മെട്രോയുടെ പുലിക്കുട്ടികൾ
എന്നെങ്കിലും ഒരിക്കൽ മെട്രോയിൽ ഒന്നു സഞ്ചരിക്കണമെന്നു മാത്രമേ കരുതിയിരുന്നുള്ളൂ...ഇത്ര പെട്ടെന്ന് അതു സാധ്യമാകുമെന്നോ മെട്രോയുടെ ഭാഗഭാക്കാകാൻ സാധിക്കുമെന്നോ കരുതിയിരുന്നില്ല.. ഇതു കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായി ജോലിനോക്കുന്ന കോട്ടയംകാരി വി.എസ്. നന്ദനയുടെയും കൊല്ലത്തുകാരി ഗോപിക സന്തോഷിെൻറയും വാക്കുകൾ. ഇവരുൾപ്പെടെ ഏഴു യുവതികളാണു ലോക്കോ പൈലറ്റുമാരായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലുള്ളത്. ഏതൊരു യുവാക്കളെയും പോലെ പഠനശേഷം നല്ലൊരു ജോലി വേണമെന്ന ആഗ്രഹം മനസിൽ വച്ചുപുലർത്തിയിരുന്നു ഇരുവരും. ആഗ്രഹം സഫലമായപ്പോഴാകട്ടെ അതു മറ്റുള്ളവർ അസൂയയോടെ നോക്കുന്ന തരത്തിലുള്ളതും.

പുലിയല്ല, സിംഹക്കുട്ടികൾ

മെട്രോ ട്രെയിൻ നിയന്ത്രിക്കുന്ന 39 അംഗ ലോക്കോ പൈലറ്റുമാരിൽ ഇവർ ഉൾപ്പെടെ ഏഴ് വനിതകളാണുള്ളത്. എല്ലാവിധ പരിശീലനവും ഭംഗിയായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റുകൾ നേടിയ ഇവരെ സ്റ്റേഷൻ കണ്‍ട്രോളർ/ഓപ്പറേറ്റർ എന്ന തസ്തികയിലാണു നിയമിച്ചിരിക്കുന്നത്. എൻജിനിയറിംഗ് ഡിപ്ലോമയായിരുന്നു അടിസ്ഥാന യോഗ്യത. കഐംആർഎൽ നടത്തിയ വിവിധ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി ഒരു വർഷം മുന്പേ പരിശീലനം തുടങ്ങി. 2016 മാർച്ച് 15 മുതൽ മൂന്നുമാസം ബംഗളൂരുവിൽ നടന്ന പരിശീലനത്തിനുശേഷം 2016 ജൂണ്‍ മുതൽ കൊച്ചി മെട്രോയുടെ ഭാഗമായി. കോംപിറ്റൻസി സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നതായിരുന്നു ആദ്യ കടന്പ. ഓരോരുത്തരും ഒറ്റയ്ക്കു മുട്ടം യാർഡിൽ 40 കിലോമീറ്റർ ദൂരവും മെട്രോ പാതയിൽ 400 കിലോമീറ്റർ ദൂരവും ട്രെയിൻ നിയന്ത്രിക്കണം. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇതെല്ലാം ഇരുവരും വിജയകരമായി പൂർത്തിയാക്കിയാണു ലോക്കോ പൈലറ്റുമാരുടെ സീറ്റിൽ ഇരിക്കുന്നത്. തീപിടിത്തം ഉണ്ടാകുക, യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുക, ട്രാക്കിലേക്ക് അപ്രതീക്ഷിതമായി ആരെങ്കിലും എടുത്തുചാടുക തുടങ്ങി പെട്ടെന്നുണ്ടാകുന്ന ഏതു പ്രതിസന്ധികളെയും നേരിടാനുള്ള പരിശീലനവും ഇവർക്കു ലഭിച്ചിട്ടുണ്ട്.

മറ്റുള്ള സ്ത്രീ രത്നങ്ങൾ

കൊല്ലംകാരായ സി. ഹിമ, രമ്യാ ദാസ്, തൃശൂർ സ്വദേശിനി കെ.ജി. നിധി, ചേർത്തലക്കാരി അഞ്ജു അശോകൻ, തിരുവനന്തപുരംകാരി ജെ.എച്ച്. അഞ്ജു എന്നിവരാണു മെട്രോയിലെ മറ്റുള്ള വനിതാ ലോക്കോ പൈലറ്റുമാർ. ഇവരുൾപ്പെടെ എല്ലാ ലോക്കോ പൈലറ്റുമാരും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. വിവിധയിടങ്ങളിലായി നടന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ മികവു പുലർത്തിയ ഇവരെ കഐംആർഎൽ നേരിട്ടു നിയമിക്കുകയായിരുന്നു. മലയാളം സംസാരിക്കാനും എഴുതാനും അറിയണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.

