ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
Monday, January 24, 2022 6:12 PM IST
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം.
2021 ൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലിയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ അതാത് സംസ്ഥാനത്തെ പൊതു വിഭാഗത്തിൽ വരുന്ന മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് കാറ്റഗറിയിലാണ് മൃൺമയി ജോഷി ഐഎഎസിനു പുരസ്കാരം ലഭിച്ചിരിക്കുന്നത്.
200 ൽ താഴെ അസംബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഒരു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മരായ ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും മാത്രമാണ് മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് ഇനത്തിൽ ഇലക്ഷൻ കമ്മീഷൻ അവാർഡ് നൽകുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ പാലക്കാട് ജില്ലാ കളക്ടർക്ക് മാത്രമാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.
ജനറൽ കാറ്റഗറി വിഭാഗത്തിൽ ഏറ്റവും മികച്ച ഇലക്ഷൻ നടത്തിപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡിന് പാലക്കാട് ജില്ലാ കളക്ടറായ മൃണ്മയി ജോഷിയും പശ്ചിമ ബംഗാളിലെ ഹൗറാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ മുക്ത ആര്യയും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഐഎഎസ് 2013 ബാച്ചായ ജില്ലാ കളക്ടർ മൃൺമയി ജോഷി 2021 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് , അതായത് ജനുവരി 21 നാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയുടെ കളക്ടറായി ചുമതലയേറ്റത്. നിയമനശേഷം ഏറ്റെടുത്ത പ്രധാന ദൗത്യമായിരുന്നു പൊതുതെരഞ്ഞെടുപ്പ്.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടി മേഖലയും അതുപോലെ കേരളത്തിന്റെ പ്രവേശന കവാടമായ വാളയാർ ഉൾപ്പെടെ ഒൻപത് വിവിധ ചെക്ക്പോസ്റ്റുകളും ഉൾപ്പെടുന്ന പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രശ്ന രഹിതമായി നടത്തിയതും പരിഗണിക്കപ്പെട്ടു.
ദേശീയ സമ്മതിദായക ദിനമായ 25 നു ന്യൂഡൽഹിയിലെ ചാണക്യപുരി, അശോക ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് ഏറ്റുവാങ്ങും.