അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
Tuesday, March 8, 2022 4:13 PM IST
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ് സ്വദേശിനി അതുല്യ ദിനേശ്. പുരുഷന്മാർ അധികമായി ചെയ്തിരുന്ന റോപ് ആക്സസ് സര്‍വീസ് മേഖലയില്‍ ജോലി ചെയ്യാനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ 19 കാരി സ്വന്തമാക്കിയത്.
ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളില്‍ ചെന്നൈത്തി ശാരീരികാധ്വാനം ഉപയോഗിക്കേണ്ടിവരുന്ന ജോലികളാണ് റോപ്പ് ആക്സിസ് ടീം ചെയ്യുന്നത്. ഏത് ഉയരത്തിലും റോപ്പ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഏറ്റവും സുരക്ഷിതമായും സമയബന്ധിതമായുമാണ് ഈ ജോലി ചെയ്യുന്നത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ , മാനുഫാക്ചറിംഗ്, പെട്രോ കെമിക്കല്‍ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികള്‍ക്കാണ് റോപ്പ് ആക്സിസ് ടീമിന്റെ പിന്തുണ വേണ്ടിവരുന്നത്.
സുരക്ഷയുടെ കാര്യത്തില്‍ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാത്ത വിധം ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ വളരെയധികം ശാരീരിക ക്ഷമത ആവശ്യമുള്ള ജോലി എന്ന നിലയില്‍ പുരുഷന്മാരെ മാത്രമാണ് ഇതിലേക്ക് ഇതുവരെ പരിഗണിച്ചിരുന്നത്. ആ മേഖലയിലേക്കാണ് അതുല്യയുടെ കടന്നുവരവ്. ഐആര്‍എടിഎ ലെവല്‍ വണ്‍ സര്‍ട്ടിഫിക്കേഷനാണ് അതുല്യ പൂര്‍ത്തീകരിച്ചത്
ഒരു ട്വിന്‍ റോപ്പിലൂടെ കയറാനും ഇറങ്ങാനുമുള്ള പരിശീലനം, റിംഗിലുള്ള സാങ്കേതിക പരിശീലനം, അപകട സാഹചര്യങ്ങളില്‍ കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഈ പരിശീലനത്തിന്റെ ഭാഗമാണ്.
സമസ്ത മേഖലയിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അതുല്യ ഈ ജോലിക്ക് സ്വയം തയാറായി മുന്നോട്ടു വന്നപ്പോള്‍ പരിശീലനം നല്കാന് ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചതെന്ന് ഏരിസ് റോപ്പ് ആക്സസ് ട്രെയിനിംഗ് വിഭാഗം മേധാവി ഷിജു ബാബു പറഞ്ഞു.