ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
Friday, November 19, 2021 8:48 AM IST
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക് ഡൗണ് കൂട്ടിലടച്ചത്. ജീവിതം വഴിതിരിച്ചുവിട്ട ലോക് ഡൗൺ.
തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. പെട്ടെന്നു സ്കൂളും കുട്ടികളുമായുള്ള സന്പർക്കം ഇല്ലാതായതോടെ വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അതോടെ, മറ്റൊരു ജോലിതേടി. കുറച്ചുനാൾ ഒരു പ്രാദേശിക ചാനലിൽ വാർത്ത വായിച്ചു. തൃശൂർ ബ്രില്യൻസ് കോളജിൽ പിഎസ്സി കോച്ചിംഗ് ക്ലാസിനു ചേർന്നു. തുടർന്നു അവിടെ ജോലിചെയ്തു. തൃശൂരിലെ ഫ്ലാറ്റിൽ മകളുമൊത്തു താമസിക്കുന്നതിനിടെയാണു വരുമാനത്തിനായി എന്തെങ്കിലും ചെയ്തു തുടങ്ങിയാലോ എന്ന ചിന്ത തുടങ്ങിയത്.
ആദ്യശ്രമത്തെക്കുറിച്ച് ശ്രീലക്ഷ്മിതന്നെ പറയുന്നതിങ്ങനെ: "ഒറ്റയ്ക്ക് ചെയ്യാവുന്ന എന്തെങ്കിലും ജോലി. ചെറിയൊരു വരുമാനം. ഇതായിരുന്നു ചിന്ത. ഇതിനിടയിലാണ് സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കാണാനിടയായത്. പിറ്റേന്നുതന്നെ അടുത്തുള്ള സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുള്ള കറ്റാർവാഴയുടെ ഒരു തണ്ട് മുറിച്ചുകൊണ്ടുവന്നു. അവശ്യസാധനങ്ങൾ വാങ്ങി അന്നുതന്നെ ഞാനും മകളും കൂടി പരീക്ഷണം ആരംഭിച്ചു.
പിറ്റേന്നു സോപ്പുണ്ടാക്കി സുമംഗല ആന്റിക്കുതന്നെ കാണിച്ചുകൊടുത്തു. ആന്റിക്കു വലിയ അദ്ഭുതം. വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞു. ആദ്യശ്രമം തന്നെ മകൾ അഷ്മിത വീഡിയോ എടുത്തു അത് ഫേസ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വളരെ നല്ല പ്രതികരണം ലഭിച്ചു. 630 രൂപ മുതൽമുടക്കിൽ ആദ്യമുണ്ടാക്കിയ ആ നാലു സോപ്പുകളാണ് എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത്. അധ്യാപികയിൽനിന്ന് യുവസംരംഭകയിലേക്കുള്ള പരിണാമം അങ്ങനെയായിരുന്നു'.
ആദ്യശ്രമം വൻ വിജയമായതോടെ പിന്നെ റെഡ്വൈൻ, പപ്പായ, ബീറ്റ്റൂട്ട് എന്നിങ്ങനെ വിവിധ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഞാനും മോളും സോപ്പുനിർമാണം പൊടിപൊടിച്ചു.
ശ്രീലക്ഷ്മിയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു സാന്പാറു കഷണത്തിൽനിന്നുവരെ അവൾ സോപ്പുണ്ടാക്കുമെന്നു കൂട്ടുകാരും മറ്റും പറയുന്ന അവസ്ഥ. അങ്ങനെ 15 വ്യത്യസ്ത ഇനം സോപ്പുകൾ.
വില്പന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ ലഭിക്കുന്ന ഓർഡറനുസരിച്ച്. വളരെ മനോഹരമായി റാപ്പുചെയ്ത് ഗിഫ്റ്റ് പായ്ക്കിലാക്കിയായിരുന്നു വില്പന. ഉപഭോക്താക്കളുടെ ഡിമാൻഡ് അനുസരിച്ച് പിന്നീട് ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയിൽ, ഫേസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണവും തുടങ്ങി. എല്ലാം സ്വന്തം ഫ്ലാറ്റിലായിരുന്നു ആദ്യം.
ഒരു വർഷം പിന്നിട്ടതോടെ കഴിഞ്ഞമാസം അയ്യന്തോളിൽ ഒരു വീട് വാടകയ്ക്കെടുത്തു പ്രൊഡക്ഷൻ യൂണിറ്റ് അവിടേക്കു മാറ്റി. ഇപ്പോൾ 25 തരം സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട് "എവർലി ഓർഗാനിക്സ്' എന്ന പേരിൽ ഒരു കന്പനിയും രൂപീകരിച്ചു. അഞ്ചു തൊഴിലാളികൾ, പ്രതിമാസം പതിനായിരങ്ങളുടെ വരുമാനം.
"അധ്യാപനത്തിൽനിന്നു സോപ്പു നിർമാണത്തിലേക്കു തിരിഞ്ഞതിൽ മുഖം ചുളിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഇപ്പോൾ സപ്പോർട്ടുമായി ഒപ്പമുണ്ട്. പക്ഷേ, എനിക്ക് സജീവ പിന്തുണ നൽകുന്നതും കട്ടസപ്പോർട്ടുമായി കൂടെയുള്ളതും രണ്ടാംക്ലാസുകാരി ഇവളുതന്നെ.'- മോളെ ചേർത്തുപിടിച്ച് ശ്രീലക്ഷ്മി നിറചിരിയോടെ പറഞ്ഞു.
സെബി മാളിയേക്കൽ