സമൂഹമാധ്യമ നിയന്ത്രണം അനിവാര്യം
സമൂഹമാധ്യമ നിയന്ത്രണം അനിവാര്യം
Wednesday, August 22, 2018 4:27 PM IST
പത്താംക്ലാസ് വിദ്യാര്‍ഥിയായ ജീവന്‍ സെയില്‍സ്മാനായ ജോണിയുടെ മകനാണ്. ഇളയ സഹോദരിയും അപ്പനും അമ്മയും അടങ്ങുന്നതാണ് ജീവന്റെ കുടുംബം. ജീവന് ഒരു വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പത്താംക്ലാസില്‍ പ്രോജക്ടുകള്‍ ചെയ്യാന്‍ ഫോണ്‍ അനിവാര്യമാണെന്നും, അതു ഇല്ലാത്തതിനാലാണ് പഠനത്തില്‍ പിന്നോക്കം പോകുന്നതെന്നും അവന്‍ മാതാപിതാക്കളോടു പറഞ്ഞു. ഇതു കേട്ട് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ജോണി മകനു വാങ്ങിക്കൊടുത്തു. അത് അവനിഷ്ടപ്പെില്ല. ദിവസവും എന്തെങ്കിലും കാരണം പറഞ്ഞ് വഴക്കടിക്കും. പഠനത്തിലും വളരെ പിന്നോക്കമാകാന്‍ തുടങ്ങി.

ഒരു ദിവസം സന്ധ്യയായപ്പോള്‍ ജീവനെ അന്വേഷിച്ചു മൂന്നു പോലീസുകാര്‍ ജീപ്പില്‍ വീട്ടിലെത്തി. ഇതുകണ്ട് അയല്‍ക്കാര്‍ ഒരുമിച്ചുകൂടി. പെെട്ടന്ന് അമ്മ പിതാവിനെ ഫോണ്‍ ചെയ്തുവരുത്തി. അയാള്‍ക്ക് അറിയാവുന്ന പോലീസുകാരായിരുന്നു അത്. അവര്‍ രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിയശേഷം സ്റ്റേഷനിലേക്ക് മകനേയും കൂട്ടിവരാന്‍ പറഞ്ഞു. അതുകൊണ്ട് അവിടെ കൂടിയ നാട്ടുകാര്‍ക്ക് കാരണം മനസിലായില്ല.

സ്‌കൂളിനടുത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ടു പോയ ആളുടെ ഫോണ്‍ ജീവന്‍ മോഷ്ടിച്ചുവെന്നതായിരുന്നു പരാതി. അയാള്‍ നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് വന്ന് വണ്ടിയെടുത്തപ്പോഴാണ് വണ്ടിക്കുള്ളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം അറിയുന്നത്. ബസില്‍ കയറി പോകാനുള്ള തിരക്കില്‍ ഫോണ്‍ പുറത്തുനിന്ന് കാണാവുന്ന ഒരു സ്ഥലത്ത് വച്ചിട്ടാണ് പോയത്. പുറകിലെ ഒരു ഡോര്‍ ലോക്ക് ചെയ്തിരുന്നുമില്ല. ഫോണ്‍ നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോള്‍ അടുത്തുള്ള ഒരു കടക്കാരന്‍ ജീവന്‍ വണ്ടി തുറക്കുന്നത് കണ്ടതായി പറഞ്ഞു.

ആദ്യമൊക്കെ ജീവന്‍ കുറ്റം സമ്മതിച്ചില്ല. അമ്മാവന്‍ സമ്മാനം തന്നതാണെന്നു പറഞ്ഞു ജീവന്‍ സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവന്നിരുന്നുവെന്ന് ക്ലാസ്ടീച്ചറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ക്ലാസ് സമയത്ത് ഫോണില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും കൂട്ടുകാരെ കാണിച്ചിരുന്നു. ടീച്ചര്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ അശ്ലീലചിത്രങ്ങളും മറ്റും കൂുകാര്‍ക്കും കൈമാറിയതായും അറിയാന്‍ കഴിഞ്ഞു.

ഇത് നല്ലതിനല്ലെന്ന് ബോധ്യപ്പെടുത്തുക

കുട്ടികള്‍ മാധ്യമങ്ങളുടെ പിന്നാലെ ഭ്രാന്തമായി ഓടുന്ന ഒരുകാലഘട്ടമാണിത്. സ്‌കൂളില്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് പലരും മാതാപിതാക്കളെ സ്വാധീനിക്കുക. മൊബൈല്‍ ഫോണിന്റെ ആവശ്യം സ്‌കൂളില്‍ ഇല്ലെന്ന് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുക. കുട്ടികളുടെ മാനസികസാമൂഹ്യ വളര്‍ച്ചയുടെമേല്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ടു പ്രായാനുസൃതമായ മാധ്യമ ഉപയോഗം ക്രമീകരിക്കേണ്ടതുണ്ട്.