നാട്ടിലെ താരങ്ങളാണിവർ

കൊച്ചി മെട്രോയെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് കേട്ടിരുന്നെങ്കിലും അതിൽ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുമെന്ന് ഇവരാരും കരുതിയതല്ല. നിനച്ചിരിക്കാതെ അതു കൈവന്നപ്പോഴാകട്ടെ നാട്ടിലെ താരങ്ങളായി മാറി. പഠനകാലത്തു കണ്ടാൽ ചിരിക്കുകപോലും ചെയ്യാത്തവർ ഇപ്പോൾ പരിചയക്കാരായി. അവധിക്കു നാട്ടിലെത്തുന്പോൾ സ്നേഹാന്വേഷണം നടത്തുന്നരുടെ എണ്ണം കൂടിയതായും മെട്രോയെ നിയന്ത്രിക്കുന്നതു സംബന്ധിച്ച വിവരങ്ങളാണ് ഇവരിൽ ഏറെപ്പേർക്കും അറിയേണ്ടതെന്നും ഗോപിക പറയുന്നു. കോച്ചുകൾ നിയന്ത്രിക്കുന്നത് എങ്ങനെയെന്നും കോച്ചുകളുടെ വലിപ്പം, ഭംഗി, സീറ്റുകൾ, മറ്റു സംവിധാനങ്ങൾ തുടങ്ങി എല്ലാവിധ കാര്യങ്ങളും നാട്ടുകാർ ചോദിച്ചറിയുന്നവയിൽപ്പെടുന്നു. പല വഴിക്കു ചോദ്യങ്ങൾ എത്തുമെങ്കിലും ഇവർക്കെല്ലാംതന്നെ വ്യക്തമായ മറുപടി നൽകാൻ സമയം കണ്ടെത്താൻ ശ്രമിക്കുമെന്നും നാിലെ താരങ്ങൾ പറഞ്ഞു. മറ്റുള്ളവരുടെ തലയ്ക്കു മുകളിലൂടെ പറക്കുന്പോൾ അിമാനം തോന്നുന്നുവെന്നു വ്യക്തമാക്കിയ ഈ മിടുക്കികൾ വളരെ ചുരുക്കംപേർക്കു മാത്രം ലഭിക്കുന്ന സൗഭാഗ്യം തേടിയെത്തിയതിൽ ദൈവത്തിനു നന്ദി അർപ്പിക്കുകയുമാണ്.


സത്യത്തിൽ ലോക്കോ പൈലറ്റുമാരുടെ ആവശ്യമില്ല

പൈലറ്റുമാർ വിചാരിച്ചാൽ കൊച്ചി മെട്രോയിൽ ട്രെയിനുകളുടെ വേഗം കൂട്ടാനോ നിർത്താനോ സാധിക്കില്ലെന്നതാണു സത്യം. ആദ്യഘത്തിൽ മെട്രോയിൽ ഡ്രൈവർ ഉണ്ടാകുമെങ്കിലും പിന്നീട് ഡ്രൈവർമാർ ഇല്ലാതെ ഓടുന്നതായി മാറും. മണിക്കൂറിൽ 90 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ കഴിയുന്നതരത്തിലാണു സംവിധാനങ്ങൾ. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്‍ട്രോൾ സിസ്റ്റം (സിബിടിസി) എന്ന സംവിധാനമാണു കൊച്ചി മെട്രോയിൽ ട്രെയിൻ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ മെട്രോകളിൽ ആദ്യമായിാണ് ഈ സംവിധാനം. മുട്ടത്തെ മെട്രോ യാർഡിലെ മൂന്നു നിലകളുള്ള 44,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽനിന്നാണു കൊച്ചി മെട്രോയുടെ പൂർണനിയന്ത്രണം. മെട്രോയിലെ ഓരോ ചലനവും ഒസിസിയിൽ മുൻ നിശ്ചയപ്രകാരം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നു. ട്രെയിനുകളുടെ നിയന്ത്രണം മാത്രമല്ല, സ്റ്റേഷനുകളുടെ നിയന്ത്രണം അടക്കമുള്ള എല്ലാ കാര്യങ്ങളും ഈ വിദൂരനിയ ന്ത്രണ കേന്ദ്രത്തിലാണു നടക്കുന്നത്. കൊച്ചി മെട്രോ മണിക്കൂറിൽ 80 മുതൽ 90വരെ കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. ഇതുൾപ്പെടെ നിയന്ത്രിക്കുന്നത് ഈ സംവിധാനമാണ്. ഡ്രൈവർമാരുടെ ആവശ്യം ഇല്ലാതാകുന്പോൾ നിലവിൽ ലോക്കോ പൈലറ്റായി ജോലി നോക്കുന്ന ഇവരെയെല്ലാം മറ്റു ജോലികൾ ഏൽപിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

