ കഷണം
ഉള്ളി- അഞ്ച് എണ്ണം
പച്ചമുളക്- രണ്ട് എണ്ണം
വെളുത്തുള്ളി- അഞ്ച് എണ്ണം
മല്ലിയില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്
തക്കാളി- ഒരെണ്ണം
തയാറാക്കുന്നവിധം
ആദ്യം മസാല തയാറാക്കാനായി പാൻ ചൂടാകുന്പോൾ എണ്ണയൊഴിച്ച് അതിലേക്ക് ഉള്ളി, കറുവാപ്പട്ട, ഇഞ്ചി, പച്ചമുളക് കഷണങ്ങളാക്കിയത്, വെളുത്തുള്ളി, തക്കാളി, മല്ലിയില ഇവ ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റണം. നന്നായി വഴന്നു കഴിയുന്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം വെള്ളം ഒഴിക്കാതെ അരച്ചെടുക്കണം.
അരി കഴുകി വാരി 15 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഇത് വെള്ളം പോകാനായി അരിപ്പയിൽ വാരിവയ്ക്കണം. മസാല ബിരിയാണ് ഉണ്ടാക്കാനുള്ള പാത്രം അടുപ്പിൽവച്ച് നെയ്യൊഴിച്ച് അതിൽ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇത് നന്നായി വഴന്നു കഴിയുന്പോൾ അതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ബിരിയാണി മസാല ഇവ ചേർത്തു വഴറ്റണം. തുടർന്ന് അരച്ചുവച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് വഴറ്റുക. ഇത് നന്നായി വഴന്നു നല്ല മൂത്തമണം വരുന്പോൾ തൈര് ചേർത്തു കൊടുക്കണം. ഇത് നന്നായി ഇളക്കി ഇതിലേക്ക് രണ്ടുകപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഉപ്പും ആവശ്യത്തിന് ചേർക്കണം. ഇത് തിളക്കുന്പോൾ നാരങ്ങാനീര് ചേർത്ത് അരിയും ചേർത്ത് ഇളക്കി അടച്ചുവയ്ക്കുക. രണ്ടു മിനിറ്റ് കഴിയുന്പോൾ ഒന്നുകൂടി ഇളക്കി മൂടിവയ്ക്കണം. തീ ഏറ്റവും കുറച്ചു വയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുത്ത് വെള്ളം വറ്റുന്പോൾ സ്റ്റൗ ഓഫ് ചെയ്ത് കുഴഞ്ഞുപോകാതെ നന്നായി ഇളക്കിയെടുത്ത് ചൂടോടെ കറികളുടെ കൂട്ടത്തിലോ അല്ലെങ്കിൽ റൈത്തയോടൊപ്പമോ കഴിക്കാം.