ടെലിവിഷന് നല്ലതും ചീത്തതുമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പ്രാകൃതമായ ക്രൂരത, അപക്വമായ ലൈംഗിക വിഷയങ്ങള്‍, അശ്ലീല സംഭാഷണങ്ങള്‍ ഇവ ഹാനികരമാണ്. ചില കുട്ടികള്‍ ടിവിക്ക് അടിമകളായിത്തീരുന്നതായി കാണാം. ഇക്കട്ടൂര്‍ പാതിരാത്രി വരെ ടിവി കാണും. ഇതില്‍ നിന്ന് ഒഴിവാകാന്‍ ആഗ്രഹിച്ചാലും സാധിക്കില്ല. ടിവി ഓഫ് ചെയ്യാന്‍ മുതിര്‍ന്നവര്‍ നിര്‍ദേശിച്ചാല്‍ അക്രമാസക്തരാകും. ഇത്തരം അടിമത്തം അപകടകരമാണ്.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിലും അടിമപ്പെടുന്നവരുണ്ട്. അഡിക്ഷനിലായിരിക്കുന്നവര്‍ ആരൊക്കെ നിയന്ത്രണിച്ചാലും അക്രമാസക്തരാകും. മദ്യം, മയക്കുമരുന്ന് ഇവയുടെ അടിമകള്‍ ചെയ്യുന്നതും ഇതു തന്നെയാണ്.

ശൈശവത്തിലേ ശ്രദ്ധിക്കണം

12 - 24 മാസം വരെയുള്ള കുട്ടികള്‍ക്ക് ടിവിവച്ച് കൊടുത്താല്‍ ചില ഭവിഷ്യത്തുകള്‍ സംഭവിക്കാം. അവരുടെ നിരന്തരമായ പരിസര നിരീക്ഷണവും, കളിപ്പാട്ടങ്ങളുമായുള്ള ഇടപെടലും മാതാപിതാക്കളുമായുള്ള അടുപ്പവും തടസപ്പെടും. മാതാപിതാക്കളുടെ ആശയവിനിമയ രീതി സ്വന്തമാക്കാന്‍ ടെലിവിഷന്‍ തടസമാകുന്നത് മൂലം കുട്ടികളുടെ ഭാഷ ആര്‍ജ്ജിക്കലില്‍ ടെലിവിഷന്റെ ഇടപെടല്‍ വൈകൃതങ്ങള്‍ സൃഷ്ടിക്കും.


അനുകരണ ശീലം

മാധ്യമങ്ങളുടെ സ്വാധീനം അത് ഉപയോഗിക്കുന്ന സമയത്തെക്കാളുപരി അതിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമായാണ്. മാധ്യമങ്ങളില്‍ കാണുന്ന വ്യക്തികളുടെ വികാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുട്ടികള്‍ ആ രീതികള്‍ അറിയാതെ സ്വന്തമാക്കും. നല്ലതായാലും ചീത്ത ആയാലും കുട്ടികളുടെ ഭയത്തിനും ആകുലതയ്ക്കും പ്രധാന കാരണമായി മാധ്യമങ്ങള്‍ ചൂണ്ടി കാണിക്കപ്പെടുന്നു. സീരിയലുകളും കടുത്ത വാര്‍ത്തകളും പ്രായത്തിനനുസരിച്ച് വ്യത്യസ്തമായ വൈകാരിക കോളിളക്കങ്ങള്‍ സൃഷിട്ക്കുന്നു. മാധ്യമങ്ങളിലെ ആക്രമണ പ്രവണത കുട്ടികളെ ആക്രമവാസനയ്ക്ക് പ്രേരണ നല്‍കാന്‍ കാരണമാകും. ആക്രമണ, ആധിപത്യ മനോഭാവങ്ങള്‍ വീഡിയോഗെയിമുകള്‍ വഴി കുട്ടികള്‍ ആര്‍ജ്ജിക്കുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ പരിപാടികളും നിഷ്‌ക്കളങ്ക നര്‍മ്മ പരിപാടികളും കാണുന്ന കുട്ടികളില്‍ ഗുണകരമായ പ്രേരണകളും അവരറിയാതെ തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ലിംഗം, വയസ്, യഥാര്‍ഥ്യബോധം ഇവയനുസരിച്ച് മാധ്യമസ്വാധീനത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകാം.



