കൗമാരക്കാരെ നേര്‍വഴിയേ നടത്താം
കൗമാരക്കാരെ നേര്‍വഴിയേ നടത്താം
Friday, October 26, 2018 3:19 PM IST
കാലത്തിന് മുന്‍പേ കുതിച്ചുപായുന്ന മനസും ശരീരവും ആണ് ഇന്നത്തെ യുവതലമുറക്കുള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യങ്ങളും ഉണ്ടെങ്കിലും എന്തൊക്കെയോ നഷ്ടമായ ആയ അവസ്ഥയിലാണവര്‍.

യൗവനം മാറ്റങ്ങളുടെ കാലമാണല്ലോ. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘവും. ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവും ബൗദ്ധികവുമായ മേഖലകളിലെല്ലാം അവര്‍ക്കു മാറ്റങ്ങള്‍ പ്രകടമാകുന്നു. ഒപ്പം സ്വാതന്ത്ര്യത്തിനുള്ള വാഞ്ഛയും കൂട്ടുകൂടുവാനും, സമൂഹത്തില്‍ മിന്നി തിളങ്ങുന്ന താര ങ്ങളായി ശോഭിക്കുവാനും നല്ല ഉദ്യോഗം ലഭിക്കുവാനും, നല്ല ജീവിത പങ്കാളിയെ നേടാനും ജീവിത ഭദ്രത കൈവരിക്കാനും എന്നുവേണ്ട, ആഗ്രഹങ്ങളുടെ ലിസ്റ്റ് നീളുകയാണ്. ഇവയെല്ലാം ഒരു സാധാരണ മനുഷ്യന് തോന്നാവുന്ന സ്വാഭാവികമായ ആഗ്രഹങ്ങള്‍ ആണ്. പക്ഷെ, ഈ ആഗ്രഹങ്ങള്‍ നേടിയെടുക്കുക എന്നത് വളരെ കഠിനമായ ഒരു തപസ് അനുഷ്ഠിക്കുന്നതുപോലെയാണ്. കാരണം മത്സരബുദ്ധി എല്ലാ മേഖലകളിലും വളരെ ശക്തമാണ്. ''സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്'' എന്ന ആശയം അനുസരിച്ച് പ്രതിസന്ധികളില്‍ തളരാതെ ധീരതയോടെ നേരിട്ട്, പ്രവര്‍ത്തന മേഖലകളില്‍ വിജയം വരിച്ച് ഉറച്ചു നില്‍ക്കുന്നവര്‍ക്ക് മാത്രമേ ശാശ്വതമായ നിലനില്‍പ്പ് സാധ്യമാകു.

പ്രശ്‌നങ്ങളുടെ കാലഘം

യുവത്വം പ്രശ്‌നങ്ങളുടെ കാലഘട്ടമാണ്. മാതാപിതാക്കളെക്കാള്‍ അറിവുള്ളവരാണ് ഞങ്ങള്‍, അതുകൊണ്ട് അവരോട് അഭിപ്രായം ചോദിക്കേണ്ട എന്ന ചിന്ത ചിലരില്‍ ഉണ്ടായേക്കാം. മക്കള്‍ വളര്‍ന്നുപോയി അവര്‍ തങ്ങളോട് സംസാരിക്കുന്നില്ല എന്ന് ചിന്തിക്കുന്ന മാതാപിതാക്കളും കാണും. ഇതെല്ലാം വളര്‍ച്ചയുടെ ഭാഗം മാത്രം. മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങള്‍ ഇവരുടെ ഉള്ളില്‍ ''ആക്റ്റീവ്'' ആണ്. പക്ഷെ സുഹൃത്തുക്കള്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ അതിനെതിരായി വരുമ്പോള്‍, ഏതു സ്വീകരിക്കണം എന്ന ഒരു സംശയ ചിന്ത അവര്‍ക്കുണ്ടാകുന്നു. അതുപോലെ തന്നെ വൈകാരികമായ അനേകം പ്രശ്‌നങ്ങളും യുവജനങ്ങളെ അലട്ടാറുണ്ട്. സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും പക്വത പ്രാപിക്കുവാനും അവര്‍ വളരെയധികം പരിശ്രമിക്കേണ്ടതായി വരും. ജീവിതം എന്നത് റോസാപ്പൂക്കളുടെ മെത്തയല്ലല്ലോ. ''തിന്നുക, കുടിക്കുക, ആനന്ദിക്കുക'' എന്ന ''എപ്പിക്യൂറിയന്‍'' ചിന്ത അനുസരിച്ച് ജീവിതം നയിക്കാന്‍ സാധ്യമാവില്ല. ജീവിതത്തില്‍ ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും എല്ലാം ഉണ്ടാവണം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യണം. പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിട്ട് ജീവിത മാകുന്ന കപ്പല്‍ ശാന്തമായി മുന്നോുകൊണ്ടുപോകുവാന്‍ പരിശ്രമിക്കണം.