പേടിയല്ല, അഭിമാനം

നഗരത്തിെൻറ തലയ്ക്കു മീതെ മെട്രോയിലൂടെ പായുന്പോൾ മനസിൽ തോന്നുക അഭിമാനവും ആത്മസംതൃപ്തിയുമെന്നു ഗോപിക. പരീക്ഷണ സർവീസിെൻറ ഭാഗമായാണെങ്കിലും ഒരു ട്രെയിൻ നിയന്ത്രിക്കുകയെന്നതു നിസാര കാര്യമല്ല. ട്രെയിനിെൻറ ലോക്കോ പൈലറ്റുമാരെ മറ്റുള്ളവർ ഏറെ അസൂയയോടെയാണു നോക്കിക്കാണുന്നത് എന്നിരിക്കെ മെട്രോയുടെ ലോക്കോ പൈലറ്റുമാരുടെ അവസ്ഥ പറയുകയേ വേണ്ട. സർവീസു കഴിഞ്ഞു സ്റ്റേഷനിൽ തിരികെയെത്തുന്പോൾ സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾ അസൂയയോടെയാണ് ഇവരെ നോക്കുന്നത്. ഇവരിൽ ചിലരെങ്കിലും തമാശ രൂപേണ തങ്ങളെക്കൂടി പഠിപ്പിക്കുമോയെന്ന കാര്യവും തിരക്കുന്നു.

സാരഥ്യം കൂടുതൽ കൊല്ലത്തിന്

മെട്രോ ട്രെയിനിെൻറ ഡ്രൈവർ സീറ്റിൽ പെണ്ണഴകിെൻറ സിന്ദൂരതിലകം ചാർത്തുന്ന മിടുമിടുക്കികളിൽ സാരഥ്യം കൂടുതൽ കൊല്ലം ജില്ലയ്ക്ക്. ഗോപിക സന്തോഷ്, സി.ഹിമ, രമ്യ ദാസ് എന്നീ മൂന്നു പേരാണു കൊല്ലം ജില്ലയിൽനിന്നുള്ളത്. മൂന്നുപേരും ജോലിയിൽ സന്തോഷവതികളുമാണ്. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ആദ്യ വനിതാ ട്രെയിൻ ഓപ്പറേറ്റർമാരുടെ കൂട്ടത്തിൽപ്പെട്ടതു മാത്രമല്ല, ഏഴു പേരിൽ മൂന്നു പേരെന്ന ഭൂരിപക്ഷവുമായി കൊല്ലത്തിെൻറ പെണ്‍പെരുമയുടെ കൊടിയടയാളമാകാൻ കഴിഞ്ഞതിെൻറ ത്രില്ലും ഇവരിൽ പ്രകടം. മണിക്കൂറിൽ 75 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇവർ ട്രെയിൻ ഓടിക്കും. മെട്രോ കുതിച്ചു തുടങ്ങുന്പോൾ തങ്ങളുടെ കരിയറും പാളം തെറ്റാതെ കുതിക്കുമെന്ന സ്വപ്നത്തിലാണു കൊല്ലത്തിെൻറ ഈ പെണ്‍പുലികൾ.

എല്ലാവരും സംതൃപ്തർ

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റുമാരായി തെരഞ്ഞെടുക്കപ്പെവരെല്ലാം ജോലി നോക്കുന്നുണ്ട്. വിവിധ ഘങ്ങളിലായി എട്ടു മണിക്കൂർ നേരമാണ് ട്രെയിനുകൾ നിയന്ത്രിക്കുന്നത്.

റോബിൻ ജോർജ്
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