ദോഷങ്ങള്‍

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ മുന്‍പില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന കുട്ടികള്‍ക്ക് സമപ്രായക്കാരും മാതാപിതാക്കളും ചേര്‍ന്നുള്ള ഇടപെടലുകള്‍ക്ക് സമയം കിട്ടാതെ വരും. ഇതുമൂലം സമൂഹവല്‍ക്കരണം തീരെ ഇല്ലാതാകുന്നു. നേരിട്ടുള്ള സമ്പര്‍ക്കം തീരെയില്ലാത്ത ഇവര്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ പരാജിതരാകാനിടയുണ്ട്. പണ്ടുകാലങ്ങളില്‍ ഒന്നിച്ചുള്ള ചീട്ടുകളിയും കാരംസുകളിയും, ഒരുമിച്ചുള്ള ഭക്ഷണവും ദിനചര്യയുടെ ഭാഗമായിരുന്നു. ഇന്ന് ഓരോരുത്തരും ഓരോ മാധ്യമങ്ങളുമായി അവരവരുടെ ലോകത്ത് കഴിയുന്നു. ആശയവിനിമയവും, സ്‌നേഹ പ്രകടനവും വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കലും ഇല്ലാതായി. തന്മൂലം പലപ്പോഴും നിരാലംബതയും, ഏകാന്തതയും പരിത്യക്താവസ്ഥയും തീക്ഷണമായി അനുഭവപ്പെടുകയും പങ്കുവയ്ക്കാനാകാതെ ആത്മഹത്യയെ അവലംബിക്കുകയും ചെയ്യും.

മോഡിംഗിലൂടെയും ഓപ്പ്‌റാന്റ് കണ്ടീഷനിംഗിലൂടെയും കുട്ടികള്‍ അനാശാസ്യമായ പലപ്രവണതകളും സ്വന്തമാക്കാനിടയുണ്ട്. ഇന്റര്‍നെറ്റിലൂടെ അശ്ലീല ചാറ്റിംഗിനും ലൈംഗികതയുടെ തല്‍സമയ വീക്ഷണത്തിനുംവേണ്ടി ഒരാഴ്ച കൊണ്ടു ഒരുലക്ഷം രൂപ മുടക്കിയ യുവാവ് അടുത്തിടെ കൗണ്‍സലിംഗിന് എത്തി.

വീടിനുള്ളില്‍ സമൂഹമാധ്യമങ്ങളുമായി സ്വകാര്യതയില്‍ ഒതുങ്ങിക്കഴിയുന്ന കുട്ടികള്‍ക്ക് പ്രകൃതി അന്യമായിമാറും. പ്രകൃതിയോടു ചേര്‍ന്നിരിക്കാന്‍ അവസരം തേടാത്ത ഇന്നത്തെ കുട്ടികള്‍ക്ക് ഒരു മഴ നനഞ്ഞാല്‍ അസുഖം വരുന്നു. മാധ്യമങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന അവരുടെ കാഴ്ച, കേള്‍വിശക്തികള്‍ സാവധാനം കുറയുന്നതായും കാണാം. ഉറങ്ങുന്നതുപോലും ചെവിയില്‍ ഫോണ്‍ വച്ചുകൊണ്ടാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.

മാധ്യമങ്ങളുടെ നന്മയുള്‍ക്കൊള്ളാന്‍ വിവേകമുള്ള പ്രായമായാല്‍ അതു ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്. അതിന് പ്രായവും പക്വതയും ഉണ്ടാകണം. കുട്ടികള്‍ മാധ്യമ നിയന്ത്രണത്തില്‍ വളരണമെങ്കില്‍ മാതാപിതാക്കള്‍ നിയന്ത്രണമുള്ളവരായിരിക്കണം. അത്യാവശ്യത്തിനുമാത്രം മാധ്യമങ്ങള്‍ ഉപയോഗിച്ച് മാതൃകകാട്ടണം. മാധ്യമ ഉപയോഗത്തിന് സമയനിഷ്ഠ ഉണ്ടാകണം. എല്ലാവരും യോജിച്ച് തീരുമാനമെടുത്തു മാധ്യമ നിയന്ത്രണം പരസ്പര ആദരവോടെ കുടുംബത്തില്‍ നടപ്പാക്കണം. വഴക്കിടുന്നതിന്റെ പേരില്‍ മൊബൈല്‍ വാങ്ങിക്കൊടുക്കുന്ന പിതാവ് അതിലും വലിയവിപത്തിലേയ്ക്കാണ് കുട്ടിയെ വീഴാന്‍ അനുവദിക്കുന്നത് എന്ന് ഓര്‍ക്കണം.

ഡോ. പി.എംചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പാള്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍,
കാഞ്ഞിരപ്പള്ളി