മാധ്യമങ്ങളുടെ സ്വാധീനം

ഇക്കാലത്ത് യുവതലമുറയെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ നേട്ടങ്ങള്‍ ധാരാളമുണ്ട്. പഠനത്തിനും അറിവ് സമ്പാദനത്തിനും ഒക്കെ അത് ഉപകാരപ്രദമാണ്. അറിവുകളെ കൈവരിച്ച് അത് എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം സാമൂഹികവും, സാംസ്‌കാരികവുമായ എല്ലാ മൂല്യങ്ങളും പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങളെല്ലാം ഉണ്ടെങ്കിലും, മാധ്യമങ്ങളുടെ അമിത ഉപയോഗം ഇന്നത്തെ യുവതലമുറയെ ഒരു ഐസൊലേഷനിലേക്ക് നയിക്കുന്നു. ''ഞാനും എന്റെ മൊബൈലും'' എന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങുന്നു. ഏതുനേരവും മൊബൈലിലേക്ക് കണ്ണും നട്ട്, കൈവിരല്‍ കൊണ്ട് സ്‌ക്രീന്‍ ഇമേജുകള്‍ മാറ്റി മാറ്റി, ഫേസ്ബുക്കിനോടും, വാട്‌സാപ്പിനോടും ലോഹ്യം പറഞ്ഞു, ചുറ്റുപാ ടുകളെ മറന്ന്, സ്വന്തക്കാരെ മറന്ന്, ''മനുഷ്യന്‍ ഒരു സാമൂഹ്യജീവി'' എന്ന പദവി നഷ്ടമാക്കുന്നുവോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതുമൂലം ആരോഗ്യം നഷ്ടമാകുകയും, പകലിലെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുകയും ചെയ്യുന്നു.



സന്തോഷമായിരിക്കുക

ലോക ജനസംഖ്യയില്‍ ഭൂരിഭാഗവും യുവജനങ്ങളാണ്. നാളത്തെ ലോകത്തെ മുന്നോട്ടുനയിക്കാന്‍ വിദ്യാഭ്യാസവും, ആരോഗ്യവും, ഊര്‍ജവുമുള്ള യുവജനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഒരു വലിയമാറ്റത്തിന് നമുക്ക് തയാറാവാം. ജീവിത ശൈലിയിലും പ്രവര്‍ത്തന മേഖലകളിലും നല്ല മാറ്റങ്ങള്‍ വരുത്താം. നല്ല ചിന്തകള്‍ ഹൃദയത്തില്‍ സംഭരിച്ച് വയ്ക്കാം. അബ്ദുള്‍കലാം പറഞ്ഞത് പോലെ ''നല്ല സ്വപ്‌നങ്ങള്‍ കാണാം'' നന്മതിന്മകളെ വിവേചിച്ചറിഞ്ഞു നന്മ യെ മാത്രം സ്വീകരിക്കാം. കുടുംബത്തോടും സമൂഹത്തോടും, രാജ്യത്തോടുമുള്ള പ്രതിബദ്ധത നിറവേറ്റാം. നല്ല കണ്ണുകൊണ്ട് മറ്റുള്ളവരെ കാണാന്‍ ശ്രമിക്കാം. അവരിലെ നന്മയെ കണ്ടെത്താം.

ഏപ്പോഴും സന്തോഷമായിരിക്കുക. മറ്റുള്ളവരെ, നുടെ സാന്നിദ്ധ്യം കൊണ്ട് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. ജീവിതം ഒന്നേയുള്ളു, ഒന്നുമാത്രം.

സീനു ബിജേഷ്
സ്‌പെഷല്‍ എജ്യുക്കേറ്റര്‍, എം.ഡി കാര്‍മല്‍ വിദ്യാനികേതന്‍
സിബിഎസ്ഇ സ്‌കൂള്‍, കഞ്ഞിക്കുഴി, കോട്ടയം